Sunday, October 15, 2017

മലയിടുക്കിലെ അത്ഭുതവും പാതാളത്തിലെ വിസ്മയവും

'എടിയേ എല്ലാരും മൂന്നാറും ഊട്ടിയും കുളു മണാലിയുമൊക്കെയാണ് പോകുന്നത്. ഇതിപ്പോ കാടും മലയുമൊക്കെയാണ്. പോരാത്തതിന് നല്ല ചൂടും.'-
കേള്‍ക്കുന്നവര്‍ക്ക് ഒരു 'നിരുത്സാഹപ്പെടുത്തലിന്റെ' മണമടിക്കുമെങ്കിലും അവള്‍ക്കതിലൊന്നും ഒരു കുലുക്കവുമില്ല. അവളെപ്പോഴേ റെഡി. പറഞ്ഞുവരുന്നത് കല്യാണത്തിന് ശേഷമുള്ള ഒരു 'ചെറിയ' യാത്രയെ കുറിച്ചാണ്. കല്യാണത്തിന് മുന്‍പും യാത്രകളില്‍ കൂടുതലും കാടും പുഴയും മലയുമൊക്കെ തന്നെയായിരുന്നു. അതൊക്കെ സുന്ദരമാക്കാന്‍ ഒപ്പം ഒരു ലോഡ് കൂട്ടുകാരും. കല്യാണത്തിന് ശേഷമുള്ള കണക്ക് പരിശോധിച്ചാല്‍ ആകെ യാത്രകള്‍ 'രണ്ട്'. അതിലൊന്ന് ഫാമിലി ട്രിപ്പ് ടു കന്യാകുമാരി (ക്ലീഷേ..!). കാട് പിന്നെയും വിളിച്ചപ്പോള്‍ കൂട്ടുകാരോടൊപ്പം രണ്ടാമത്തെ യാത്ര. അങ്ങനെ അവളും കൂട്ടുകാരും തമ്മില്‍ യാത്രയുടെ കാര്യത്തില്‍ 1-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൂന്നാമത്തെ യാത്രയുടെ വിത്ത് മുളയ്ക്കുന്നത്. ഹൃദയമിത്രവും(Chunk Bro) സര്‍വ്വോപരി സ്ഥിരം ടൂര്‍ കോ-ഓഡിനേറ്ററുമായ നിതേഷ് അടുത്ത യാത്രയെ കുറിച്ച് വാചാലനായി. തമിഴ്‌നാട്-ആന്ധ്രാപ്രദേശ്-കര്‍ണ്ണാടക വഴി തിരിച്ച് കേരളം, അതായിരുന്നു അവന്‍ മനസ്സില്‍ കണ്ട മാസ്റ്റര്‍ പ്ലാന്‍. പോകുന്ന സ്ഥലങ്ങളും വ്യക്തമാക്കി. അധികം 'ലോകപരിചയം' ഇല്ലാത്ത ഞാന്‍ അക്കൂട്ടത്തില്‍ ഹംപി മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.(ലവന്‍ ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നോ ആവോ..)
ഇനി വെള്ളമൊഴിക്കുന്ന പരിപാടിയാണ്. അതായത് യാത്രയ്ക്കുള്ള ആളെ കൂട്ടല്‍. സെപ്തംബര്‍ 20 വൈകുന്നേരം യാത്ര തിരിച്ച് 25 ന് മടങ്ങി വരാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ സ്ഥിരം യാത്രകളിലെ തലകളൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറി (നിന്നെയൊക്കെ ഞങ്ങള്‍ എടുത്തോളാം..ട്ടാ). കഴിഞ്ഞ യാത്ര മുതല്‍ അഡ്മിഷന്‍ എടുത്ത് കൂടെ കൂടിയ അമല്‍ മാത്രമാണ് 'ഞാന്‍ വരും അണ്ണാ' - എന്ന ഉറപ്പ് തന്നത്. അങ്ങനെ ആകെ മൊത്തം യാത്രയ്ക്ക് ഞങ്ങള്‍ മൂന്ന് പേര്‍. 'സാമ്പത്തികം' ഒരു പ്രധാന ഘടകമായതുകൊണ്ട് യാത്ര ട്രെയിനിലും ബസ്സിലുമൊക്കെ ആകാമെന്ന് കരുതി. മൂന്ന് പേരല്ലേ ഉള്ളൂ. എന്തിന് ആര്‍ഭാടം..!
അങ്ങനെ കാര്യങ്ങള്‍ പെക്കോണ്ടിരുന്ന സമയത്താണ് യാത്രയുടെ കാര്യം ഞാന്‍ എന്റെ പാതിയോട് പറയുന്നത്.
'എടിയേ ലവനൊരു യാത്രയെപ്പറ്റി പറയുന്നു. അമല്‍ മാത്രമെ ഉള്ളൂവെന്ന്...'
'ദേ മനുഷ്യാ നിങ്ങളെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കൂട്ടുകാര് വാനരന്മാരുമൊത്തൊരു ഊരുത്തെണ്ടല്‍ കഴിഞ്ഞിട്ട് ഒരു മാസമായില്ലല്ലോ.? അങ്ങനെയാണെങ്കി ഞാനെന്റെ വീട്ടില്‍ പോയി നിന്നോളാം..അല്ല പിന്നെ' - ഇത്യാദി ഡയലോഗുകളാണ് ഞാന്‍ അവളില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും അതൊന്നും തന്നെയുണ്ടായില്ല (വെറുതെ പേടിച്ചു. ഓള് പാവാണെന്നേ.)
'അല്ല.. എങ്ങോട്ടാണ് യാത്ര?' - അവളുടെ ചോദ്യം.
'അത് പിന്നെ.. ഹംപി.'
'ഹംപിയോ. ഞാനും വരുന്നു. ങാ.. ' അവളേംകൊണ്ട് പോകാതെ ഇവിടുന്ന് ഇറങ്ങിയാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നൊരു ഭീക്ഷണി ഉണ്ടായിരുന്നോ അതില്‍.. ഏയ്.. ഇല്ല.
അവള്‍ ഉറപ്പിച്ച മട്ടാണ്. അവള്‍ക്കും വരണം. അവളെ കൂട്ടാതെ പോകാന്‍ പറ്റില്ല എന്ന് എനിക്കും നല്ല ഉറപ്പായിരുന്നു. കാരണം ആ സ്ഥലം തന്നെ, ഹംപി. പ്രേമിച്ച് നടന്ന സമയത്തൊക്കെ എത്രയോ തവണ പോകേണ്ടുന്ന സ്ഥലങ്ങളുടെയൊക്കെ ലിസ്റ്റ് എടുത്തപ്പോള്‍ ഹംപി എന്ന പേര് കടന്നു കൂടിയിട്ടുണ്ട്. ആ പേര് എനിക്കത്ര പരിചിതമാകാനും അത് തന്നെ കാരണം.
അവന്‍മാര്‍ക്കും പരാതിയൊന്നുമില്ല. അങ്ങനെ യാത്ര തുടങ്ങുകയാണ്. അവളും കൂടി സംഘത്തില്‍ ചേര്‍ന്നതോടെ യാത്ര കാറിലാക്കാന്‍ അടിയന്തിര പി.ബി തീരുമാനത്തിലെത്തി.
സെപ്തംബര്‍ 20 വൈകുന്നേരം 5 മണിയ്ക്കായിരുന്നു ഞങ്ങളുടെ 'ചരിത്ര' യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്താണെന്നറിയില്ല, ഞാനും അവളും പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ റെഡിയായി.രാത്രി കഴിക്കാനുള്ള ചപ്പാത്തി റെഡിയാക്കാന്‍ വേണ്ടിയാണ് കുറച്ച് സമയം പോയത് (അമ്മയ്ക്ക് പ്രത്യേകം നന്ദി). നിതേഷും പതിവ് തെറ്റിക്കാതെ പറഞ്ഞ സമയത്ത് തന്നെയെത്തി. പാര്‍ട്ടി കമ്മറ്റിക്ക് പോയ സഖാവിനെ മാത്രം കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ കമ്മറ്റി ഒരു വഴിക്കാക്കി അമലും കൂടി എത്തിയതോടെ അര മണിക്കൂര്‍ വൈകി വണ്ടി ഓടി തുടങ്ങി.
രാത്രിയിലെ യാത്ര ഒഴിവാക്കാന്‍ അന്ന് രാത്രി സേലത്തായിരുന്നു തങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഗൂഗിള്‍ മാപ്പിന്റെ കണക്ക്കൂട്ടലുകള്‍ പ്രകാരം യാത്രതുടങ്ങിയ കുണ്ടറയില്‍ നിന്ന് സേലം വരെ എത്താന്‍ 8 മണിക്കൂറിലധികം സമയമാണ് വേണ്ടത്. 'തെന്മല' കടന്നുപോകുമ്പോള്‍ അവള്‍ എന്നെയൊന്ന് നോക്കി. എനിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒര് ഒന്നൊന്നര നോട്ടം! (കല്യാണം കഴിഞ്ഞ് അഞ്ച് മാസം ആകാറായി. എന്നിട്ടും അടുത്തുള്ള തെന്മലവരെപ്പോലും കൊണ്ട് പോയില്ലല്ലോ ദുഷ്ടാ.. എന്നല്ലേ ആ നോട്ടത്തിന് അര്‍ത്ഥം.. ആവോ.)
രാജപാളയത്തിന് മുന്‍പൊരു വഴി വക്കില്‍ അത്താഴത്തിനായി വണ്ടി നിര്‍ത്തി. ചപ്പാത്തിയും നിതേഷ് കൊണ്ട് വന്ന മുട്ട റോസ്റ്റും കൂട്ടി ഒരു പിടി പിടിച്ചു. കുറച്ച് കരിഞ്ഞെങ്കിലും കറി സൂപ്പറായിരുന്നു. ഗൂഗിള്‍ ചേച്ചി പറഞ്ഞ സമയത്തിനേക്കാളും കുറച്ച് നേരത്തെ തന്നെ ഞ്ങ്ങള്‍ സേലത്തെത്തി. സമയം കൃത്യം 1 മണി. അടുത്ത ദിവസം യാത്ര ആന്ധ്രയിലേക്കാണ്. രാവിലെ തന്നെ യാത്ര തുടങ്ങേണ്ടി വരും. കാലത്തെ 6 മണിക്ക് തന്നെ റെഡിയായിക്കോളാന്‍ കോ-ഓര്‍ഡിനേറ്ററുടെ അറിയിപ്പ് വന്നു. 'നീയൊക്കെ റെഡിയാകാനാണോടെയ്..' എന്നൊരു ഭാവം അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ലേ. എന്നാലും അതൊരു വെല്ലുവിളിയായി തന്നെ ഞാനും അവളും ഏറ്റെടുത്തു. അത്ര കൊള്ളിലല്ലോ..
അടുത്ത ദിവസം. 6 മണിക്ക് മുന്നേ ഞങ്ങള്‍ റെഡിയായി. അവന്‍മാര്‍ രണ്ടും ശരിക്കും ഞെട്ടിയിട്ടുണ്ടാകണം. അങ്ങനെ സേലത്തോട് വിടചൊല്ലി ആദ്യ സന്ദര്‍ശന സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ ഗണ്ടികോട്ടയായിരുന്നു ലക്ഷ്യ സ്ഥാനം. ആദ്യമായാണ് അങ്ങനെയൊരു സ്ഥലത്തെപറ്റി ഞാന്‍ കേള്‍ക്കുന്നത്. ഇന്ത്യയിലെ 'ഗ്രാന്റ് കാന്യന്‍' ആണത്രേ. അതെന്തൂട്ടാണ്..! അമേരിക്കയിലെ ആ വലിയ മലയിടുക്കിനെ പറ്റി നിതേഷ് പറഞ്ഞു തുടങ്ങി. കൊളറാഡോ നദിയൊഴുകുന്ന ആ ദൃശ്യങ്ങള്‍ ഗൂഗിള്‍ കാണിച്ച് തന്നപ്പോള്‍ ശരിക്കും അതിശയം. ശങ്കര്‍ സാറിന്റെ 'ജീന്‍സ്' സിനിമയില്‍ ഒര് പാട്ടില്‍ ആ സ്ഥലം കാണിക്കുന്നുണ്ടത്രേ. അവളാണ് ആ അറിവ് പങ്കുവെച്ചത്. ശ്ശെടാ.. അപ്പോള്‍ എനിക്ക് മാത്രമേ ഇതിനെപ്പറ്റിയൊന്നും വല്യ പിടിയില്ലാതുള്ളൂ. അപ്പോള്‍ അതുപോലൊരു അത്ഭുതം നമ്മുടെ നാട്ടിലുണ്ടായിട്ട് ഒന്ന് കണ്ടിരിക്കണമല്ലോ.
ബാഗ്ലൂര്‍ വഴി തിരക്കായിരിക്കും എന്ന് അനുമാനിച്ച് യാത്ര കുപ്പം വഴിയാക്കി. കുറച്ച് കിലോ മീറ്റര്‍ അധികം ഓടേണ്ടി വരും. ബാക്കിയുണ്ടായിരുന്ന ചപ്പാത്തി ജാമും കൂട്ടി തിന്ന് കാലത്തെ വിശപ്പിന് ഒരു താല്‍കാലിക നടപടിയുണ്ടാക്കി (ചെലവ് കുറയ്ക്കണമല്ലോ.. ഏത്..). നാ്ന്നൂറ്റി നാല്‍പത് കി.മീ അതായത് ഏകദേശം ഒമ്പത് മണിക്കൂറിലേറെ സമയം വേണം ഗണ്ടികോട്ടയിലെത്താന്‍.
ആദ്യമായിട്ടാണ് ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെ ഏഴാമത്തെ വലിയ സംസ്ഥാനമെന്ന് പദവി അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഞങ്ങള്‍ പൊക്കോണ്ടിരുന്ന ഓരോ വഴികളും. റോഡിന് ഇരുവശങ്ങളിലുമായി കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍ കാണാം. കൂടുതലും നെല്ലും ചോളവുമൊക്കെ തന്നെ. ആന്ധ്രാപ്രദേശിന്റെ വിശേഷണം ഇന്ത്യയുടെ നെല്ലറ എന്നാണത്രേ (പി.എസ്.സി പഠുത്തക്കാര്‍ കാറിലുള്ളത് മറ്റൊരാശ്വാസം). ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് ഗണ്ടികോട്ട ഗ്രാമം. ഗണ്ടി(Gandi) എന്ന തെലുഗു വാക്കിന്റെ അര്‍ത്ഥം മലയിടുക്ക് എന്ന് തന്നെയാണ്. പെന്നാര്‍(Pennar) നദിയുടെ തീര പ്രദേശമാണവിടം. ഉച്ചയ്ക്ക് 1 മണിയോടെ ഞങ്ങള്‍ ഗണ്ടികോട്ടയിലെത്തി. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഹരിത' ഹോട്ടലാണ് താമസത്തിനായി തെരഞ്ഞെടുത്തത്. ആ പ്രദേശത്ത് ആകെയുള്ള ഒരു താമസസ്ഥലവും അത് തന്നെയാണ്. വലിയ ഒരു കോട്ടയുടെ പ്രതീതി ഉളവാക്കുന്നതായിരുന്നു ഹോട്ടലിന്റെ രൂപവും. ഞങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവിടുത്തെ ജീവനക്കാര്‍ പുറത്തും വരാന്തയിലുമായി സുഖനിദ്രയിലായിരുന്നു. റെസ്റ്റോറന്റിനുള്ളില്‍ ചെന്ന് പ്രധാന നടത്തിപ്പുക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ പറയുന്ന തെലുഗു ഒരു പിടിയും തരുന്നില്ല. രാജമൗലി പടങ്ങള്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ ആ ഭാഷയോട്. ആ എന്നോടോ ബാലാ..
വരാന്തയില്‍ കിടന്നുറങ്ങിയ ജീവനക്കാരനോട് അയാള്‍ ഞങ്ങള്‍ക്ക് താമസിക്കേണ്ടുന്ന മുറി വൃത്തിയാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി (?). സ്വാഭാവികമായും അടുത്ത ലക്ഷ്യം രാവിലെ മുതലുള്ള വിശപ്പിന് ഒരു തീരുമാനമുണ്ടാക്കുക എന്നതായിരുന്നു. അവിടെ കഴിക്കാന്‍ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടായിരുന്നു. ആശ്വാസമായി. നല്ല ഒന്നാംതരം ഭക്ഷണം. വയറിനൊപ്പം മനസ്സും നിറച്ചു.
പുറത്ത് വെയില്‍ കലുഷിതമായതുകൊണ്ട് വൈകുന്നേരം വരെ വിശ്രമിക്കുക മാത്രമേ വഴിയുള്ളൂ. വെയിലൊന്ന് അടങ്ങിയപ്പോള്‍, ഒര് നാല് മണിയൊക്കെ കഴിഞ്ഞ് പന്നാറിന്റെ തീരത്തെ അത്ഭുതം കാണാന്‍ ഇറങ്ങി. ഹോട്ടലില്‍ നിന്ന് അധിക ദൂരമില്ല. വലിയ കല്ലുകള്‍കൊണ്ട് തീര്‍ത്ത കോട്ടമതില്‍ ദൂരെ നിന്ന് തന്നെ കാഴ്ചയിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മതിലിന് അരികിലായി രണ്ട് തൂണുകള്‍ നിലയുറപ്പിച്ചിരുന്നു. അതിന് മധ്യേ ഞങ്ങളുടെ 'രഥ'ത്തിന് കടന്നുപോകാന്‍ ധാരാളം സ്ഥലമുണ്ട. കോട്ടയുടെ ഭൂതകാലം വിളിച്ചറിയിക്കുന്ന ബോര്‍ഡ് മുന്നില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. AD 13-ാം നൂറ്റാണ്ടില്‍ പണിഞ്ഞ കോട്ടയാണ് കണ്‍ മുന്നില്‍ തലയെടുപ്പോടെ പ്രതാപത്തോടെ നില്‍ക്കുന്നത്. നാല്‍പതടിയോളം പൊക്കമുള്ള കവാടം കടന്നാണ് അകത്തേക്കുള്ള യാത്ര. അത്രതന്നെ ഉയരത്തിലുള്ള നൂറ്റിയൊന്നോളം കോട്ട മേടകളാണ് ചുറ്റിനും. ഫ്രഞ്ച് സഞ്ചാരികള്‍ ഇവിടം വിശേഷിപ്പിച്ചത് രണ്ടാം ഹംപി എന്നത്രേ. എന്താല്ലേ..
(Gandikota Entrance)
Photo © Nithesh Suresh
കാറ് പൊയ്‌ക്കോണ്ടിരുന്ന വഴിക്ക് ചുറ്റും ചെറിയ കുടിലുകളാണ്. ഗണ്ടികോട്ട ഗ്രാമത്തിലെ താമസക്കാരാണ്. കന്നുകാലികളും കോഴി വളര്‍ത്തലുമൊക്കെയാണ് അവരുടെ ഉപജീവനമാര്‍ഗ്ഗം. വീടുകള്‍ കടന്നു ചെല്ലുമ്പോള്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമായി. ഞങ്ങള്‍ക്ക് മുന്‍പ് തന്നെ കുറച്ച് സഞ്ചാരികള്‍ അന്നവിടെ എത്തിയിട്ടുണ്ട്. വലതു വശത്തായി കോട്ടയ്ക്കകത്തേക്കുള്ള പ്രധാന കവാടവും ഇടത് വശത്ത് ഒരു മുസ്ലീം പള്ളിയുമാണ്- ജാമിയ മസ്ജിദ്. കോട്ടയ്ക്കുള്ളില്‍ രണ്ട് അമ്പലങ്ങളാണുള്ളത്. രംഗനാഥ സ്വാമി ടെമ്പിളും മാധവരായ സ്വാമി ടെമ്പിളും (പഴയ കാലത്തെ മതമൈത്രിയായിരുന്നു മതമൈത്രി). വഴിയില്‍ പ്രായം ചെന്ന രണ്ട് മൂന്ന് കച്ചവടക്കാര്‍ ഇരിപ്പുണ്ട്. കപ്പലണ്ടിയും കടലയുമൊക്കെ വില്‍ക്കുന്നവര്‍. പുരാതന കാലത്തെ കരവിരുത് വലിയ വിസ്മയമായി മുന്നില്‍ തെളിഞ്ഞു. അധികം കൊത്തുപണികളൊന്നും ഇല്ലാതിരുന്നിട്ട് കൂടി ആ പഴയ ശേഷിപ്പുകള്‍ തലയെടുപ്പൊട്ടും പോകാതെ നില്‍പ്പുണ്ടായിരുന്നു. അകത്തൊരു ജയിലും ധാന്യപ്പുരയുമുണ്ട്. കെട്ടിടത്തിന്റെ പലയിടത്തും മോടിപ്പിടിക്കല്‍ നടക്കുന്നതിന്റെ സൂചനകള്‍ കാണാം. ഇപ്പോള്‍ പ്രവേശന ഫീസോ കാവല്‍ക്കാരോ അവിടെയില്ല. അകത്തെ അമ്പലങ്ങളിലൊന്നും പൂജയൊന്നും നടക്കുന്നതിന്റെ ലക്ഷണങ്ങളുമില്ല. രംഗനാഥ സ്വാമി ടെമ്പിളിന്റെ ചുറ്റുമതിലിന് മുകളില്‍ കയറി നിന്നാല്‍ മലയിടുക്കിലെ 'അത്ഭുതത്തിന്റെ' വിദൂര ദൃശ്യം കാണാം. കുറച്ച് ഫോട്ടോസ് എടുത്ത് അതിനടുത്തേക്ക് നടത്തം തുടര്‍ന്നു. ഞ്ങ്ങള്‍ക്ക് മുന്‍പേ വന്ന് സന്ദര്‍ശകരില്‍ ബഹുഭൂരിപക്ഷവും അമ്പലം വരെ വന്ന് തിരിച്ചു പോകുകയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് താഴേക്ക് യാത്ര തുടരുന്നത്.
Jamia Masjid, Gandikota
Photo © Nithesh Suresh
മുന്നില്‍ പാറക്കെട്ടുകളാണ്. കുറച്ച് സൂക്ഷിച്ചു വേണം മുന്നോട്ടുള്ള യാത്ര. വഴിയവസാനിക്കുന്നിടത്ത്, പാറക്കെട്ടിനു മുകളിലെത്തുമ്പോള്‍ രണ്ട് മലകള്‍ക്കിടയില്‍ പന്നാര്‍ നദി സുന്ദരിയായി ഒഴുകുന്നു. ഇത്ര കൃത്യമായി പ്രകൃതി എങ്ങനെയാണ് ആ പാറകൂട്ടങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. രണ്ട് മലകള്‍ക്കിടയില്‍ മുന്നൂറ് അടിയോളം ദൂരമുണ്ടത്രേ. ഇതിനടുത്തായുള്ള കോട്ട മേടകള്‍ പലതും കുറേയേറെ നശിച്ചു പോയിട്ടുണ്ട്. ഞങ്ങള്‍ക്ക് മുന്നേ പോയ നിതേഷും അമലും വഴിയില്‍ വെച്ചു കണ്ട് ഒരു ആട്ടിടയനോട് സംസാരിച്ച കഥ തിരിച്ചു വന്നപ്പോള്‍ വിവരിച്ചു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് കുറച്ച് കൂടി താഴേക്ക് നടന്നാല്‍ ഒരു വലിയ ഗുഹയുടെ അരികിലെത്തുമത്രേ. കോട്ട മൊത്തത്തില്‍ നാല് കിലോമീറ്ററാണ്. അമ്പോ..! രാജമൗലിയുടെ 'മര്യാദരാമണ്ണ' സിനിമയുടെ അവസാനരംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. അവസാനം ഒരു കാര്യം കൂടി അണ്ണന്‍ പറഞ്ഞു. അധികം ഇവിടെ ചുറ്റി തിരിയണ്ട.. 'സിരുത്തൈ' ഉണ്ടത്രേ..!!അള്ളാ ..നമ്മടെ പുള്ളിപ്പുലി..!!
Way to "The Grand Canyon of India"
Photo © Nithesh Suresh
സൂര്യന്‍ മേഘത്തിലൊളിച്ചുകളിച്ചതുകൊണ്ട് സൂര്യസ്തമയം കാണുക എന്ന ഞങ്ങളുടെ മോഹം നടന്നില്ല. തിരിച്ച് റൂമിലെത്തി. ആന്ധ്രയിലെ 'ഫുല്‍ക'യും കഴിച്ച് സുഖമായി ഉറങ്ങി.
Gandikota, The Grand Canyon of India
Photo © Nithesh Suresh
അടുത്ത ദിവസത്തെ പ്രധാന ലക്ഷ്യം സൂര്യോദയം കാണുക എന്നതായിരുന്നു. കാലത്തെ അഞ്ച് മണി കഴിഞ്ഞ് ഇറങ്ങണം. അവള്‍ കുറച്ച് മടിച്ചു. എങ്കിലും വിളിച്ചുണര്‍ത്തി ഉദയം കാണാന്‍ പുറപ്പെട്ടു. ഗ്രാമം ഞങ്ങള്‍ എത്തുന്നതിന് വളരെ നേരത്തെ തന്നെ ഉണര്‍ന്നിരിക്കുന്നു. വഴിയില്‍ ആള്‍ക്കാര്‍ പശുവിനെ കറക്കുന്നു. പലയിടത്തും കന്നുകാലികള്‍ വഴി തടയല്‍ നടത്തി. ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത് മലയിടുക്കിനരികിലേക്ക് നടന്നു തുടങ്ങി. ഇരുട്ട്.. കൊറേ ഇരുട്ട് - അതായിരുന്നു അവസ്ഥ. മൊബൈല്‍ ടോര്‍ച്ച് വഴികാട്ടിയായി. കിറുക്ക് പിടിച്ച ഞങ്ങള്‍ നാലുപേരുമല്ലാതെ അവിടെയൊന്നും ഒറ്റ മനുഷ്യരില്ല. ദൂരെയപ്പോള്‍ കേട്ട ശബ്ദം പുലിയുടേതായിരിക്കില്ല എന്ന് ഞങ്ങള്‍ ആശ്വസിച്ചു. ഓരോ പാറയിലും സൂക്ഷിച്ച് കാല്‍വെച്ച് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. ഇത്തവണ സൂര്യന്‍ ചതിച്ചില്ല. സൂര്യരശ്മിയില്‍ പ്രകൃതി തീര്‍ത്ത മനോഹരമായ ക്യാന്‍വാസ് കണ്‍മുന്നില്‍ തെളിഞ്ഞു തുടങ്ങി. വാക്കുകള്‍കൊണ്ട് ആ കാഴ്ച വിവരിക്കുന്ന അസാധ്യം. മടി പിടിച്ചുകിടന്നവള്‍ ആര്‍ത്തിയോടെ കാഴ്ച കണ്ടു. ജീവിതത്തിലെ മനോഹരമായ ഒരു സുപ്രഭാതം. ആവശ്യത്തിലേറെ ദൃശ്യങ്ങള്‍ പകര്‍ത്തി ക്യാമറയുടേയും വിശപ്പടക്കി ഞങ്ങള്‍ തിരിച്ച് റൂമിലെത്തി. 8 മണിയോടെ 'പൊങ്കലും' കഴിച്ച് ഗണ്ടികോട്ടയോട് വിടചൊല്ലി അടുത്ത് സ്ഥലത്തേക്ക് യാത്രയായി.
(Sunrise @ Gandikota)
Photo © Nithesh Suresh
60 കിലോമീറ്ററുകള്‍ക്കപ്പുറം ഞങ്ങളേയും കാത്ത് മറ്റൊരു അത്ഭുതം ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹ, ബേലും ഗുഹകള്‍(Belum Caves). ഗുഹയെന്ന് കേള്‍ക്കുമ്പോള്‍ മല തുരന്ന് വെച്ചൊരു സങ്കല്‍പ്പമായിരുന്നു മനസ്സില്‍ (അല്‍പജ്ഞാനം എന്നും പറയാം). 9.30 ന് സ്ഥനത്തെത്തിയെങ്കിലും പ്രവേശനം പത്ത്‌ മണിമുതലേ ഉള്ളൂ. ജി. എസ്. ടി കൂടി ചേര്‍ത്ത് ഒരാള്‍ക്ക് 65 രൂപയാണ് പ്രവേശന ഫീസ്. വലിയൊരു ബുദ്ധപ്രതിമ മലയ്ക്കരികിലായി ഞങ്ങളെ സ്വാഗതം ചെയ്ത് നില്‍പ്പുണ്ടായിരുന്നു. Belum Caves എന്ന് വെണ്ടയ്ക്കാ
വലുപ്പത്തില്‍ പ്രതിമയ്ക്ക് പിന്നിലുള്ള മലയ്ക്കു മുകളില്‍ എഴുതിയിരിക്കുന്നു. ഇനി ആ മലയിലാണോ ഗുഹ..? ആര്‍ക്കും ഒരു പിടിയുമില്ല. എന്‍ട്രന്‍സ് എന്നും പറഞ്ഞ് മുന്നിലേക്കുള്ള അടയാളത്തിനപ്പുറത്തേക്ക് പുറത്തു നിന്ന് നോക്കുമ്പോള്‍ ഗുഹപോയിട്ട് ഒരു കുഴിപ്പോലും കാണാനില്ലായിരുന്നു. ഇവന്‍മാര്‍ എവിടെയാണ് ഗുഹ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്..? ആവോ.. പത്ത് മണി ആയപ്പോഴേക്കും കുറച്ച് സന്ദര്‍ശകര്‍ കൂടി എത്തി. അകത്തേക്ക് കയറ്റി തുടങ്ങി. മുന്നോട്ട് നടന്നപ്പോള്‍ താഴേക്ക് ഇറങ്ങാനുള്ള പടികള്‍ കണ്ട് തുടങ്ങി. ടിക്കറ്റ് പരിശോധന കഴിഞ്ഞ് ഞങ്ങള്‍ പടികളിറങ്ങി. ഇതിപ്പോ എന്താ കഥ.. ഗുഹ ഭൂമിക്കടിയിലാണ്. പുറത്തു കണ്ടതിനേക്കാള്‍ വലുതാണ് പൊത്തിലുള്ളത് എന്നതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ. പണ്ട് കാലത്തെപ്പെഴോ നദി ഒഴുകി രൂപപ്പെട്ടതാണ് ഗുഹയെന്ന് കരുതപ്പെടുന്നു. അതായത് '916' പ്രകൃതി ദത്തം. അകത്തേക്കുള്ള വായു സഞ്ചാരത്തിനും വിസ്മയകാഴ്ചകള്‍ കാണുന്നതിനും ഒക്കെയുള്ള സംവിധാനങ്ങള്‍ ടൂറിസം വകുപ്പ് നല്ല വെടിപ്പായി ചെയ്ത് വെച്ചിട്ടുണ്ട്. പോകുന്ന വഴിയില്‍ തെലുഗു സംഗീതവും ആസ്വദിക്കാം.
(Inside Belum Caves)
Photo © Nithesh Suresh
 കൂര്‍നൂള്‍ ജില്ലയിലുള്ള ഗുഹ 4500 ബി.സിയില്‍ രൂപപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അത്രയും വര്‍ഷം പഴക്കമുള്ള പാത്രങ്ങള്‍ ഇവിടെ നിന്ന് ചരിത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടുണ്ടത്രേ. 1982 മുതല്‍ 84 വരെയുള്ള കാലഘട്ടത്തില്‍ ജര്‍മ്മന്‍കാരനായ ഡാനിയല്‍ ഗബറാണ് ഗുഹയ്ക്ക് മൂന്നര കിലോ മീറ്റര്‍ ദൂരമുണ്ടെന്ന് കണ്ടെത്തിയത്. 1988 ല്‍ ആന്ധ്രാ സര്‍ക്കാര്‍ ഇവിടം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 1999 ല്‍ ടൂറിസം ഡെവലപ്‌മെന്റ് വകുപ്പ് ഏറ്റെടുത്ത് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. പക്ഷെ ഒന്നര കിലോ മീറ്റര്‍ ദൂരം മാത്രമേ സഞ്ചാര യോഗ്യമായുള്ളൂ.

