Wednesday, December 9, 2009

ഇന്ദുലേഖ ടീച്ചറിന്റെ മുടിയും ചിലപ്രശ്നങ്ങളും


വള്ളിചെടികളാല് പടര്ന്നു പന്തലിച്ചു നില്ക്കുന്ന കൊടിമരവും മുദ്രാവാക്യങ്ങള് ചുമപ്പിച്ച കല്മതിലും നിഗൂഡതകള് തളംകെട്ടിനില്ക്കുന്ന ഭീകരനായ ലൈബ്രറിയും കടിച്ചാല് പൊട്ടാത്ത ബോണ്ടയും ഉണ്ടംപൊരിയും ചിരിക്കുന്ന കാന്റീനും പ്രണയം തളിര്ക്കുന്ന മരത്തണലും ഇടനാഴിയും കഴിഞ്ഞ സമരക്കാലത്ത് വികലാംഗയായ ജനല്പാളിയും ഒരിക്കലും നന്നാകില്ലെന്നറിഞ്ഞിട്ടും പോത്തിനോട് വേദമോതുന്നതുപോലെ ഉപദേശങ്ങളുടെ കെട്ടഴിക്കുന്ന ഗ്രേസിക്കുട്ടി ടീച്ചറും ചിന്തകള് വിരിയുന്ന സ്മോക്കേഴ്സ് കോര്ണറും എന്റെ ചെരിപ്പുകള്ക്ക് തേയ്മാനം സംഭവിച്ചിട്ടും അനുകൂലമായ ഒരു മറുപടി ഇന്നേവരെ തന്നിട്ടില്ലാത്ത,എന്നേക്കാള് ഒരോണം കുറച്ചുമാത്രം ഉണ്ടിട്ടുള്ള നന്ദനാകുര്യനും നടമാടുന്ന സ്ഥിരം ഫോര്മുലകളുടെ ലോകത്തുനിന്ന് മനസ്സ് ചൂടേറിയ ധ്രുവത്തിലേക്ക് കടന്നു.
ഇപ്പോള് ഇന്ദുലേഖ ടീച്ചറിന്റെ ഫിസിക്സ് ക്ലാസ് ബാല്ക്കണി ഒഴിഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്.അതൊരു പുതിയപ്രവണതയല്ലലോ.പണ്ടുമുതല്ക്കേ ബുദ്ധിജീവി ചിത്രങ്ങള് അഥവാ അവാര്ഡ് പടങ്ങള് കാണാന് ആളുകയറാറില്ലല്ലോ.ഞാന് പിന്നെ ടിക്കറ്റെടുത്ത് മുന്സീറ്റിലിരുന്ന് ഉറങ്ങി വീഴുന്നത് വേറൊന്നും കൊണ്ടല്ല കേട്ടോ.രാവിലെ വീട്ടിന്നിറങ്ങിയപ്രോള് അമ്മ ഓര്മ്മിപ്പിച്ചിരുന്നു.
'അച്ഛന് ചിലപ്പോള് ആ വഴി വരും.'
സംഗതി അതാണ്.അച്ഛന് വന്നാലോ.ഞാന് നല്ല കുട്ടിയല്ലേ.
പക്ഷെ,ഇപ്പോള് എന്നെ അലട്ടുന്ന പ്രശ്നം അതല്ല. അറുപതിനോടടുത്ത അതോ അറുപതു കഴിഞ്ഞോ,അറിയില്ല.ഇന്ദുലേഖ ടീച്ചറിന്റെ ഇനിയും നരച്ചിട്ടില്ലാത്ത മുടിയാണ്.ഒരൊന്നൊന്നര മുടി തന്നെ.ഇത് എങ്ങനെ സംഭവിക്കുന്നു.നാല്പ്പത്തെട്ടു വയസ്സുള്ള എന്റെ അമ്മയുടെ തലയിലെ പകുതിയിലേറെ മുടി നരച്ചിരിക്കുന്നു.ചിലപ്പോള് ടീച്ചറ് വെയിലൊന്നും കൊള്ളാതെ അകത്തുനിന്ന് പഠിപ്പിക്കുന്നതു കൊണ്ടാകും.വീടിനു വെളിയിലും ഇറങ്ങില്ലായിരിക്കും.അതല്ലങ്കില് എന്തെങ്കിലും എണ്ണയോ മറ്റോ..എന്തായാലും അമ്മയോട് ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിക്കാന് പറയണം.അമ്മയ്ക്ക് ഈ കാര്യത്തിലൊക്കെ വല്യ താല്പര്യമാണ്.എന്തിന് അമ്മ വരെ പോകണം.എന്റെയൊരു പെങ്ങളുണ്ടല്ലോ.കണ്ണാടിക്ക് മുന്നില് നിന്നാല് അവള്ക്ക് ചോറും വേണ്ട നീരും വേണ്ട.നാലു പെമ്പിള്ളാരെ കാണാന് ഇറങ്ങണ സമയത്ത് ഈ പാവത്തിന് സ്വന്തം സൌന്ദര്യം കാണാന് പോലും ചിലപ്പോള് കഴിയാറില്ല.അതൊരു കഥ.