(Inside Belum Caves)
Photo © Nithesh Suresh
ഗുഹയുടെ മധ്യസ്ഥാനത്ത് 125 അടിയോളം താഴ്ചയുണ്ടെന്നറിപ്പോള്‍ ശരിക്കും ഞെട്ടി. പാറയിടുക്കില്‍ നിന്ന് ഒലിച്ചിറങ്ങിയ ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി ഒരുക്കിയ ഗംഭീര കൊത്തുപണികളാണ് വഴിയുടെ ഇരു വശത്തും. ചിലയിടത്ത് വഴിയുടെ വീതി നന്നേ കുറവ്. അസാധ്യ ചൂടാണ് മറ്റൊരു കാര്യം. മുനിമാര്‍ തപസ്സിരുന്നു എന്ന് പറയപ്പെടുന്ന ചെറിയൊരിടത്തെത്തുമ്പോള്‍ ശ്വാസം കിട്ടാന്‍ പാടുപ്പെടും (അങ്ങനെയാകും ആ മുനിമാര്‍ സമാധിയായിട്ടുണ്ടാകുക). ഗുഹയുടെ പലഭാഗങ്ങള്‍ക്കും നാട്ടുകാര്‍ നല്‍കിയ പേരുകളുണ്ട്. സിംഹദ്വാരം, കോട്ടിലിഗലു മണ്ഡപം, മായാ മന്ദിര്‍, പാതാള ഗംഗ അതില്‍ ചിലതാണ്. പാതാള ഗംഗയില്‍ ഇപ്പോഴും സജീവമായി ഒഴുകുന്ന വേനലില്‍ പോലും വറ്റാത്ത സ്രോതസ്സ് കാണാന്‍ കഴിയും. പണ്ട് കാലത്ത് കൊടുംവരള്‍ചയില്‍ ജനങ്ങള്‍ വെള്ളത്തിനായി ഇവിടെ എത്തിയിരുന്നതായി കരുതപ്പെടുന്നു. രണ്ട് മണിക്കൂറോളം ഗുഹാമനുഷ്യരായി കഴിഞ്ഞ് ഞങ്ങള്‍ പുറത്തെത്തി.
(Inside Belum Caves)
Photo © Nithesh Suresh
ഉച്ചയോടെ പ്രധാന ലക്ഷ്യസ്ഥാനമായ ഹംപിയിലേക്ക് ഗൂഗിള്‍ മാപ്പ് ചൂണ്ടിയ 6 മണിക്കൂര്‍ നീളുന്ന യാത്ര ആരംഭിച്ചു. ഇനി അവിടെ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്..
(തുടരും...)

Sunday, January 15, 2017

യക്ഷി

    കാമുകി പിണങ്ങിപ്പോയ വിഷമമൊക്കെ മറന്ന് ഞാന്‍ പിന്നെയും ഹാപ്പിയാകാന്‍ തുടങ്ങിയത് അവളുടെ വരവോട് കൂടിയാണ്. രണ്ടുമൂന്നാഴ്ചയായി കാണും അവള്‍ എന്റെ കൂടെ കൂടിയിട്ട്. പി.എസ്.സി കോച്ചിംഗും കഴിഞ്ഞ് സലീം ഹോട്ടലില്‍ കയറി ഒരു മട്ടണ്‍ ബിരിയാണിയും തട്ടി അവിടെ നിന്നും വെറുതെ വാരിക്കൂട്ടിയ ജീരകവും ചവച്ച് നട്ടുച്ചയ്ക്ക് റോഡ് മുറിച്ച് കടക്കാന്‍ തുടങ്ങുമ്പോഴാണ് അവളെ ഫസ്റ്റ്‌ടൈം കാണുന്നത്.

പാളത്തിലൂടെ ഒച്ചയെടുത്ത് പായുന്ന കൊച്ചുവേളി എക്‌സ്പ്രസ്സിന് മുകളില്‍ ഒരു സുന്ദരിപ്പെണ്ണ്! മഴവില്‍ വര്‍ണ്ണത്തോട് കൂടിയുള്ള കുപ്പായം ധരിച്ച അവള്‍ ഇലക്ട്രിക് കമ്പിയില്‍ പിടിച്ച് ഒരു സര്‍ക്കസ്സഭ്യാസിയെപോലെ കറങ്ങി തിരിയുകയും മുടിയിഴകളെ കാറ്റിന് വിട്ടുകൊടുത്ത് മുന്നോട്ടോടുകയും ഉറക്കെ കൂകി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എട്ട് സെക്കന്റുകൊണ്ട് ആ കാഴ്ച അവസാനിച്ചു. റെയില്‍വെ ഗേയിറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ വളവു തിരിഞ്ഞ് മറഞ്ഞിരുന്നു. 

ഗേയിറ്റ് കടന്നു പോകാന്‍ തിരക്കുകൂട്ടുന്ന വണ്ടികള്‍ക്കിടയിലൂടെ ഞാന്‍ മുന്നോട്ട് നടന്നുപോകുന്നതിനിടയില്‍ അവളെ വീണ്ടും കണ്ടു. എസ്. എം. പി തിയേറ്ററിന് മുന്നിലെ പഴക്കച്ചവടക്കാരിയ്ക്ക് അരികിലിരുന്ന് തന്റെ ഫോണില്‍ സെല്‍ഫിയെടുത്ത് രസിയ്ക്കുകയായിരുന്നു അവള്‍.

ഞാന്‍ നോക്കുന്നത് അവള്‍ കണ്ടെന്ന് തോന്നുന്നു. അവള്‍ അവിടെ നിന്നും എഴുന്നേറ്റു. എന്നെ നോക്കി മഞ്ഞ് പൊഴിയുന്ന ലാവണ്യത്തോടെ അവള്‍ ചിരിച്ചു. നട്ടുച്ചയ്ക്കും മനസ്സൊന്നു തണുത്തു.

അവള്‍ റോഡു മുറിച്ചു കടന്ന് എന്റെ അരികിലേക്ക് വന്നു.

'' നേരത്തെ ഞാന്‍ കണ്ടപ്പോള്‍ വേറെയൊരു ഡ്രസ്സായിരുന്നല്ലോ ഇട്ടിരുന്നത് ?''
ഞാന്‍ ചോദിച്ചു.

വയലറ്റ് നിറത്തിലുള്ള തിളക്കമുള്ള ഒരു ഫ്രോക്കാണ് അവളിപ്പോള്‍ ധരിച്ചിരിക്കുന്നത്.

'' അതിട്ടുകൊണ്ട് കുറേ ഫോട്ടോ എടുത്തെന്നേ. ബോറടിച്ചു. ''
അവള്‍ മറുപടി നല്‍കി.

'' യക്ഷിയാണല്ലേ ?'' വളരെ പെട്ടെന്നായിരുന്നു എന്റെ ചോദ്യം.

'' അതെ. പാലമരത്തില്‍ നിന്നല്ല വരവെന്ന് മാത്രം''.
ഹാ.. അവളുടെ സംസാരത്തിന് എന്ത് മധുരം!

അങ്ങനെയായിരുന്നു ആ സൗഹൃദത്തിന്റെ തുടക്കം.

'' എനിക്കൊരു സിനിമ കാണണം. കൊണ്ട് പോവ്വോ ?''
അവള്‍ നടക്കുന്നതിനിടയില്‍ ചോദിച്ചു.

അടുത്തുള്ള പ്രണവം തിയേറ്ററില്‍ പുലിമുരുകനാണ് പടം.

'' ഞാന്‍ രണ്ട് തവണ കണ്ട പടമാണ് ''.

'' സാരംല്ല.'' 


               (Photo Credit: Google)            
       
അങ്ങനെ രണ്ട് ബാല്‍ക്കണി ടിക്കറ്റും വാങ്ങി ഞങ്ങള്‍ തിയേറ്ററിനകത്ത് കയറി. (നമ്മള് കാശുള്ള വീട്ടിലെ പയ്യനാണെന്ന് അവള് വെറുതെ കരുതിക്കോട്ട്.. ഏത്? ഇമ്പ്രഷന്‍.. ഇമ്പ്രഷന്‍.)

ടിക്കറ്റ് കീറാന്‍ നിന്ന ചേട്ടന്‍ പള്ളഭാഗത്ത് വെച്ച് ടിക്കറ്റിനെ രണ്ടായി വിഭജിച്ച്‌കൊണ്ട് എന്നെയൊന്ന് നോക്കി.

'' ഒരാളെവിടെ ?'' 

അവള്‍ അടുത്തു തന്നെ നില്‍പ്പുണ്ട്. അതേ ചിരി ഫിറ്റ് ചെയ്‌തോണ്ട് തന്നെ.

എന്നെപ്പോലെ യക്ഷിയെ കാണാനുള്ള കഴിവ് പാവം ചേട്ടനില്ലല്ലോ. ഞാനത് ഓര്‍ത്തില്ല.

'' ഒരു കൂട്ടുകാരന്‍ വരും ''

'' എന്താ കൂട്ടുകാരന്റെ പേര് ?''

'' പച്ചാളം. ''

'' നല്ല പേരാണല്ലോ.''  പറഞ്ഞുകൊണ്ട് അവള്‍ എന്നെ നോക്കി.

ഞങ്ങള്‍ അകത്തു കയറി സീറ്റ് പിടിച്ചു. 

'' ഞാനാദ്യമായിട്ടാണ് സിനിമ കാണുന്നേ.'' അവള്‍ ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

'' ഞാന്‍ കൊറേ കണ്ടിട്ടുണ്ട്. വല്യ ഇഷ്ടാണ്. ''

'' ആണോ? ''

'' അതെ ''

സിനിമ തുടങ്ങി. ഇന്റര്‍വെല്‍ സമയത്ത് ഞാനവള്‍ക്ക് കടല വറുത്തത് വാങ്ങി കൊടുത്തു. അതവള്‍ക്ക് ഇഷ്ടമായി എന്നു പിന്നെപ്പെഴോ പറഞ്ഞു. 

തിരിച്ച് കെ.എസ്.ആര്‍.ടിസിയിലാണ് വീട്ടിലേക്ക് പോയത്. സൈഡ് സീറ്റ് ഞാനവള്‍ക്ക് കൊടുത്തു.

'' എങ്ങനെയാണ് യക്ഷിയായത്? ആത്മഹത്യചെയ്തതാരുന്നോ? തീ കൊളുത്തിയാണോ മരിച്ചത്? പിഴപ്പിച്ച് കൊന്ന അമ്മാവനോട് പ്രതികാരം ചെയ്യാന്‍ വന്നതാണോ? '' ഞാനെന്റെ മണ്ടന്‍ ചോദ്യങ്ങളുടെ കെട്ടഴിച്ചു.

'' ഏയ് അല്ല. കുട്ടികാലത്ത് എല്ലാരും ഡോക്ടറും എന്‍ജിനീയറും പോലീസും പ്രധാനമന്ത്രിയുമൊക്കെ ആയിത്തീരാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചത് ഒരു യക്ഷിയാകാനായിരുന്നു. അങ്ങനെ കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ യക്ഷിയായി. ''

'' അതെന്താ അങ്ങനെയൊരു ആഗ്രഹം തോന്നിയത്? ''

'' ആരെയും പേടിക്കാതെ ഇങ്ങനെ കറങ്ങി നടക്കാല്ലോ.'' 

അവള്‍ ജനാലയിലൂടെ പുറത്തേക്ക് തലയിട്ട് കാറ്റിന് ഉമ്മകൊടുത്തു.

അന്ന് രാത്രി അവള്‍ എന്റെ വീട്ടിലാണ് താമസിച്ചത്. കട്ടിലില്‍ കൊതുകുവലയ്ക്കുള്ളില്‍ കിടന്ന് അവള്‍ സുഖമായി ഉറങ്ങി. ഞാന്‍ തറയില്‍ പാ വിരിച്ച് സ്വപ്നങ്ങള്‍ നുണഞ്ഞ് കിടന്നു.

പിന്നീടുള്ള കുറേ ദിവസങ്ങള്‍ ശരിക്കും രസാരുന്നു. എന്റെ എത്രയെത്ര കൊതികളാണ് അവള്‍ നിമിഷാര്‍ധംകൊണ്ട് സാക്ഷാത്കരിച്ച് തന്നത്.

ക്ലോക്ക് ടവറിന് മുകളില്‍ കയറി, നീണ്ടകര പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി, ബീച്ചിലെ മത്സ്യകന്യകയുടെ പ്രതിമയുടെ രണ്ട് കവിളത്തും ഉമ്മകൊടുത്തു, രണ്ടായിരം രൂപയ്ക്ക് ചില്ലറ മാറി തന്നു, ചേട്ടന്‍ സിഗരറ്റ് ഒളിപ്പിച്ചു വെക്കാറുള്ള സ്ഥലം കാട്ടി തന്നു.. അങ്ങനെ എത്രയെത്രെ അത്ഭുതങ്ങള്‍.!

പക്ഷെ ഇന്ന് കാലത്ത് ഉറക്കമെഴുന്നേറ്റതു മുതല്‍ ഞാനവളെ തിരയുകയാണ്. യക്ഷിയെ അവിടെയൊന്നും കാണാനില്ല. കറങ്ങി നടന്ന സ്ഥലങ്ങളിലൊക്കെ നോക്കി. ആരോട് അന്വേഷിക്കാനാണ്?

അങ്ങനെ വീണ്ടും ജീവതരാവുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണു തുടങ്ങി.

തളര്‍ന്നുറങ്ങിയ രാത്രിയിലെപ്പോഴൊ വാട്‌സ്ആപ്പില്‍ മെസ്സേജ് വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നെറ്റ് ഓഫ് ചെയ്തിട്ടാണല്ലോ കിടന്നത്?

പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് മെസ്സേജ് കിടക്കുന്നു.

'' നമ്മളിനി ഒരിക്കലും കാണുകയില്ല കൂട്ടുകാരാ. രണ്ട് ദിവസം മുന്‍പ് നമ്മള്‍ ബീച്ചിലും അഡ്വഞ്ചര്‍ പാര്‍ക്കിലും സൊറപറഞ്ഞിരുന്നത് നീ ഓര്‍മ്മിക്കുന്നുവോ? ആ ദിവസം മനുഷ്യജീവിതത്തില്‍ നിന്ന് റിലീസായ രണ്ട് സദാചാര പ്രേതങ്ങള്‍ നമ്മളെ കണ്ടിരുന്നു. അപ്പോള്‍ തന്നെ അവര്‍ ആ വിവരം ഉടയതമ്പുരാനെ അറിയിക്കുകയും ചെയ്തു. എന്നെ തിരിച്ചുവിളിച്ചിരിക്കുകയാണ്. നൃത്തം ചെയ്യുന്നതും കൂട്ടുകൂടുന്നതും വിലക്കി. പ്രിയ കൂട്ടുകാരാ, നിന്റെ ഓര്‍മ്മകള്‍ക്ക് നന്ദി.. ''

വായിച്ചു തീര്‍ന്നയുടന്‍ ആ മെസ്സേജ്, ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി.

ഞാന്‍ മയക്കത്തിലേക്ക് മടങ്ങി.

Tuesday, January 3, 2017

നാസ്തികനായ നായ

       പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് ദിവസമായി. വീടിന്റെ മുന്‍വശത്തൊരു ഗെയിറ്റ് പിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങള്‍. അങ്ങനെയൊരണ്ണം സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. വീടിന്റെ മൂന്ന് വശത്തും ഒരാള്‍പ്പൊക്കത്തില്‍ മതിലുണ്ട്. എന്നാല്‍ വീടിന്റെ മുന്‍വശത്തിനും അടുത്തുള്ള പറമ്പിനുമിടയിലുള്ള അതിര്‍ത്തിക്ക് കഷ്ടി മൂന്നടി പൊക്കം മാത്രമേയുള്ളൂ. അവിടെയാണെങ്കില്‍ ഗെയിറ്റുമുണ്ടായിരുന്നില്ല. അതങ്ങനെ തുറന്ന് കിടക്കട്ടെയെന്ന് ഞങ്ങളും കരുതി.

പക്ഷെ പെയിന്റടി നടക്കുന്ന സമയത്താണ് മറ്റൊരു സംഗതി ശ്രദ്ധയില്‍പ്പെടുന്നത്. നിത്യസന്ദര്‍ശകരായി വീടിന്റെ ടെറസ്സില്‍ ഒരഞ്ചാറ് നായ്ക്കള്‍! നല്ല കറുപ്പും വെളുപ്പും തവിട്ടും നിറത്തിലുള്ള സുന്ദരക്കുട്ടന്‍മാരും സുന്ദരിക്കോതകളും. വീടിന് കുറച്ചപ്പുറം റെയില്‍വെ പുറമ്പോക്കാണ്. അവിടുത്തെ അഭയാര്‍ത്ഥികളാണിവര്‍. രാത്രിയില്‍ തലചായ്ക്കാന്‍ ഇവിടേക്ക് ചേക്കേറിയതാണ്. പിന്നെ എന്നും വീട്ടില്‍ നിന്ന് അവരെ കുടിയൊഴിപ്പിക്കുന്നത് ശ്രമകരമായ ഒരു പണിയായി മാറി. അങ്ങനെയാണ് മുന്‍വശത്തെ മതില്‍ മൂന്നടിയില്‍ നിന്ന് ആറടിയാക്കാനും ഗെയിറ്റിടാനും തീരുമാനിച്ചത്.