ഞാനെന്ത് മണ്ടനാണെന്നു നോക്കണേ.സത്യം അതൊന്നുമല്ല.ടീച്ചറ് എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാന് മുടിയും കറുപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.മുടി ഭംഗിയായി ഡൈ ചെയ്തിരിക്കുന്നു.അമ്പടാ..അറുപത്കാരിയുടെ യൌവന രഹസ്യം ഇപ്പോഴല്ലേ പിടിക്കിട്ടിയത്.
ഇത് ടീച്ചറിന്റെ മാത്രം കാര്യമല്ല.ആര്ക്കും വയസ്സായി നടക്കാന് വയ്യ.അപ്പൂപ്പനും അമ്മൂമ്മയ്ക്കും കിളവനും കിളവിയും ആകാന് വയ്യ.മകന്റെ യൌവനം കടം വാങ്ങിയ രാജാവിന്റെ കഥ എവിടെയോ വായിച്ചിട്ടുണ്ട്.എന്തായിരിക്കും പ്രായം ചെന്നവര്ക്ക് യൌവനത്തോടിത്ര പ്രിയം.അതോ യൌവനവും വാര്ദ്ധക്യവും തമ്മില് എന്തെങ്കിലും ശത്രുത കാണുമോ.കാണുമായിരിക്കും..
ഒരുത്തരത്തില് പറഞ്ഞാല് വാര്ദ്ധക്യം ദുരിതമാണ്.കല്യാണം കഴിഞ്ഞ മക്കളുള്ള മാതാപിതാകന്മാരുടെ കാര്യമാണ് അതിലെറെ കഷ്ടം.ചൊവ്വയില് താമസമുറപ്പിക്കാന് ഓടിക്കിതയ്ക്കുന്ന മക്കള്ക്ക് അവരെ നോക്കാന് സമയമില്ലത്രേ.അങ്ങനെ കഥാന്ത്യത്തില് ജന്മം നല്കിയവര് ഭാരമാകുമ്പോള് വൃദ്ധമന്ദിരങ്ങളുടെ മള്ട്ടി കളറ് പരസ്യങ്ങള്ക്ക് പിന്നാലെ മക്കള് കൂട്ടം പായുകയും വൃദ്ധമന്ദിരങ്ങളുടെ ഇരുളടഞ്ഞകോണില് പാവം വൃദ്ധജനങ്ങള് ബ്ലാക്ക് ആന്ഡ് വൈറ്റ് ഓരാമ്മകള് താലോലിക്കുകയും ചെയ്യുന്നു.
ഞാന് ഇങ്ങനെ കാടുകയറി എവിടേക്കാണ് പോകുന്നത്.എന്റെ വീട്ടില് തന്നെയുണ്ടല്ലോ ചില ഉത്തരങ്ങള്.
"ആരാണ് പൈപ്പിങ്ങനെ തുറന്നിട്ടിരിക്കുന്നത്.?" "ഇങ്ങനെയാണോ ചോറു പൊതിയുന്നത്?" "ടി.വി ക്ക് മുന്നിലിരുന്ന് ഉറങ്ങാതെ അകത്തെങ്ങാനും പോയിക്കിടക്കരുതോ?" ഇത്യാതി ചോദ്യങ്ങള് ഞാന് അമ്മൂമ്മയ്ക്ക് നേരെ ദിവസേനെ പ്രയോഗിക്കുന്നതാണ്.പക്ഷെ പത്തെണ്പതു കഴിഞ്ഞ അമ്മൂമ്മയെ കുറ്റം പറയാതെ അമ്മൂമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള് എനിക്കും ഉത്തരം മുട്ടിപോകുന്നു.