പിന്നെ കുറച്ച് ദിവസത്തേക്ക് അവരുടെ 'ശല്യം' ഉണ്ടായില്ല. നമ്മള്‍ മനുഷ്യര്‍ മതിലുചാടുന്നതുപോലെ നായ്ക്കള്‍ക്ക് കഴിയില്ലല്ലോ. പക്ഷെ കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഗെയിറ്റിന് മുന്നില്‍ മറ്റൊരു അതിഥി പ്രത്യക്ഷപ്പെട്ടു. അതും ഒരു നായ തന്നെ. വെളുപ്പില്‍ വലിയ തവിട്ട് പുള്ളികളുള്ള നല്ലൊരു ചുള്ളന്‍ നായ. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് അപ്പുറത്തെ പറമ്പില്‍ നിന്നോ മറ്റോ ഓടി വന്നതാണ്. അകത്തേക്ക് കയറാന്‍ പുള്ളിയൊരു ശ്രമം നടത്തിയെങ്കിലും ഗെയിറ്റ് പെട്ടെന്നടഞ്ഞതുകൊണ്ടത് സാധിച്ചില്ല.

'നിന്നെ ആ സംഘത്തിലൊന്നും നേരത്തെ കണ്ടട്ടില്ലല്ലോടാ' എന്ന ഭാവത്തില്‍ അവനെയൊന്ന് നോക്കി. ആള് ഒട്ടും ഉപദ്രവകാരിയായിരുന്നില്ല. വാലനക്കി ദേഹത്തുരുമ്മി നിന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുമ്പോള്‍ കണ്ണാടിയില്‍ കൂടി അവന്‍ ഗെയിറ്റിനരികില്‍ തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.
വൈകിട്ട് വീട്ടിലെത്തി ഗെയിറ്റ് തുറന്നപ്പോഴും ആള് അവിടെ ഹാജര്‍. അപ്പോഴും അകത്തേക്ക് കയറാനൊരു ശ്രമം പുള്ളി നടത്താതിരുന്നില്ല. 'ആ കളി വേണ്ട കേട്ടോ' എന്നും പറഞ്ഞ് അകത്ത് കയറി ഗെയിറ്റടച്ചു. കതക് അടയുന്നത് വരെ  അകത്തേക്ക് നോക്കി വാലനക്കിക്കൊണ്ട് അവന്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു.പിന്നെ അതൊരു സ്ഥിരം കലാപരിപാടിയായി. ഗെയിറ്റിന്റെ ശബ്ദം എവിടെ നിന്ന് കേട്ടാലും നായ ഓടി അവിടെയെത്തും. അപ്പോഴും അകത്തേക്ക് കയറാന്‍ തന്നെയായിരുന്നു അവന്റെ ശ്രമം. ഒരു ദിവസം അവനതില്‍ വിജയിക്കുകയും ചെയ്തു. ഓടി വീടിനകത്ത് കയറി. വലിയ അധ്വാനം നടത്തിയാണ് അവനെ അന്ന് പുറത്താക്കി ഗെയിറ്റ് അടച്ചത്.

അടുത്ത ദിവസം ഒരു വഴി പ്രയോഗിച്ചു. കൈയിലൊരു ബിസ്‌ക്കറ്റുമായിട്ടാണ് അന്ന് ഗെയിറ്റ് തുറക്കാന്‍ പോയത്. ഗെയിറ്റിന് പുറത്ത് ആള്‍ നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. പുറത്തേക്കിറങ്ങുന്ന സമയമൊക്കെ പുള്ളിക്കാരന്‍ മനപ്പാഠമാക്കിയിരുന്നു.  കൈയിലിരുന്ന ബിസ്‌ക്കറ്റ് അവന്‍ കാണ്‍കെ ഗെയിറ്റിന് പുറത്ത് കുറച്ച് ദൂരേയ്ക്ക് എറിഞ്ഞു. അവന്‍ ഓടി അതെടുത്ത് തിന്നുന്ന സമയത്തിന് ഗെയിറ്റും തുറന്ന് പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് ഗെയിറ്റും അടച്ചു. 'എങ്ങനൊണ്ടെങ്ങനൊണ്ട്..' ഇന്നസെന്റിന്റെ സ്റ്റൈലില്‍ ഒരു ചിരിയും അവനു നേരെ പാസ്സാക്കി.

രാത്രി തിരിച്ചെത്തുമ്പോള്‍ അകത്താരെങ്കിലും ബിസ്‌ക്കറ്റുമായി കാത്തിരിക്കും. അന്തരീക്ഷത്തിലുയരുന്ന ബിസ്‌ക്കറ്റിനു നേരെ നായക്കുട്ടന്‍ പായുമ്പോള്‍ അകത്ത് കടന്ന് ബൈക്കും വെച്ച് ഗെയിറ്റ് ഭംഗിയായി അടയ്ക്കും. ബിസ്‌ക്കറ്റും ശാപ്പിട്ട് ആശാന്‍ ഗെയിറ്റിനരികില്‍ വന്ന് അകത്തേക്ക് നോക്കി നില്‍ക്കുന്നുണ്ടാകും. അറിയാതെ ഒരു ബിസ്‌ക്കറ്റു കൂടി കൊടുത്തുപോകും അപ്പോള്‍.

ഒരവധി ദിവസം മുഴുവന്‍ വീട്ടില്‍ നിന്നപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധിക്കുന്നത്. കുറച്ചകലെ ട്രയിന്‍ കടന്നുപോകുന്ന ഒച്ചകേട്ട് നായ ഗെയിറ്റിന് മുന്നില്‍ വന്നിരുന്ന് ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി ഉറക്കെ ഓരിയിടുന്നു. ഒരു ദിവസം മൂന്ന് ട്രയിന്‍ അത് വഴി പോകുന്നുണ്ട്. അപ്പോഴെല്ലാം പുള്ളിക്കാരന്‍ ഈ പരിപാടി ചെയ്യുന്നുണ്ട്. അതുകണ്ടപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്. കുറച്ച് ദിവസമായി ഉറക്കമുണരുന്നത് തന്നെ ഇത്തരത്തിലുള്ള ഓരിയിടല്‍ കേട്ടാണല്ലോ. പക്ഷെ ആ സമയത്ത് ട്രെയിനില്ലെന്നു മാത്രം. അതിനു പകരം അടുത്തൊരു അമ്പലത്തില്‍ നിന്ന് ഉറക്കെ ഭക്തിഗാനം കേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ടാകണമപ്പോള്‍ നായ ശബ്ദം വെക്കുന്നതും ആ കുര കേട്ട് ഞങ്ങള്‍ ഉണരുന്നതും. ഇന്നാണെങ്കില്‍ വൈകിട്ടും അങ്ങനെയൊരു സംഭവമുണ്ടായി. അത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ട സമയത്താണ്. അതും അപ്പോള്‍ സ്ഥിരമായിരുന്നിരിക്കണം. ആ സമയത്ത് വീട്ടിലില്ലാത്തോണ്ട് അറിയാതെ പോയതാണ്. 'ശ്ശെടാ എന്താ ഈ നായുടെ പ്രശ്‌നം?'

അയല്‍ക്കാരോട് കാര്യം തിരക്കാമെന്ന് വെച്ചു. 'ഈ നായുടെ ഉടമസ്ഥന്‍ ആരാണെന്ന് അറിയുമോ' എന്നായിരുന്നു അവരോട് ചോദിച്ചത്. അവരില്‍ നിന്നൊക്കെ കിട്ടിയ വിവരം വെച്ച്, ഞങ്ങള്‍ താമസിക്കാന്‍ വരുന്നതിനു മുന്‍പ് ഇവിടെ താമസിച്ചിരുന്നവരുടെ കൂടെ ഒരു നായ ഉണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. വീടിനകത്തും പുറത്തുമായി ആ നായ സ്വസ്ഥമായി വിഹരിച്ചു നടന്നു. എന്നാല്‍ പെട്ടെന്നൊരു മഴക്കാലത്ത് അവനെ കാണാതായി. ആകാശത്ത് ഇടിയും മിന്നലുമൊക്കെകണ്ട് പേടിച്ച് എങ്ങോട്ടോ ഓടിപ്പോയതായിരുന്നിരിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ പേടിച്ചു തൂറി മഹാനാണ് ഇപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നത്. ആ പഴയ പേടിയുടെ ഓരിയിടലാണ് എന്നും അപ്പോള്‍ കേള്‍ക്കുന്നത്.

'അല്ലേ, നിങ്ങടെ പട്ടിയെന്താ എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോ കെടന്ന് കൊരയ്ക്കുന്നേ?'

'പിന്നേ, കാലത്ത് അമ്പലത്തില് പ്രാര്‍ത്ഥന തുടങ്ങുമ്പോഴാണല്ലോ ആ പട്ടി കിടന്ന് ശബ്ദമുണ്ടാക്കുന്നത്?'

അയല്‍ക്കാരുടെ ചോദ്യങ്ങളാണ്. മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് ചിരിച്ചു. അത്രമാത്രം.

നായ അവന്റെ കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പഴയ യജമാനന്റെ ഓര്‍മ്മയ്ക്ക് വീടിനകത്തേക്ക് കയറാന്‍ വിഫലശ്രമങ്ങള്‍ നടത്തുകയും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മയില്‍ പേടിച്ച് ഓരിയിടുന്ന പരിപാടിയുമായും തകൃതിയായി മുന്നോട്ട് പൊക്കോണ്ടിരുന്നു.
അയല്‍ക്കാരാരും ഇപ്പോള്‍ അധികം മിണ്ടുന്നില്ല. അധികം എന്നല്ല ഒട്ടും തന്നെ മിണ്ടുന്നില്ല. എന്താണ് സംഗതി. ഒരു പിടിയും കിട്ടുന്നില്ല.

ഒരു ദിവസം രാത്രിയില്‍ വീട്ടിലെത്തിയപ്പോള്‍ ഗെയിറ്റിനരികില്‍ നായയെ കണ്ടില്ല. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവന്‍ എവിടുന്നോ വന്നു. വളരെ പതിയെ ആയിരുന്നു ആ വരവ്. ശ്രദ്ധിച്ചപ്പോഴാണ് ഒരു കാല് അവന്‍ തറയില്‍ കുത്തുന്നില്ല എന്ന് കണ്ടത്. കണ്ണിന് താഴെയായി ചോരയുണങ്ങിയ ഒരു മുറിവും കണ്ടു. അന്ന് രാത്രിയില്‍ നായ ഉറക്കെ ഓരിയിടുന്നത് കേട്ടാണ് ഞെട്ടിയുണരുന്നത്. അടുത്ത വീട്ടിന്റെ മതിലിനരികിലേക്ക് നോക്കി ഉറക്കെ കുരയ്ക്കുകയാണ് . ജനലിലൂടെ കുറച്ച് നേരം അവിടേക്ക് നോക്കി നിന്നെങ്കിലും ഒന്നും കണ്ടില്ല. കുറേ നേരം അവിടേക്ക് നോക്കി നിന്ന് കുരച്ചിട്ട് നായ ഗെയിറ്റിനരികില്‍ വന്ന് കിടന്നു.

അടുത്ത ദിവസമാണ് അറിയുന്നത് അയല്‍പക്കത്തെ വീട്ടില്‍ തലേന്ന് രാത്രിയില്‍ ഒരു മോഷണശ്രമം നടന്നെന്ന്. കള്ളന് വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്‍ വാങ്ങേണ്ടി വന്നു. അമ്മാതിരി കുരയല്ലേ ഇവന്‍ കുരച്ചത്. ഗെയിറ്റിരികില്‍ കിടക്കുന്ന അവനെയൊന്ന് നോക്കി. ഒരു ബിസ്‌ക്കറ്റ് കൂടി അധികം കൊടുത്തിട്ടാണ് അകത്തേക്ക് കയറിയത്.

വല്ലാത്തൊരു ഒഴിവു ദിവസമായിരുന്നു ഇന്ന്.

റോഡില്‍ വലിയൊരു സ്റ്റേജ് കെട്ടി മതപ്രഭാഷണം നടക്കുന്നു. വൈകുന്നേരം തുടങ്ങിയതാണ്. രാത്രിയായിട്ടും തീരുന്ന മട്ടില്ല. വീടിന് നേരെ ഒരു കോളാമ്പി തിരിച്ചു വെച്ചിട്ടുണ്ട്. പ്രഭാഷകന്റെ ഒച്ച പൊങ്ങിയതു മുതല്‍ നായ ഉറക്കെ ഓരിയിടാന്‍ ആരംഭിച്ചു. ഗെയിറ്റിന് മുന്നില്‍ ഓടി നടന്ന് സ്റ്റേജിലേക്ക് നോക്കി ഉറക്കെ ഉറക്കെ കുരയ്ക്കുകയാണ് അവന്‍. നിര്‍ത്താതെ അവന്‍ കോളാമ്പിക്കൊപ്പം അധ്വാനിച്ചുകൊണ്ടിരുന്നു.

രാത്രിയെപ്പോഴോ ശബ്ദകോലാഹലങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ ഉറങ്ങി.

കാലത്ത് ഗെയിറ്റു തുറന്നപ്പോള്‍ നായയെ അവിടെയൊന്നും കണ്ടില്ല. രാത്രി തിരിച്ചെത്തിയപ്പോഴും അവനവിടെയില്ല.  കുറച്ച് നേരം ചുറ്റിനും നടന്ന് ശബ്ദമുണ്ടാക്കി വിളിച്ചു. ഗെയിറ്റില്‍ ഉറക്കെ തട്ടി. ആളെത്തിയില്ല.

പിന്നെ ഒരു ദിവസവും അവനെ ഞങ്ങള്‍ കണ്ടിട്ടില്ല. അവനുകൊടുക്കാനായി വാങ്ങിവെച്ച ബിസ്‌ക്കറ്റ് ഇന്നലെ വരെ സൂക്ഷിച്ചിരുന്നു.

അന്നത്തെ ശബ്ദം കേട്ട് പഴയതുപോലെ പേടിച്ച് ഓടിപ്പോയിട്ടുണ്ടാകുമോ?

അതോ ഇനി ആരെങ്കിലും തല്ലിക്കൊന്നിട്ടുണ്ടാകുമോ?

അറിയില്ല.

Tuesday, July 8, 2014

മെഴുകുതിരികുരുന്നുകള്‍

          അമ്മ ആകെ ഒരു മെഴുകുതിരിയെ കത്തിക്കുകയുള്ളൂ.അതങ്ങനെ വീടു മുഴുവന്‍ പ്രകാശം ചൊരിഞ്ഞ് നില്‍ക്കും.അതേ സമയം വീടിനു പുറത്ത് മഴ ആടി തകര്‍ക്കുന്നുണ്ടാകും.പുറത്തവന്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ ഇങ്ങ് വീടിനകത്തിരുന്നും വ്യക്തമായി കേള്‍ക്കാം.

കറണ്ട് പോകുന്നയുടനെ അടുക്കളയിലെ ഏതോ കോണില്‍ മെഴുകുതിരിക്ക് ജീവന്‍വെയ്ക്കുകയായി.അമ്മ അതിനു വേണ്ടി കരുതി നില്‍ക്കുകയായിരുന്നു എന്ന് തോന്നുന്നു.എത്ര ഇരുട്ടത്തും മെഴുകുതിരിയും തീപ്പെട്ടിയും വെച്ചിരുന്ന ഇടം അമ്മ കൃത്യമായി കണ്ടുപിടിച്ചു.

 അതുവരെ എന്തൊക്കെയോ ധ്യാനത്തില്‍ മുഴുകി വെറുതെയിരുന്ന ഞാനാണ്, കറണ്ട് മറഞ്ഞയുടന്‍ പെട്ടെന്ന് പുസ്തകമെടുത്ത് അടുത്തേക്ക് വെച്ച് സൗഹൃദം കാട്ടി.അങ്ങനെ അമ്മയും വെളിച്ചവും പതുക്കെ അടുത്തേക്ക് വരുന്ന നേരം, എന്റെ ജോലികള്‍ക്ക് വിഘ്‌നം വരുത്തി പോയ കറണ്ടിനെ നൂറ് നാവുകൊണ്ട് കുറ്റം പറഞ്ഞ് പേജുകള്‍ ഓരോന്നായി മറിച്ച് ഞാന്‍ പഠിക്കാന്‍ തിടുക്കം കൂട്ടി.

കൃത്യസമയത്ത് പുസ്തക സഞ്ചിയുമായി അവളും അടുത്തു വന്നു.അത്രയും നേരം എവിടുന്നോ കിട്ടിയ മൈലാഞ്ചിയും അരച്ച് കൈയില്‍ തേച്ച് അതിന്റെ ചന്തവും നോക്കിയിരുന്നവളാണ്.സൂക്ഷം, കറണ്ട് പോയപ്പോള്‍ അവള്‍ക്കും പഠിക്കാന്‍ മുട്ടി.

അങ്ങനെ ആകെയുള്ള മെഴുകുതിരി വെളിച്ചത്തിനരികില്‍ ഞാനും അനുജത്തിയും പഠിക്കാന്‍ മത്സരമായി.ആദ്യമൊന്നും അത്ര കാര്യമാക്കാതെയിരുന്ന അമ്മ, ഞങ്ങളുടെ പോരിനു വീര്യം കൂടി വന്നപ്പോള്‍ ശക്തമായി ഇടപ്പെട്ടു.

"രണ്ടെണ്ണവും ഇപ്പോ എന്റെ കൈയീന്നു മേടിക്കും.അല്ലേല്ലും ഇത്രേം നേരം രണ്ടിനും പഠിക്കേണ്ടാരുന്നു.."
അടുത്തതായി എന്നെയൊന്ന് നോക്കിക്കൊണ്ട് -
"ടാ, നിന്നെക്കാള്‍ കൊച്ചല്ലേ അവള്‍.നിനക്കൊന്നു അടങ്ങിയിരുന്നൂടെ.."

അല്ലെങ്കിലും ആദ്യം ജനിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യേം ഇല്ല.ഇളയ സന്താനത്തോടാണ് അമ്മയ്ക്ക് താല്‍പര്യം. എന്തായാലും എന്നെക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള അനുജത്തിക്ക് ഞാന്‍ പഠിക്കാന്‍ വെളിച്ചം വിട്ടുകൊടുത്തു.

യുദ്ധം ജയിച്ച സന്തോഷത്തിലായിരുന്നു അവള്‍.എന്നിട്ടും അമ്മ കാണാതെ അവളെന്നെ നോക്കി പലതരം കോപ്രായങ്ങള്‍ കാട്ടി അടുത്ത പോരിന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

ക്ഷണം നിരസിച്ച് ഞാനവളോട് പിണക്കം നടിച്ചു.അടി കൂടാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അവള്‍ക്ക് പിന്നെയും വാശിയേറി.പുസ്തകത്തിന്റെ മറവു പറ്റി അവളെന്നെ പിച്ചാനും മാന്താനും തുടങ്ങി.അമ്മ അതു കണ്ടാലും വഴക്ക് എനിക്കു തന്നെയാകും.ഞാന്‍ തിരിച്ചൊന്നും പറയാതെ വെളിച്ചത്തിന്റെ മറുകരിയിലേക്ക് എഴുന്നേറ്റു പോയിരുന്നു.


അവിടെയിരുന്നപ്പോള്‍ എന്റെ രണ്ടിരട്ടി വലിപ്പമുള്ള, എന്നേപ്പോലൊരാള്‍ ഭിത്തിയില്‍ ചേര്‍ന്നിരുന്ന് എന്നെ തന്നെ നോക്കി ചിരിച്ചു - എന്റെ നിഴല്‍.പിന്നീട് ശ്രദ്ധ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിലായി.മാനും ചിറകനക്കി നീന്തുന്ന മീനും ഭിത്തിയില്‍ കളിച്ചു തിമിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഇണക്കവുമായി അനുജത്തിയും അടുത്തു കൂടി.വലിയ ഒരു സാറിനെ പോലെ ആ വിദ്യകളൊക്കെ ഞാനവള്‍ക്ക്് പറഞ്ഞു കൊടുത്തു.

അങ്ങനെ പുതിയൊരു ലോകവും കഥകളും കഥാപാത്രങ്ങളും ഞങ്ങളുടെ മാന്ത്രിക കരങ്ങളാല്‍ ജീവന്‍ വെച്ചു.

മെഴുകുതിരി അപ്പോഴേക്കും പകുതി മരിച്ചിരുന്നു.ദേഹമാകെ പൊള്ളലേറ്റ് പൊങ്ങിയതുപോലെ മെഴുക് കട്ട പിടിച്ച് നിന്നു. മെഴുക് അടര്‍ത്തിയെടുത്ത് ചെറിയ ഗോളങ്ങളുണ്ടാക്ക്ി ഞങ്ങള്‍ കളിച്ചു. കൂട്ടത്തില്‍ സാമാന്യം വലിപ്പമുള്ള ഗോളത്തിന് അനുജത്തി കണ്ണും മൂക്കും വരച്ചുകൊടുത്ത് രസിച്ചു.

അപ്പോഴാണ് എവിടുന്നോ പറന്നു വന്ന ഒരു ഈയാംപാറ്റ മെഴുകുതിരി നാളത്തിനു മുകളിലേക്ക് പതിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അതിസാഹസികമായി ഞാനും അനുജത്തിയും ചേര്‍ന്ന് അതിനെ പുറത്തേക്കിട്ടു.പാവത്തിന്റെ ചിറക് തീ തിന്നിരുന്നു.ചെറിയ പുഴുപോലെ തീയില്‍ വെന്തിറങ്ങിയ ആ ശരീരം ഇരുട്ടിലേക്ക് നടന്നു പോയി.

അനുജത്തി സങ്കടപ്പെട്ടിരുന്നു.സന്തോഷിപ്പിക്കാന്‍ ഞാനപ്പോള്‍ ഒരു സാഹസത്തിന് മുതിര്‍ന്നു.മെഴുകുതിരി നാളത്തിനുള്ളിലൂടെ ചൂണ്ടു വിരല്‍ വേഗത്തില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കും തിരിച്ചും ഞാന്‍ പായിച്ചു.നാളത്തിന്റെ നെഞ്ചു കീറി എന്റെ കൈവിരല്‍ പോകുന്നതും നോക്കി അവള്‍ അതിശയിച്ചു.

എന്റെ കൈ ലേശം പോലും പൊള്ളിയില്ലെങ്കിലും തീയില്‍ കളിച്ചതിന് അമ്മ എന്റെ മുതുക് ശരിക്കും പൊള്ളിച്ചു.

അങ്ങനെ അങ്ങനെ ഇന്നൊരിക്കല്‍, ഒരു പവര്‍കെട്ട് ദിവസം കൂട്ടുകാരുമൊത്ത് ഒരു ഹോട്ടലില്‍ ഇരുന്ന ഞാന്‍ ആ പഴയ മെഴുകുതിരി കുരുന്നുകളെ പറ്റി ഓര്‍ത്തു. വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ജീവനില്ലാത്ത സന്ദേശങ്ങള്‍ കൈമാറി ആ ഇരുട്ടത്ത് അനേകം മൊബൈല്‍ ഫോണ്‍ കുരുന്നുകള്‍ അപ്പോള്‍ തലതല്ലി ചിരിച്ചു തകര്‍ത്തുകൊണ്ടിരുന്നു.

Monday, October 21, 2013

ബ്ലൗസ്

         ബ്ലൗസ് അന്നു മുതല്‍ക്കാണ് ഒരു ആഗോള പ്രശ്‌നമായി മാറിയത്.കലാപം രൂക്ഷമായതോടെ അന്ന് കര്‍ഫ്യൂ പ്രഖ്യാപിക്കുകവരെയുണ്ടായി.ഒന്നാം സമുദായത്തിലെ കൂട്ടര്‍ കടകള്‍ ഓരോന്നായി തല്ലി തകര്‍ത്തപ്പോള്‍ രണ്ടാം സമുദായക്കാര്‍ വണ്ടികള്‍ കത്തിച്ച് തങ്ങളുടെ കരുത്തു തെളിയിച്ചു.രണ്ട് ചേരിക്കാരും ഒരുമിച്ചു നേരിട്ടതോടെ അവിടെ പോലീസിനും രക്ഷയുണ്ടായിരുന്നില്ല.അത്ഭുതമെന്നു പറയട്ടെ,മുഖ്യമന്ത്രി അന്ന് ഫിലാഡെല്‍ഫിയ സന്ദര്‍ശനത്തിലായിരുന്നു.പക്ഷെ അടിയന്തിരമായി ഫിലാഡെല്‍ഫിയയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മുഖ്യന്റെ കവിളത്ത് കാണപ്പെട്ട ചുവന്ന വട്ട പാടിനെ കുറിച്ചായിരുന്നു അന്നത്തെ ചാനല്‍ ചര്‍ച്ച.കൃത്യമായ ഇടവേളകളില്‍ അവരത് വലുതാക്കിയും വൃത്തം വരച്ചും കാണിച്ചുകൊണ്ടേയിരുന്നു.ഫിലാഡെല്‍ഫിയന്‍ പശുക്കളുടെ അകിടുവീക്കത്തെ പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയെ കുറിച്ചും മുഖത്തെ സംശയാസ്പദമായ പാടിനെ കുറിച്ചും പ്രസ്താവനയിറക്കിയ പ്രതിപക്ഷം മൂരാച്ചി മുഖ്യമന്ത്രി രാജിവെക്കണമെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയും ചെയ്തു.സ്വാഭാവികം..!
           
അങ്ങനെ പറഞ്ഞു വരുന്നത് ഒരു നാടിന്റെ സാമുദായിക,സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക ചുറ്റുപാടില്‍ മാറ്റം വരുത്തിയ ഒരു ചെറിയ ബ്ലൗസ്സിനെ കുറിച്ചാണ്.ചെറുത് എന്ന് അടിവരയിട്ട് പറയാന്‍ തക്കതായ കാരണവുമുണ്ട്.അത് ഇനിയുള്ള പാരഗ്രാഫുകളില്‍ നിന്നു വ്യക്തമാകുന്നതാണ്.രാജ്യത്തിന്റെ വസ്ത്ര സംസ്‌കാരത്തില്‍ നിര്‍ണ്ണായക പങ്കുള്ള ബ്ലൗസ്സിന് ഒരു ദേശത്തിന്റെ തന്നെ മുഴുവന്‍ താളത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതാണ് കഥ.എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു ചോദ്യം കഥയിലില്ല.ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചു പോകുന്നതാണ്.


           
ആപ്പിള്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ സ്വന്തം നാട്ടില്‍ നിന്നകന്ന് ദൂരെ ഒരു ദേശത്താണ് ജോലി ചെയ്തിരുന്നത്.അവിടെ ജോലിക്കെത്തുന്നവരെല്ലാം പൊന്നു വിളയിപ്പിച്ചേ മടങ്ങി വരൂ എന്നാണ് പൊതുവേ കേള്‍ക്കുന്നത്.ആപ്പിളും മോശക്കാരനായിരുന്നില്ല.അയാള്‍ മാസംതോറും മുടങ്ങാതെ വീട്ടിലേക്ക് കാശ് അയച്ചുകൊണ്ടേയിരുന്നു.ആപ്പിളിന്റെ ഭാര്യയ്ക്കാണെങ്കില്‍ പൊന്നു വാങ്ങി കൂട്ടുന്നതില്‍ യാതൊരു പിശുക്കുമില്ലായിരുന്നു.ആപ്പിളിന്റെ രണ്ടാമത്തെ മകന്റെ പേരിടീല്‍ ചടങ്ങിന് തീര്‍പ്പിച്ച പന്ത്രണ്ടര പവന്റെ അരഞ്ഞാണം നാട്ടില്‍ കുറച്ചൊന്നുമല്ല പേരെടുത്തത്.നാട്ടിലെ കുറുമ്പികളെല്ലാം ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യം എന്ന് പാടി നടക്കുകയും കുറുമ്പന്‍മാരെല്ലാം മൗനം ഭൂഷണമാക്കുകയും ചെയ്തു.രാവിലെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയ കുറുമ്പനെ നോക്കി നെടുവീര്‍പ്പിട്ട മുതുക്കി പൊന്നുവിളയാത്ത നാട്ടിലെ മണ്ണിലേക്ക് നീട്ടിതുപ്പി ശപിക്കുകയും ചെയ്തു.

 അങ്ങനെയിരിക്കെ ഒരു ദിവസം ആപ്പിള്‍ തന്റെ ജന്‍മനാട്ടില്‍ തിരിച്ചെത്തി.ഉഷാറായിരുന്നു ആ വരവ്.മുമ്പില്‍ പോയ കാറിന്റെ മുകളിലും അകത്തുമായി പെട്ടി നിറയെ സാധനങ്ങളായിരുന്നു.പിറകിലത്തെ കാറില്‍ സുമുഖനായ ആപ്പിള്‍ ഞെളിഞ്ഞിരുന്ന് തന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു.കുറുമ്പികള്‍ ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യത്തെ കുറിച്ചു  വീണ്ടും പാടി.കുറുമ്പന്‍മാര്‍ക്ക് തെക്കോട്ടു നോക്കിയിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല.അന്ന് രാത്രി മിക്ക വീട്ടിലെ റേഡിയോകളും അല്‍പം ഉച്ചത്തില്‍ തന്നെയാണ് ശബ്ദിച്ചത്.കുറുമ്പികളന്ന് കുറുമ്പന്‍മാര്‍ക്ക് സ്വസ്ഥതകൊടുത്തിട്ടുണ്ടാകില്ല..!

പിന്നെ കുറച്ചു നാള്‍ ആപ്പിളിന്റെ വീട്ടില്‍ ഉത്സവമായിരുന്നു .പൊന്നിന്റെ ഭാരം കാരണം ആപ്പിളിന്റെ ഭാര്യയുടെ കഴുത്തൊടിയുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല ആപ്പിളിന്റെ ഭാര്യയുടെ തലയെടുപ്പ് നാള്‍ക്കുനാള്‍ കൂടി വരികയായിരുന്നു.കൈകൊണ്ട് ചുരണ്ടി വര്‍ക്ക് ചെയ്യിക്കുന്ന ഫോണ്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ആപ്പിളിന്റെ മൂത്ത മകനായിരുന്നു.എന്നിരുന്നാലും ആപ്പിള്‍ കഥകള്‍ ഇങ്ങനെ തുടരാന്‍ നാട്ടുകാര്‍ താല്‍പര്യം കാണിച്ചില്ല.അങ്ങനെ ആഘോഷങ്ങള്‍ക്കു പതുക്കെ നിറം മങ്ങി തുടങ്ങി.

 വീണ്ടും ആപ്പിള്‍ കഥയില്‍ നിറയുന്നത് അന്നായിരുന്നു.അന്നായിരുന്നു ആപ്പിള്‍ വീട്ടില്‍ തനിച്ചായത്.അന്നാണ് ആപ്പിളിന്റെ ഭാര്യയും മക്കളും ഒഴിച്ചുകൂട്ടാനാകാത്ത ഒരു കല്യാണത്തിന് പോയത്.അതിഭീകരമായ വയറു വേദന മൂലം ആപ്പിള്‍ അന്ന് പുറത്തിറങ്ങിയതേയില്ല എന്ന് പറയാനുമാകില്ല.ആപ്പിള്‍ അന്നേ ദിവസം ഒരേയൊരു തവണ വീടിന്റെ മുറ്റം വരെ പോയി വന്നിരുന്നു.ഭീകരമായ വയറു വേദനയും സഹിച്ച് ആപ്പിള്‍ മുറ്റത്തേക്കിറങ്ങിയത് കല്യാണത്തിന് പോയി തിരിച്ചെത്തുന്ന ഭാര്യ ഉണ്ടാക്കാന്‍ പോകുന്ന കോലാഹലങ്ങളോര്‍ത്ത് പേടിച്ചിട്ടാണ്.എന്തെന്നാല്‍ അന്ന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് അക കണ്ണാലെ മനസ്സിലാക്കിയ ആപ്പിളിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആപ്പിളിനോട് ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.-

“ദേ മനുഷ്യാ,ഉറങ്ങി കളയരുത്.മുറ്റത്ത് തുണി കിടപ്പുണ്ട്.മഴയ്ക്കു മുന്‍പ് എടുത്ത് അകത്തിടണം.കേട്ടല്ലോ...!”

ആപ്പിള്‍ അത് മറന്നില്ല.മറന്നാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ പറ്റി അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.മഴപെയ്യുന്നതിനു മുന്‍പ് തുണിയെടുത്തില്ലയെങ്കിലും അധികം നനയാന്‍ ഇട വരുത്താതെ എല്ലാ തുണികളും അശയില്‍ നിന്നെടുത്ത് അയാള്‍ അകത്തു കൊണ്ടു വന്നിട്ടു.വയറു വേദനയ്ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍ത്തിരിവില്ലാത്തതുകൊണ്ട് ആപ്പിള്‍ നന്നേ ക്ഷീണിച്ചിരുന്നു.അങ്ങനെ ക്ഷീണം കാരണം അയാള്‍ കുറച്ചു നേരം ഉറങ്ങി.

ഉച്ച കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയുടേയും കുഞ്ഞികുട്ടിപരാദീനങ്ങളുടേയും ബഹളം കേട്ടാണ് അയാള്‍ ഉണരുന്നത്.ഉറങ്ങിയെണ്ണീറ്റപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു.അങ്ങനെ  സ്വീകരണമുറിയിലെ സോഫയില്‍ വന്നിരുന്നു ചാനല്‍ മാറ്റി തുടങ്ങുമ്പോഴാണ് അകത്ത് നിന്ന് ഭാര്യയുടെ ഒച്ച ഉച്ചത്തിലായത്.കലിതുള്ളി രംഗപ്രവേശനം ചെയ്ത ഭാര്യ തന്റെ കൈയിലിരുന്ന തുണി ആപ്പിളിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു.