വയസ്സ് ഒരുപാടായില്ലേ.ഓര്മ്മക്കുറവ് ഉണ്ടാകും.പൈപ്പ് അടക്കാന് മറന്നതാണ്.
എന്റെ ഇഷ്ടം അമ്മുമ്മ എങ്ങനെ അറിയാനാണ്.അമ്മൂമ്മയുടെ പഴഞ്ചന് സ്റ്റൈലില് ചോറുപൊതിഞ്ഞു.
ഞാന് ക്രിക്കറ്റ് കാണുമ്പോള് അമ്മൂമ്മ ടി.വിക്ക് മുന്നിലിരുന്ന് ഉറങ്ങിയാല് കുറ്റം പറയാന് പറ്റുമോ.
ഇങ്ങനെ എല്ലാവരും മാറി ചിന്തിച്ചാല് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ.പക്ഷെ ചട്ടുകം പഴുപ്പിച്ച് വെച്ചാലും ചിന്തിക്കില്ല.അതു ലോക സത്യം.
ഒരര്ഥത്തില് കാലത്തിന്റെ തിരിച്ചുപ്പോക്കല്ലേ വാര്ധക്യം.ഓര്മ്മകള് മാഞ്ഞു തുടങ്ങുകയും പഴയ കുട്ടിത്തത്തിലേക്ക് മനസ്സ് ചാഞ്ചാടുകയും ചെയ്യുന്നൊരവസ്ഥ.ആ സമയത്ത് സ്നേഹിക്കാന് കൂടി ആരുമില്ലാതിരുന്നാല്...എന്തൊരു കഷ്ടാണ്.
വയസ്സാകുന്നതിനു മുന്പേ മരിച്ചിരുന്നെങ്കില്.അതാകുമ്പോള് യൌവനത്തിന്റെ കൊട്ടിഘോഷിക്കലും കഴിഞ്ഞ് കാലത്തിന്റെ തിരിച്ചുപോക്കില്ലാത്ത,ദുരിതമില്ലാത്ത സുന്ദരയാത്ര.അല്ലെങ്കില് എന്റെ കുട്ടികളുടെ കല്യാണം കഴിഞ്ഞ് കുറച്ചു വര്ഷത്തിനകം തന്നെ എനിക്കും എന്റെ ഭാര്യയ്ക്കും വൃദ്ധസദനം ബുക്ക് ചെയ്യേണ്ടി വരും.ചിലപ്പോള് ആ സമയത്ത് വയസ്സായവരെയെല്ലാം ഭൂമിയില് നിന്ന് നാടുകടത്തുമായിരിക്കും.ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ.ശാസ്ത്രം യുവത്വത്തിന്റെ പ്രസരിപ്പോടെ പുരോഗമിക്കുകയല്ലേ.എന്നാല് ഒരിക്കല് കാലത്തിനും വയസ്സാകില്ലേ?ചുമ്മാ ഒരു തോന്നല്.
കോളേജ് ബെല്ല് മുഴങ്ങിയപ്പോള് ഞാന് വീണ്ടും പഴയ കുളിര്മയിലേക്ക് മടങ്ങിയെത്തി.
അപ്പോള് സ്റ്റാഫ് റൂമിലേക്ക് വേഗത്തില് പായുന്ന ഇന്ദുലേഖ ടീച്ചറിന്റെ ഇരുണ്ട മുടിനാരുകള് എന്തോ ചോദിച്ചില്ലേ.
"തനിക്ക് എന്നാണ് വയസ്സാകുക?"
"എനിക്കും വയസ്സാകും.."ഞാന് ചിരിച്ചു.2009 ഒക്ടോബര് 4 ലക്കം മാതൃഭൂമി ആഴ്ചപതിപ്പില് പ്രസിദ്ധീകരിച്ച കഥ.
Post a Comment