“ഏതവളുടേതാണിത്..?ഞാന്‍ പോയ തക്കത്തിന് നിങ്ങളാരേയാണ് ഇവിടെ വിളിച്ചു കയറ്റിയത് ..?”

ബ്ലിഗസ്യനായി നില്‍ക്കുന്ന ആപ്പിള്‍ തന്റെ മുഖത്തേക്ക് വന്നു പതിച്ച തുണിയിലേക്ക് തന്റെ രണ്ടു കണ്ണുകളുമെടുത്തിട്ടു.അതൊരു ബ്ലൗസ്സായിരുന്നു.ഇളം നീല നിറത്തിലുള്ള ഒരു ചെറിയ ബ്ലൗസ്സ്..!
ഒന്നും മനസ്സിലാകാതെ നിന്ന ആപ്പിളിന്റെ ചോദ്യം തീര്‍ത്തും നിഷ്‌കളങ്കമായിരുന്നു -

“ഇത് നിന്റേതല്ലേ..അതിനെന്താ..?”

“ടോ എരപ്പ് മനുഷ്യാ,എനിക്കെവിടാടോ ഇത്രയ്ക്കും ചെറിയ ബ്ലൗസ്സുള്ളത്.പറയെടോ,ഏത് മെലിഞ്ഞവളാ ഇവിടുന്നിറങ്ങി പോയത്..?”

“എടീ ഇത് നിന്റേതു തന്നെയായിരിക്കും.അല്ലാതെ ഇവിടെയാര് വരാനാണ്.നിനക്കെന്നെ വിശ്വാസമില്ലേ...?”

“ഇല്ല..ഒട്ടുമില്ല.എന്റെ പിള്ളാരുടെ അച്ഛനായോണ്ട് പറയുകയല്ല.എനിക്കു നിങ്ങളെ ഒട്ടും വിശ്വാസമില്ല.”

“നീയിത് എന്തോന്നാണ്.ഇവിടെയാരെയെങ്കിലും വിളിച്ചു കയറ്റേണ്ടുന്ന കാര്യമെന്താണ് എനിക്ക്.വേണമെങ്കില്‍ എനിക്ക് അങ്ങു വെച്ചേ ആകാമായിരുന്നില്ലേ..?”

“ഓഹോ..നിങ്ങള്‍ക്കവിടേം ഉണ്ടായിരുന്നല്ലേ..”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ..ഇവിടെയാരും വന്നിട്ടില്ല.”

അങ്ങനെ പറഞ്ഞുകൊണ്ട് ആപ്പിള്‍  വലതു വശത്തേക്കൊന്നു നോക്കി.അപ്പോള്‍ അങ്ങനെ നോക്കാന്‍ ആപ്പിളിന് പ്രത്യോകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല.ആപ്പിള്‍ നോക്കുന്നതു കണ്ട് ഭാര്യയും ആ വശത്തേക്കൊന്നു നോക്കി.വലതുവശത്തുള്ള ജനലിലൂടെ നോക്കിയാല്‍ അടുത്ത വീട്ടിലെ ഉമ്മറവും അവിടെയാരെങ്കിലും നില്‍പ്പുണ്ടെങ്കില്‍ അവരേയും കാണാം.ആ വീട്ടില്‍ താമസിച്ചിരുന്നത് ഓറഞ്ചും കുടുംബവുമായിരുന്നു.ആപ്പിളും ഭാര്യയും അവിടേക്ക് നോക്കിയ സമയത്ത് ഓറഞ്ചിന്റെ ഭാര്യ കുളി കഴിഞ്ഞു വന്ന് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു കുടഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു.ആപ്പിളിന്റെ ഭാര്യ ഇതു കണ്ടതും വീണ്ടും പൊട്ടി തെറിച്ചു.

“ഇപ്പോളെനിക്കെല്ലാം മനസ്സിലായി.നിങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ ഓറഞ്ചിന്റെ വീട്ടിലേക്ക് ചോക്കലേറ്റ് കൊടുത്തപ്പോള്‍ രണ്ടെണ്ണം കൂടി വെച്ചേക്കെടീ എന്ന് പറഞ്ഞതൊക്കെ എനിക്കിപ്പോള്‍ മനസ്സിലായി.ആ നെത്തോലി പെണ്ണിന് കൊടുക്കാനായിരുന്നല്ലേ.മനസ്സിലായി എനിക്കെല്ലാം മനസ്സിലായി.ഞാന്‍ വെറും മണ്ടിയാണെന്ന് നിങ്ങള്‍ കരുതിയോ..?”

“തോന്ന്യാസം പറയാതെടീ,ഇത് അവളുടേതൊന്നുമല്ല..”

“ഓഹോ..അപ്പോള്‍ അവളുടേത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലേ.ഇത് അവളുടേതല്ലല്ലേ..നിങ്ങളിനി ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി.”

“നിനക്കൊരു പുല്ലും മനസ്സിലായില്ല.കേറി പോണുണ്ടോ അകത്ത്.”

ഇപ്പോള്‍ കലിതുള്ളിയത് ആപ്പിളാണ്.അകത്തേക്ക് പോകാന്‍ പറഞ്ഞതു കേള്‍ക്കേണ്ട താമസം ആപ്പിളിന്റെ ഭാര്യ പുറത്തേക്കൊറ്റ പോക്ക്.നേരെ പോയത് ഓറഞ്ചിന്റെ വീടിലേക്കാണ്.കൊടിയും പിടിച്ചു പോരിനു പോകുന്ന യോദ്ധാവിന്റെ വീര്യമുണ്ടായിരുന്നു ആ മുഖത്ത്.പക്ഷെ കൊടിക്കു പകരം ബ്ലൗസ്സായിരുന്നു എന്ന് മാത്രം.

ആപ്പിളിന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതുകണ്ട് ചിരിയോടെ വരവേറ്റ ഓറഞ്ചിന്റെ ഭാര്യയുടെ മുഖത്തേക്ക് നീട്ടിയൊരാട്ട് വെച്ചു കൊടുത്താണ് ആപ്പിളിന്റെ ഭാര്യ സംഭാഷണം തുടങ്ങിയത്.

“നിന്നെ ഞാന്‍ ശരിക്കും കുളിപ്പിക്കുന്നുണ്ടെടീ..നീയെന്റെ ഭര്‍ത്താവിനെ കണ്ണും കൈയും കാണിച്ച് വശത്താക്കുമല്ലേ..നെത്തോലി.ഇങ്ങോട്ടിറങ്ങി വാടീ..നിന്റെ ഈ ബ്ലൗസ്സ് എങ്ങനെയാണെടീ എന്റെ വീട്ടില്‍ വന്നത്.”

കാര്യമൊന്നും മനസ്സിലാകാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ ആകെ പറഞ്ഞത് അത് തന്റെ ബ്ലൗസ്സല്ല എന്നാണ്.പക്ഷെ ആപ്പിളിന്റെ ഭാര്യയ്ക്ക് അതങ്ങനെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.

“ഇത്രയും ചെറിയ ബ്ലൗസ്സ് ആരുടേതാണെന്ന് ഈ നാട്ടില്‍ എല്ലാര്‍വര്‍ക്കുമറിയാമെടീ..നെത്തോലി..”

“ദേ പെണ്ണുമ്പിള്ളേ മര്യാദയ്ക്ക് സംസാരിച്ചോണം.”-അങ്ങനെ അത്രയും നേരം പൂച്ചയെ പോലെ മിണ്ടാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ തന്റെ വണ്ടി സ്റ്റാര്‍ട്ടാക്കി തുടങ്ങി.അതൊരു വന്‍ യുദ്ധത്തിലേക്കുള്ള തുടക്കമായിരുന്നു.അവിടുന്നൊരു വിധത്തിലാണ് ആപ്പിള്‍ തന്റെ ഭാര്യയെ പിടിച്ചുകൊണ്ടു വന്നത്.

പക്ഷെ..എങ്ങനെയോ വിവരങ്ങളൊക്കെയറിഞ്ഞു വന്ന ഓറഞ്ച് ആപ്പിളിന്റെ വീട്ടിലേക്ക് വന്ന് മുറിയിലിരുന്നിരുന്ന ആപ്പിളിന്റെ കവിളത്തു തന്നെയൊന്നു പൊട്ടിച്ചു.ആപ്പിള്‍ അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അടുത്തവസരം നോക്കി അയാള്‍ ഓറഞ്ചിന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൊടുത്തു.രണ്ടു പേരും തമ്മിലങ്ങനെ പിടിയും വലിയും മൂത്തത്തോടെ അത് വരെ കണ്ട് രസിച്ചിരുന്ന നാട്ടുകാര്‍ രണ്ട് പേരെയും പിടിച്ചു മാറ്റി.

അന്ന് രാത്രി ഓറഞ്ചിന്റെ വീട്ടിലേക്ക് കുറച്ച പ്രമാണിമാര്‍ വന്നു.

“നമ്മുടെ സമുദായത്തിനെ മൊത്തത്തിലല്ലേ അവന്‍ അധിക്ഷേപിച്ചത്.ഇതൊക്കെ കണ്ടിട്ട് ഞങ്ങളെങ്ങനെ അടങ്ങിയിരിക്കും.ഓറഞ്ചേ,നീ ധൈര്യാമായിട്ടിരിക്ക്.നമ്മുടെ കൂട്ടരുടെ ശക്തിയെന്താണെന്ന് അവനെ നമ്മള്‍ പഠിപ്പിക്കും..”

ഇതറിഞ്ഞ ആപ്പിളിന്റെ സമുദായക്കാര്‍ വെറുതെയിരിക്കുമോ.അവരും കൊടുത്തു ആപ്പിളിന് പ്രൊട്ടക്ഷന്‍.അങ്ങനെയൊക്കെയാണ് ഒരു ചെറിയ ബ്ലൗസ് ആഗോള പ്രശ്‌നമായി മാറിയത്.രണ്ട് ജാതിക്കാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം തുടങ്ങി.വാക്കുകള്‍കൊണ്ട് തുടങ്ങിയത് പിന്നെ കലാപത്തിലേക്ക് മാറുകയായിരുന്നു.ആയുധ കലാപം.കലാപത്തെ തുടര്‍ന്ന് ആപ്പിളിനേയും ഓറഞ്ചിനേയും മറ്റ് നേതാക്കന്‍മാരേയും പോലീസ് അറസ്റ്റു ചെയ്തു.അതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടര്‍ വാഹനം കത്തിച്ചതും മറു കൂട്ടര്‍ കടകള്‍ തല്ലി തകര്‍ത്തതും.

കഥയിതുവരെയെത്തി നില്‍ക്കുമ്പോള്‍,കലാപം ഉച്ചസ്ഥായിലെത്തിയപ്പോള്‍ കഥയൊന്നുമറിയാതെ ഒരാള്‍ ആ നാട്ടില്‍ വണ്ടിയിറങ്ങി.അവര്‍ നേരെ പോയത് ആപ്പിളിന്റെ വീട്ടിലേക്കായിരുന്നു.ഗേറ്റും തുറന്ന് അകത്തേക്കു കയറുമ്പോള്‍ അയയില്‍ മഴ നനഞ്ഞു കിടക്കുന്ന ബ്ലൗസ് അവര്‍ കണ്ടു.കലാപകാരിയായ അതേ ബ്ലൗസ്.അവര്‍ അയയില്‍ നിന്നും ബ്ലൗസ്സെടുത്ത് നന്നായി പിഴിഞ്ഞു.എന്നിട്ടതുമായി വീടിനകത്തേക്കു കയറി.
അകത്ത് മുറിയില്‍ ആപ്പിളിന്റെ ഭാര്യയിരിപ്പുണ്ടായിരുന്നു.അവരെ കണ്ടതും വന്നവര്‍ സംസാരിച്ചു തുടങ്ങി.

“പുതിയ ബ്ലൗസ്സായിരുന്നു.മഴ മുഴുവന്‍ നനഞ്ഞു.ആകെ രണ്ട് മൂന്നെണ്ണമേയുള്ളു.അന്ന് രാവിലെ പോകാനുള്ള ധൃതിയില്‍ കുറച്ച് മീന്‍കറി ചരിഞ്ഞതാ.ബ്ലൗസ്സില്‍ മീന്റെ മണവുമായി എങ്ങനെയാ പോകുന്നേ.ഞാനപ്പോള്‍ തന്നെ കഴുകിയിട്ടു.പക്ഷെ പോകാന്നേരം എടുക്കാന്‍ വിട്ടുപോയി.അതുകൊണ്ടെന്തായി മൂന്നു ദിവസം കടന്നങ്ങനെ നനഞ്ഞു.അവിടെ ചെന്ന് ഉടുത്തു മാറാന്‍ പെട്ടപ്പാട്.”
ഇങ്ങനെ പറഞ്ഞ് അവര്‍ അടുക്കളയിലേക്ക് പോകുകയും അവിടെ കിടന്ന പ്ലാസ്റ്റിക്ക് കവറെടുത്തുകൊണ്ട് വന്ന് ബ്ലൗസ്സിനെ ഭദ്രമായി അതിലേക്കിറക്കി വെക്കുകയും ചെയ്തു.

“ഈ മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു.ആശുപത്രിയിലൊക്കെ ഇപ്പോള്‍ എത്രയാ കൊടുക്കണ്ടേ..കാശില്ലാത്തവര്‍ക്കൊന്നും ആശുപത്രിയില്‍ പ്രസവിക്കാന്‍ പറ്റില്ലെന്നായി..”

ആ നീല ബ്ലൗസ്സിന്റെ ഉടമ ഒരു സ്ത്രീ തന്നെയാണ്.അവര്‍ക്ക് പ്രായം അന്‍പത്തിയേഴ്.മെലിഞ്ഞ ശരീരം.ആപ്പിളിന്റെ വീട്ടിലെ വേലക്കാരി.
അതായത് ബ്ലൗസ്സ് കഥ നടക്കുന്നതിന്റെ രാവിലെ അവര്‍ക്കൊരു ഫോണ്‍ വന്നു.മകളെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നായിരുന്നു.ധൃതിയില്‍ അടുക്കളയിലെ പണി തീര്‍ത്ത് പോകാനായി നിന്ന അവരുടെ ബ്ലൗസിലേക്ക് പാവം മീന്‍കറി ചട്ടി ചരിഞ്ഞു.മീന്‍ നാറുന്ന ബ്ലൗസ്സുമായി പോകാന്‍ പറ്റില്ലല്ലോ.അവരതു കഴുകി അയയിലിട്ടു.ആ പുതിയ നീല ബ്ലൗസ്സങ്ങനെ ആപ്പിളിന്റെ ഭാര്യയുടെ തുണിക്കൊപ്പം കിടന്നു.വേലക്കാരിയുടെ പുതിയ ബ്ലൗസ്സ് ആപ്പിളിന്റെ ഭാര്യയ്ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.അത്രയ്ക്കുള്ള ബുദ്ധിയില്ലാരുന്നു എന്ന് പറയുന്നതാണ് വാസ്തവം.

ബ്ലൗസ്സിന്റെ ഉടമ മുന്നില്‍ വന്നു നിന്നെങ്കിലും നാട്ടിലെ കലാപത്തെ കുറിച്ചൊന്നും ആപ്പിളിന്റെ ഭാര്യ അവരോട് പറഞ്ഞില്ല.കവറും അതിനുള്ളിലെ ബ്ലൗസ്സുമായി വേലക്കാരി മുറ്റത്തേക്കിറങ്ങി നരേ വടക്കോട്ടു നടന്നു.നാട്ടിലെ ഒരു പുല്‍ക്കൊടി പോലും ആ വരവും പോക്കും അറിഞ്ഞില്ല.
സത്യമറിയാവുന്ന ആപ്പിളിന്റെ ഭാര്യ ജയിലില്‍ നിന്നിറങ്ങിയ ആപ്പിളിനൊപ്പം അയാളുടെ ജോലി സ്ഥലത്തേക്ക് താമസം മാറി.ആപ്പിളും കുംടുംബവും നാട്ടില്‍ നിന്നു പോയതോടെ ഈ കഥ അവസാനിക്കുകയും കലാപം താല്‍ക്കാലികമായി കെട്ടട്ടങ്ങുകയും ചെയ്തു.

Thursday, March 21, 2013

100 ഗ്രാം വെളുത്തുള്ളി


‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’-രാമന്‍ കര്‍ത്ത തെല്ല് ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.

രാമന്‍ കര്‍ത്ത -വയസ്സ് 25.വെളുത്തുള്ളി പോലെ വെളുത്ത നിറം.60 കിലോ തൂക്കം.ഒത്ത പൊക്കം-എന്നിരിക്കിലും ആളൊരു ചൂടനാണ്.,അഭ്യസ്തവിദ്യനും സര്‍വോപരി തൊഴില്‍ രഹിതനുമാണ്.ആകെയുള്ള ഒരു കുഴപ്പമെന്നു പറയുന്നത് രാമന്‍ കര്‍ത്ത ഒരു പാട്ടെഴുത്തുകാരനാണ് എന്നുള്ളതാണ്.തെക്കിനിയിലിരുന്ന് നാഗവല്ലി പാടുന്നതുപോലെ രാത്രിയില്‍ രാമന്‍ കര്‍ത്തയുടെ മുറിക്കുള്ളില്‍ നിന്നും കേള്‍ക്കാം ചില അപശബ്ദങ്ങള്‍.അപ്പോള്‍ വിചാരിച്ചോണം-കക്ഷി പാട്ടെഴുത്ത് തുടങ്ങിയെന്ന്.

അക്ഷരം കൂട്ടി വായിക്കാന്‍ എന്നു തുടങ്ങിയോ,നാലുവരി തെറ്റു കൂടാതെഴുതാന്‍ എന്നു പഠിച്ചോ-അന്ന് രാമന്‍ കര്‍ത്ത ഒരു പാട്ടെഴുത്തുകാരനായി.ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും കരുതിയത് രാമന്‍ കര്‍ത്ത നാളത്തെ വയലാറോ ഗിരീഷ് പുത്തഞ്ചേരിയോ ഒക്കെ ആകുമെന്നായിരുന്നു.പക്ഷെ വളര്‍ന്നുകൊണ്ടിരുന്ന രാമന്‍ കര്‍ത്ത സ്‌പെഷ്യലൈസ് ചെയ്തത് -‘ഖല്‍ബാണ് ആമിന’, ‘നീയാണ് റസിയ’, ‘മുത്തെ നീ ഫാത്തിമ’-തുടങ്ങിയവയിലായിരുന്നു.അതാകുമ്പോള്‍ പുട്ടിനു പീരപോലെ ഇടയ്ക്കിടയ്ക്ക് തേന്‍,ഖല്‍ബ്,മുഹബത്ത്,മുത്ത്,മൈലാഞ്ചി,സുറുമ ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്താല്‍ മതിയല്ലോ.ഏത്..?

നിങ്ങളുടെ അറിവിലേക്കായി രാമന്‍ കര്‍ത്തയുടെ പ്രശസ്തമായൊരു മാപ്പിളപ്പാട്ട് ചുവടെ ചേര്‍ക്കുന്നു.ആസ്വദിക്കുമല്ലോ.

‘മുത്തേ നീ ഫാത്തിമ-എന്‍-
ഖല്‍ബില്‍ ഗസലായി ഫാത്തിമ
മൊഞ്ചത്തി നീ വാ അരികെ
ചേലേറുന്നൊരു പൂങ്കനവായി..’

ഇങ്ങനെ രാമന്‍ കര്‍ത്ത ആശാന്‍ മുന്നൂറില്‍ പരം പാട്ടുകളെഴുതി.അതില്‍ ചിലതിന് സംഗീതം കൊടുക്കുക എന്ന സാഹസം കൂടി ആശാന്‍ കാണിച്ചിട്ടുണ്ട്.അങ്ങനെ ചുരുക്കി പറഞ്ഞാല്‍ മാപ്പിളപ്പാട്ട് കാസെറ്റ് രംഗത്ത് എതിരാളികളില്ലാതെ ഒരു വടവൃക്ഷമായി രാമന്‍ കര്‍ത്ത പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.

പക്ഷെ കഴിഞ്ഞ രണ്ട് മാസമായി രാമന്‍ കര്‍ത്ത പാട്ടുകളൊന്നും എഴുതിയട്ടില്ല.പാട്ടെഴുതാന്‍ വേണ്ടി രാവു തെളിയുമ്പോള്‍ എന്നും മുറിയില്‍ കയറി അടയിരിക്കും.എന്നാല്‍ പാട്ടു മാത്രം വിരിഞ്ഞില്ല.എന്താണ് കാരണം -രാമന്‍ കര്‍ത്ത ആലോചിച്ചു.ആലോചന തന്നെ തന്നെ.മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നും,ചരിഞ്ഞും തിരിഞ്ഞും കിടന്നും, മുകളിലോട്ടും കിഴക്കോട്ടും നോക്കിയും-ആലോചന തന്നെ.ഒടുക്കത്തെ ആലോചന.

അന്ന് രാത്രി സമയം പതിനൊന്ന് മുപ്പതായപ്പോള്‍ രാമന്‍ കര്‍ത്ത ഞെട്ടലോടെ അതിന്റെ കാരണത്തിലെത്തി ചേര്‍ന്നു.

‘ Permutation .. !! ’

അതെ.അതു തന്നെ.(അതിന്റെ മലയാളം അര്‍ത്ഥമൊന്നും ചോദിക്കരുത്. ‘രാമന്‍ കര്‍ത്ത’ ഇംഗ്ലീഷിലും മലയാളത്തിലും ‘രാമന്‍ കര്‍ത്ത’ എന്നു തന്നെയല്ലേ.അങ്ങനെയങ്ങ് കരുതിയാല്‍ മതി ഇതും.അല്ല പിന്നെ.)

സാവിത്രി ടീച്ചര്‍ പഠിപ്പിച്ചതുകൊണ്ട് മാത്രമാണ് രാമന്‍ കര്‍ത്ത പ്ലസ്ടുവിന് മാത്തമാറ്റിക്‌സ് പാസ്സായത്.അത് ചരിത്രം.സാവിത്രി ടീച്ചര്‍ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും പഠിപ്പിക്കുമ്പോള്‍ രാമന്‍ കര്‍ത്തയ്ക്ക് ആയിരം കണ്ണുകളും ആയിരം ചെവികളുമുണ്ടായിരുന്നു.മൂന്നാമത്തെ ബെഞ്ചില്‍ നാലാമതിരുന്നവന്‍ വെളുത്ത പൊട്ടുകളുള്ള ചുവന്ന സാരിയും കറുത്ത ബ്ലൗസും ധരിച്ച സാവിത്രി ടീച്ചറിന്റെ കണ്ണിലെ തിളക്കം കണ്ട് കവിതകളെഴുതി.

അതെ.ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും രാമന്‍ കര്‍ത്ത പച്ചവെള്ളം പോലെ പറയും പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും എന്താണെന്ന്.എട്ടിന്റെ ഫാക്‌ടോറിയല്‍-‘നാല്‍പതിനായിരത്തി മുന്നൂറ്റിയിരുപത് ’-ഇങ്ങനെ നിലവിളിച്ചുകൊണ്ട് എത്രയോ സ്വപ്നങ്ങളില്‍ നിന്ന് രാമന്‍ കര്‍ത്ത ഞെട്ടിയുണര്‍ന്നിരിക്കുന്നു.

എന്നാല്‍ തനിക്ക് പാട്ടെഴുതാന്‍ പറ്റാത്തതിന്റെ കാരണം പെര്‍മ്യൂട്ടേഷനാണ് എന്ന് രാമന്‍ കര്‍ത്ത കണ്ടെത്തിയതിന്റെ കാരണം എന്തായിരിക്കും.അത് രാമന്‍ കര്‍ത്തയോട് തന്നെ ചോദിക്കേണ്ടി വരും.

ചോദ്യം-‘മിസ്റ്റര്‍ രാമന്‍ കര്‍ത്ത,താങ്കളുടെ പാട്ടുകള്‍ കേള്‍ക്കാതെ രണ്ട് മാസക്കാലം എങ്ങനേയോ തട്ടീം മുട്ടീം ജീവിച്ചുപോയ ഒരു പാവം ആരാധകനാണ് ഞാന്‍.എന്തുകൊണ്ടാണ് ആ അനുഗ്രഹീത തൂലികയില്‍ നിന്ന് പാട്ടുകളൊന്നും പിറക്കാതിരുന്നത്.?’

ഉത്തരം-‘മുത്ത്,ഖല്‍ബ്,ഫാത്തിമ,സുറുമ,കരള്-ആകെയുള്ള അഞ്ച് വാക്കുകള്‍ ഞാനെന്റെ പാട്ടുകളിലോരോന്നിലായി പരമാവധി (120 തവണ) ഉപയോഗിച്ചു കഴിഞ്ഞു.പെര്‍മ്യൂട്ടേഷന്‍ പ്രകാരം അഞ്ചിന്റെ ഫാക്‌ടോറിയല്‍ നൂറ്റിയിരുപത് ആണെന്നിരിക്കെ-എനിക്ക് ഈ വാക്കുകള്‍ കൂട്ടിവെച്ച് പുതിയൊരു കോമ്പിനേഷന്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല.’

മനസ്സിലാകാത്തവര്‍ക്കായി ചുരുക്കി പറയുകയാണെങ്കില്‍-രാമന്‍ കര്‍ത്തയുടെ പാട്ടിന്റെ സംഗതികളുടെ സ്റ്റോക്ക് തീര്‍ന്നു.പുതിയൊരു പാട്ടെഴുതാന്‍ രാമന്‍ കര്‍ത്തയുടെ കൈയില്‍ ഭംഗി വാക്കുകളോ വിശേഷണങ്ങളോ -എന്നുമാത്രമല്ല ഒരു പുല്ലും തന്നെയില്ല.

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം അതീവ സന്തോഷവാനായി രാമന്‍ കര്‍ത്ത മുറിയില്‍ കയറി വാതിലടച്ചു.സീനെന്താണെന്നു വെച്ചാല്‍ രാമന്‍ കര്‍ത്തക്ക് പാട്ടില്‍ ചേര്‍ക്കാന്‍ പുതിയ കുറച്ചു വാക്കുകള്‍ കിട്ടിയിരിക്കുന്നു.എഴുതിയും തിരുത്തിയും എഴുതിയും തിരുത്തിയും അന്ന് രാമന്‍ കര്‍ത്ത ആറ് പാട്ടുകളെഴുതി.തീര്‍ന്നപ്പോഴേക്കും നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.ക്ഷീണിതനായി,സന്തോഷവാനായി രാമന്‍ കര്‍ത്ത സുഖമായി ഉറങ്ങി.

                                


ഠൗണ്‍ ഹാള്‍.വന്‍ജനാവലി തന്നെ എത്തിയിട്ടുണ്ട്.വേദിയില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രസംഗിക്കുന്നു.രാമന്‍ കര്‍ത്ത ഡയസില്‍ പ്രസന്നവദനനായി തലയെടുപ്പോടെ ഇരിക്കുന്നു.മോഹന്‍ലാലിന്റെ ശബ്ദം -

‘മലയാള മാപ്പിളപ്പാട്ട് രംഗത്തെ സുല്‍ത്താന്‍,പാട്ടുകളുടെ കൂട്ടുകാരന്‍,നമ്മുടെ പ്രിയങ്കരന്‍,രാമന്‍ കര്‍ത്തയുടെ പുതിയ കാസെറ്റ് ‘എന്റെ മൊഞ്ചത്തിക്ക് ’നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടു കൂടി പ്രകാശനം ചെയ്തതായി ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു’

കാതടപ്പിക്കുന്ന കരഘോഷം.നിറകണ്ണുകളോടെ നന്ദിവാക്ക് പറയാന്‍ രാമന്‍ കര്‍ത്ത എഴുന്നേല്ക്കുന്നു.ഒന്ന്..രണ്ട്..മൂന്ന്..മൂന്നേ മൂന്നടി നടന്നതും ആരുടേയോ കാലില്‍ തട്ടി കുരുങ്ങി രാമന്‍ കര്‍ത്ത സ്റ്റേജിലേക്ക് നെഞ്ചും തല്ലി വീഴുന്നു.

‘അയ്യോ..!’-

രാമന്‍ കര്‍ത്ത സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കണ്ണും തിരുമ്മിയിരിക്കുമ്പോള്‍ മൊബൈല്‍ ഉറക്കെ കരയാന്‍ തുടങ്ങി.കേള്‍ക്കുന്നത് മൊബൈലിന്റെ റിമൈന്‍ഡര്‍ അലാറമാണ്.രാമന്‍ കര്‍ത്ത ഫോണെടുത്തു നോക്കിയതും കട്ടിലില്‍ നിന്ന് ചാടിയെണ്ണീറ്റ് ഉടുതുണിപോലുമില്ലാതെ ബാത്ത്‌റൂമിലേക്കോടിയതും സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

എന്താണ് സംഗതി.ഇന്ന് ഫെബ്രുവരി 17 ബുധനാഴ്ച-അവളുടെ പിറന്നാളാണ്.അവളെന്നു പറഞ്ഞാല്‍ ശശിധരന്റേയും മായയുടേയും രണ്ടാമത്തെ മകള്‍ മാളവിക എം.എസിന്റെ-അതായത് കഥാനായകന്‍ രാമന്‍ കര്‍ത്തയുടെ പ്രണയിനി മാളുവിന്റെ.(വീണ്ടും)അതായത് ഉടുതുണിപോലുമില്ലാതെ രാമന്‍ കര്‍ത്ത ഓടിയ ദിവസം മാളവികയുടെ ഇരുപത്തിനാലാം ജന്‍മദിവസമായിരുന്നു.ഇതാണ് സംഗതി.

എന്നാല്‍ ഇതുമാത്രമല്ല സംഗതി.ആറുപാട്ടുകളെഴുതി ലേറ്റായി ഉറങ്ങിയ രാമന്‍ കര്‍ത്ത എണ്ണീറ്റത് കാലത്തെ 9.15-നാണ്.മാളവികയെ കാണാനും പിറന്നാള്‍ സമ്മാനം കൊടുക്കാനും 9.45-ന് എത്താമെന്നേറ്റതാണ് രാമന്‍ കര്‍ത്ത.അവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതു മൂലവും അതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ മൂലവും രാമന്‍ കര്‍ത്തായും മാളവികയും തമ്മില്‍ കണ്ടിട്ട് നാല് മാസത്തിലേറേയായിരുന്നു.അതിനാല്‍ തന്നെ വളരെ നിര്‍ണ്ണായകമായ ഒരു മീറ്റിങ്ങാണ് രാമന്‍ കര്‍ത്തയും മാളവികയും പിറന്നാള്‍ ദിനത്തില്‍ അതീവ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത്.

എന്നാല്‍ പല്ലുതേപ്പും കുളിയും കഴിഞ്ഞു രാമന്‍ കര്‍ത്ത പുറത്തിറങ്ങിയത് 9.30-നാണ്.കഴിച്ചില്ല,മുടി ചീകിയില്ല,ഷര്‍ട്ടിലെ ആറു ബട്ടണുകളില്‍ അഞ്ചാമത്തേത് ഇട്ടില്ല,സിബ് പകുതി അടച്ചില്ല-അങ്ങനെ രാമന്‍ കര്‍ത്ത വീടിനു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്ന് അമ്മയുടെ വിളി കേട്ടു.ശകുനത്തില്‍ വിശ്വാസമുള്ള രാമന്‍ കര്‍ത്ത തറയില്‍ ആഞ്ഞു ചവിട്ടികൊണ്ട് തിരിഞ്ഞു നിന്നു.

അടുക്കള വശത്തു നിന്ന് രാമന്‍ കര്‍ത്തയുടെ അമ്മയുടെ ശബ്ദം -

‘ടാ വരുമ്പോള്‍ ധന്യയില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങണം.ലിസ്റ്റ് ഡൈനിങ്ങ് ടേബിളിന്റെ മുകളിലിരുപ്പുണ്ട്.ആ പിന്നെ,അതിനടുത്തായി കറണ്ടു ബില്ലും വെച്ചിട്ടുണ്ട്.അതുകൂടി അടച്ചേക്കണം.’

വേണമെങ്കില്‍ ഇതൊന്നു ഗൗനിക്കാതെ രാമന്‍ കര്‍ത്തക്ക് ഇറങ്ങി ഓടാമായിരുന്നു.പക്ഷെ രാത്രി അത്താഴം കിട്ടില്ല-എന്ന ഒറ്റ കാരണംകൊണ്ട് രാമന്‍ കര്‍ത്ത അകത്തേക്ക് കയറി.

വീണ്ടും അമ്മയുടെ ശബ്ദം-

‘ടാ അവിടുന്ന് കുറച്ച് പഴയ പേപ്പറിങ്ങെടുത്തേ.കത്തിച്ച് വെള്ളം ചൂടാക്കാനാണ്.’

അങ്ങനെ പേപ്പറും കൊടുത്ത് വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റും കറണ്ടു ബില്ലുമെടുത്ത് രാമന്‍ കര്‍ത്ത പുറത്തേക്കിറങ്ങി.വിലപ്പെട്ട അഞ്ച് മിനുട്ടുകളാണ് രാമന്‍ കര്‍ത്തക്ക് നഷ്ടമായത്.അതോര്‍ത്തുകൊണ്ട് രാമന്‍ കര്‍ത്ത ബസ്റ്റോപ്പിലേക്ക് പാഞ്ഞു.

അത്യാവശ്യമായി എവിടെയങ്കിലും പോകാന്‍ ബസ്സു കാത്തു നില്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു മാറ്റവുമില്ലാതെ സംഭവിക്കുന്ന സംഗതി ഇവിടെ രാമന്‍ കര്‍ത്തയുടെ ജീവിതത്തിലും ആവര്‍ത്തിച്ചു.-ബസ്റ്റോപ്പിലെത്തിയ രാമന്‍ കര്‍ത്തയുടെ മുന്നിലേക്ക് മരുന്നിനു പോലും ഒരു ബസ്സു വന്നില്ല.വെറുതെ നില്‍ക്കുമ്പോഴൊക്കെ അഞ്ച് സെക്കന്റിടവിട്ട് ബസ്സ് പോകുന്നതാണ്.അതല്ലേലും അങ്ങനെയാണല്ലോ.വിശന്നിരിക്കുമ്പോള്‍ ബിരിയാണി കിട്ടുകയുമില്ല,വയറിളക്കം പിടിച്ചു കിടക്കുന്ന ദിവസം അച്ഛന്‍ ബിരിയാണി വാങ്ങിക്കൊണ്ട് വരികയും ചെയ്യും-രാമന്‍ കര്‍ത്ത ഓര്‍ത്തു.

വന്നിട്ട് അഞ്ച് മിനിട്ടുകള്‍ കഴിയുന്നു.മാളവികയുടെ മൊബൈല്‍ ഫോണൊക്കെ വീട്ടില്‍ വാങ്ങി പൂട്ടിവെച്ചിരിക്കുകയാണ്.(സ്വാഭാവികം..പ്രണയം വീട്ടിലറിയുന്ന ദിവസം എല്ലാ പെണ്‍കുട്ടികളുടേയും മാതാപിതാക്കള്‍ ചെയ്യുന്ന സ്ഥിരം കലാപരിപാടി)അല്ലെങ്കില്‍ അവളെ വിളിച്ചെങ്കിലും അറിയിക്കാമായിരുന്നു.-

‘എടി പെണ്ണേ,പോയി കളയരുത്.നിന്റെ പ്രിയപ്പെട്ടവന്‍ ബസ്സുകിട്ടാതെ ഏഴെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറത്ത് പ്രാന്തായി നില്‍പ്പുണ്ട്.കുറച്ചു നേരം കൂടി കാത്തു നില്‍ക്കൂ.നിനക്ക് പിറന്നാള്‍ സമ്മാനവുമായി നിന്റെ രാമന്‍ കര്‍ത്ത എത്തുന്നതായിരിക്കും.’

ഒടുവില്‍ ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റു ചോദിച്ചു പോകാന്‍ രാമന്‍ കര്‍ത്ത തീരുമാനിച്ചു.ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാഞ്ഞതെന്തേ രാമന്‍ കര്‍ത്ത..?പിരിമുറുക്കത്തില്‍ നില്‍ക്കുമ്പോഴോക്കെ നമ്മള്‍ ആദ്യം മണ്ടത്തരങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നീട് തലമണ്ട പ്രവര്‍ത്തിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്.ഈ പാവം രാമന്‍ കര്‍ത്തയും നമ്മളിലൊരാള്‍ തന്നെ.

വന്ന ആദ്യത്തെ ബൈക്കിനു തന്നെ രാമന്‍ കര്‍ത്ത കൈ കാണിച്ചു.അത് നിര്‍ത്താതങ്ങു പോയി.(ഈശ്വരാ,ഭഗവാനേ അയാള്‍ക്കു നല്ലതുമാത്രം വരുത്തണമേ..).ദേ വീണ്ടുമൊരു ബൈക്ക്.രാമന്‍ കര്‍ത്ത കുറച്ചു കൂടി റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.ബൈക്കുകാരന്‍ വേഗത കൂട്ടി പറപ്പിച്ചങ്ങുപോയി.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന്-രാമന്‍ കര്‍ത്ത പഴയ സിദ്ധാന്തമോര്‍ത്തു.അടുത്ത ബൈക്ക് എന്തായാലും നിര്‍ത്തുമെന്നും തനിക്ക് പറഞ്ഞ സമയത്തിനു തന്നെ എത്താന്‍ കഴിയുമെന്നും രാമന്‍ കര്‍ത്ത കരുതി.വിചാരിച്ചപ്പോലെ അടുത്തതായി കൈ കാണിച്ച ബൈക്ക് കുറച്ചു മാറി ഒതുക്കി നിര്‍ത്തി.രാമന്‍ കര്‍ത്ത ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ബൈക്കിനടുത്തേക്കോടി.(പിന്നെ ദൈവത്തിന് ഇവന്‍മാരൊക്കെ പറയുമ്പോ പറയുമ്പോ ബൈക്ക് നിറുത്തികൊടുക്കല്ലല്ലേ പണി.)

ബൈക്കില്‍ വന്നയാള്‍ ധരിച്ചിരുന്ന ഹെല്‍മെറ്റൂരി മുഴങ്ങികൊണ്ടിരുന്ന ഫോണെടുത്ത് സംസാരിച്ചു തുടങ്ങി.സംഗതി,ഫോണ്‍ വന്നപ്പോള്‍ അതെടുക്കാനായി അയാള്‍ ബൈക്ക് ഒതുക്കി നിര്‍ത്തിയതാണ്.ഇതൊന്നുമറിയാതെ ആക്രാന്തത്തോടെ ഓടി വന്ന രാമന്‍ കര്‍ത്ത ‘അയ്യട’ എന്നായി.ദൈവം ചതിച്ചാശാനെ..!(അല്ലാ,ദൈവത്തിനോട് ബൈക്ക് നിര്‍ത്തണമെന്നല്ലേ പറഞ്ഞത്.അത് ദൈവം കേട്ടല്ലോ.ബൈക്ക് നിര്‍ത്തി കൊടുത്തില്ലേ.അതില്‍ കേറി പോകണമെന്ന കാര്യം നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചോടാ മണുക്കൂസ് രാമന്‍ കര്‍ത്ത?ഇല്ലല്ലോ..എന്നിട്ടവന്‍ പാവം ദൈവത്തിനെ കുറ്റം പറയുന്നു)

നിരാശനായി തിരിച്ചു നടന്ന രാമന്‍ കര്‍ത്തയുടെ ഹൃദയത്തില്‍ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് ഒരു ബസ്സ് അപ്പോള്‍ കടന്നു പോയി.അതിന് രാമന്‍ കര്‍ത്ത ആരേയും കുറ്റം പറഞ്ഞില്ല.ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് രാമന്‍ കര്‍ത്തയ്ക്ക് നന്നായി അറിയാം.കാരണം ഇനി ശേഷിക്കുന്ന അഞ്ചു മിനിട്ടുകള്‍കൊണ്ട് വിചാരിച്ച സ്ഥലത്ത് ഒരിക്കലും താന്‍ എത്തിച്ചേരുകയില്ല.അങ്ങനെ അഞ്ചു മിനിട്ടുകള്‍ കൂടി കഴിയുമ്പോള്‍ മാളവിക തന്നെ കാണാതെ കാത്തിരുന്നു മുഷിഞ്ഞു പോകുകയും ചെയ്യും.വീട്ടില്‍ വഴക്കൊക്കെയിട്ട് അമ്പലത്തില്‍ പോകണമെന്ന് കള്ളം പറഞ്ഞ് രാമന്‍ കര്‍ത്തയെ കാണാന്‍ വന്നതാണ് പാവം.അവളറിയുന്നുണ്ടോ തന്റെ പ്രാണനായകന്‍ ആറു പാട്ടുകളെഴുതി ഉറങ്ങിപോയെന്നും ഇപ്പോള്‍ ബസ്സ് കിട്ടാതെ അനാഥ പ്രേതം പോലെ അലയുകയുമാണ് എന്ന കാര്യം.

രാമന്‍ കര്‍ത്താ താടിക്കു കൈയും കൊടുത്തു ബസ്സ്‌റ്റോപ്പിലിരുന്നു.അതേ സമയത്ത് ഒരു ബസ്സു വന്നു.അയാള്‍ കയറിയില്ല.പതിനാറു ബൈക്കുകള്‍ കടന്നു പോയി.അയാള്‍ കൈകാണിച്ചില്ല.രാമന്‍ കര്‍ത്തയ്ക്കറിയാം താനിനി വിമാനം പിടിച്ചു പോയാലും അവളെ കാണാന്‍ പറ്റില്ല എന്ന്.

പക്ഷെ പെട്ടെന്നൊരു നിമിഷം,രാമന്‍ കര്‍ത്തയുടെ മുന്നില്‍ മഴവില്‍ ചിറകുകളുള്ള ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.രാമന്‍ കര്‍ത്ത അത്ഭുതപ്പെട്ടില്ല എന്ന്മാത്രമല്ല മാലാഖയെ ഒന്ന് മൈന്‍ഡ് ചെയ്യുകകൂടി ചെയ്തില്ല.ഇതൊക്കെക്കണ്ടിട്ടും ചിരിച്ചുകൊണ്ടു തന്നെ മാലാഖ രാമന്‍ കര്‍ത്തയൊട് സംസാരിച്ചു തുടങ്ങി.

‘Buddy,വിച്ച് ഈസ് യുവര്‍ ബ്ലെഡ് ഗ്രൂപ്പ്?’

‘ബി പോസിറ്റീവ് ’

‘എങ്കില്‍ നിന്റെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെയാകണം.നിന്നെ കാണാത്തപ്പോള്‍ ഒരു പത്തുമിനിട്ടു കൂടി കാത്തിരിക്കാമെന്ന് മാളവിക കരുതിയിട്ടുണ്ടാകുമെങ്കിലോ.അതൊരു പോസിബിലിറ്റി അല്ലേ.നിരാശനാകാതെ മുന്നോട്ടു തന്നെ പോകൂ കുഞ്ഞേ..All the best Buddy’

മാലാഖ എപ്പോഴത്തേതും പോലെ പുകച്ചുരുളുകള്‍ക്കുള്ളില്‍ അപ്രത്യക്ഷയായി.എന്നാല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നു കിട്ടിയ ഊര്‍ജം രാമന്‍ കര്‍ത്തയെ ഉത്സാഹത്തിലേക്കുണര്‍ത്തി.

ബസ്സ്‌റ്റോപ്പില്‍ നിന്ന് ചാടിയെണ്ണീറ്റ രാമന്‍ കര്‍ത്ത അടുത്ത വന്ന ബസ്സില്‍ തന്നെ കയറി.ബസ്സിലിരിക്കുമ്പോഴും ബസ്സിറങ്ങി തമ്മില്‍ കാണാമെന്നേറ്റ സ്ഥലത്തേക്ക് നടക്കുമ്പോഴും രാമന്‍ കര്‍ത്ത വിശ്വസിച്ചത് മാളവിക അവിടെ തന്നെയുണ്ടാകും എന്നുതന്നെയാണ്.എന്നാല്‍ അതുമാത്രം ഉണ്ടായില്ല.കാത്തിരുന്നു കാത്തിരുന്നു മാളവികപോയികഴിഞ്ഞിരുന്നു.രാമന്‍ കര്‍ത്ത നേരത്തെ കണ്ട മാലാഖയെ കുറിച്ചോര്‍ത്തു.

ഒടുവില്‍ അതു മാലാഖയല്ലെന്നും ചെകുത്താന്‍ മാലാഖയുടെ രൂപത്തില്‍ വന്നതാണെന്നും രാമന്‍ കര്‍ത്താ സ്വന്തം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി.

അതിനു ശേഷം രാമന്‍ കര്‍ത്താ പോസ്റ്റോഫീസിലേക്കും ഇലക്ട്രിസിറ്റി ആഫീസിലേക്കും പോയി.

ഇനി നമുക്ക് നൂറ് ഗ്രാം വെളുത്തുള്ളിയിലേക്ക് തിരിച്ചു വരാം.രാമന്‍ കര്‍ത്തയിപ്പോള്‍ അമ്മ വാങ്ങാന്‍ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് വായിക്കുകയാണ്.

‘100 ഗ്രാം വെളുത്തുള്ളി,രണ്ട് കിലോ പച്ചരി..’-താന്‍ സാധനങ്ങളുടെ ലിസ്റ്റ് വായിച്ചിട്ടും കടക്കാരന്‍ എന്താണ് റെസ്‌പോണ്ട് ചെയ്യാത്തത്-രാമന്‍ കര്‍ത്ത ലിസ്റ്റില്‍ നിന്നും കണ്ണെടുത്തു.

‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’

ഇത് കേട്ടു നിന്നയാള്‍ തെറി വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല.കാരണം മാലാഖയേയും മാളവികയേയും ഓര്‍ത്തുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റാണെന്ന് കരുതി രാമന്‍കര്‍ത്ത ചെന്നുകയറിയത് ഇലക്ട്രിസിറ്റി ആഫീസിലെ കൗണ്ടറിനു മുന്നിലേക്കാണ്. (courtesy: ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ - വടക്കു നോക്കി യന്ത്രം) എന്നാല്‍ അത് മനസ്സിലാക്കാന്‍ കാഷ്വര്‍ ചേട്ടന്റെ നാല് പുളിച്ച തെറിയും നീട്ടിയുള്ളരാട്ടും വേണ്ടി വന്നു എന്നു മാത്രം.

അബദ്ധം മനസ്സിലാക്കിയ രാമന്‍ കര്‍ത്ത കറണ്ട് ബില്ല് പോക്കറ്റില്‍ തപ്പി.തപ്പലോട് തപ്പല്‍ കഴിഞ്ഞിട്ടും കറണ്ട് ബില്ല് കിട്ടിയില്ല.ക്യൂവില്‍ നിന്ന മറ്റുള്ളവര്‍ ചീത്തവിളിക്കാന്‍ ആരംഭിച്ചപ്പോള്‍ രാമന്‍ കര്‍ത്ത പതുക്കെ ക്യൂവില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു.

‘എന്നാലും പോക്കറ്റില്‍ വെച്ച കറണ്ട് ബില്ലെവിടെ പോയി..’-രാമന്‍ കര്‍ത്ത തലപുകഞ്ഞു.

നടന്നതെന്താണെന്നു വെച്ചാല്‍-ഇന്നലെയെഴുതിയ ആറുപാട്ടുകള്‍ സത്യം ആഡിയോസിന് അയച്ചുകൊടുക്കാന്‍ പോസ്റ്റാഫിസില്‍ പോയ രാമന്‍ കര്‍ത്ത ബോധമില്ലാതെ കവറില്‍ വെച്ച് അയച്ചത് അവരുടെ ഈ മാസത്തെ കറണ്ട് ബില്ലായിരുന്നു.എന്നിരിക്കിലും ഒരു ചോദ്യം കൂടി ബാക്കിയാണല്ലോ.എങ്കില്‍ രാമന്‍ കര്‍ത്തായുടെ വിലപ്പെട്ട ആറ് കവിതകള്‍-അതെവിടെ പോയി.

അതിപ്പോള്‍ ഒരു പിടി ചാരമായിട്ടുണ്ടാകും.

വെള്ളം ചൂടാക്കാന്‍ കുറച്ച് കടലാസ് കൊടുക്കാന്‍ രാമന്‍ കര്‍ത്തയുടെ മാതാശ്രീ പറഞ്ഞത് ഓര്‍ക്കുന്നില്ലേ.ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നിന്ന രാമന്‍ കര്‍ത്ത കൊണ്ടു കൊടുത്ത പേപ്പര്‍ വേറെ ഒന്നുമായിരുന്നില്ല-വെളുക്കുവോളമിരുന്ന് ഉറക്കമുളച്ച് എഴുതിയുണ്ടാക്കിയ പാട്ടുകളായിരുന്നു.
അങ്ങനെ പാട്ടും പോയി പെണ്ണും പോയി രാമന്‍ കര്‍ത്തയുടെ കിളിയും പോയി.

( വെളുത്തുള്ളി-മാപ്പിളപ്പാട്ട്-കാമുകി ഇത് മൂന്നിനേയും ബന്ധപ്പെടുത്തി ഒരു കഥയെഴുതാമോ എന്നൊരു ചങ്ങായി ചോദിച്ചു.നമ്മളോടാ കളി..ഇന്നാ പിടിച്ചോ.. )

NB :
Permutation - In mathematics, the notion of permutation is used with several slightly different meanings, all related to the act of permuting (rearranging) objects or values. Informally, a permutation of a set of objects is an arrangement of those objects into a particular order. For example, there are six permutations of the set {1,2,3}, namely (1,2,3), (1,3,2), (2,1,3), (2,3,1), (3,1,2), and (3,2,1).