Tuesday, July 27, 2010

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

   പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പാണ് കോളേജില്‍ എത്തിപ്പെട്ടത്.(ഒര് പട്ടിക്കാട്ടിലായിരുന്നു കോളേജ്.സമയത്തിന് വണ്ടീം വള്ളവും ഒന്നുമില്ല.നമ്മുടെ കഷ്ടപ്പാട് ഇന്‍റര്‍വ്യൂ ബോര്‍ഡ്കാര്‍ക്ക് അറിയണ്ടല്ലോ..അവര്‍ക്ക് എന്തുമാകാമല്ലോ..)

 വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.ഇന്‍റര്‍വ്യു തുടങ്ങാന്‍ പോകുകയാണ്.കോളേജിലെ കോണ്‍ഫറന്‍സ് ഫാളില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.ഞങ്ങള്‍ ഹാളിന് മുന്നിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.പ്യൂണ്‍ ചേട്ടന്‍ ആദ്യത്തെ 5 പേരെ അകത്തേക്ക് കയറ്റി വിട്ടു.ഞങ്ങളുടെ നമ്പര്‍ എപ്പോവരും എന്ന് ഞങ്ങള്‍ തിരക്കി.പുള്ളിക്കാരന്‍ എന്തോ മലമറിക്കണ കാര്യം ചെയ്യണ പോലെ ഫയലൊക്കെ എടുത്ത് അഞ്ചാറു വെട്ടെ മറിച്ചു നോക്കിയിട്ട് പറഞ്ഞു.

"ആ..ഒരു മണിക്കൂര്‍ കഴിയും."

അപ്പോള്‍ ഇനി ഒരു മണിക്കൂര്‍ ഇവിടെ ചൊറീം കുത്തിയിരിക്കണം.ഇന്‍റര്‍വ്യൂന് വന്നിട്ട് ഒന്നും എടുത്ത് പഠിക്കാതെ വെറുതെ ഇരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള അഹങ്കാരം കൊണ്ടൊന്നുമല്ല.അല്ലെങ്കിലും ഒരു ചക്കയും ചുണ്ണാമ്പും അറിയാത്ത ഞാനെന്തിനാ അഹങ്കരിക്കുന്നത്.

ഇന്‍റര്‍വ്യൂ ഇംഗ്ലീഷിലാണ് എന്നറിഞ്ഞപ്പോഴെ മുട്ടിടിച്ചതാണ്.കഞ്ഞി പള്ളിക്കുടത്തില്‍ പഠിച്ച എനിക്ക് ഒര് ആപ്ലിക്കേഷന്‍ പോലും ഇംഗ്ലിഷില്‍ നേരെ ചൊവ്വെ എഴുതാന്‍ അറിയില്ല എന്നത് നഗ്നമായ സത്യം.അതില്‍ തെല്ലും അഹംഭാവം എനിക്കില്ല.അതുകൊണ്ട് തന്നെ അഡ്മിഷന്‍ കിട്ടില്ല എന്നുറപ്പിച്ച് തന്നെയാണ് ഇന്‍റര്‍വ്യൂന് വന്നത്.എനിക്ക് എന്നെ അറിഞ്ഞൂടെ സുഹൃത്തെ..

ഡിഗ്രിക്ക് പഠിച്ചത് മുഴുവന്‍ ഇന്‍റര്‍വ്യൂന് ചോദിക്കും പോലും.ഫൈനല്‍ ഇയര്‍ വരെ വന്ന് ജയിച്ച പാട് എനിക്ക് മാത്രമെ അറിയൂ.അപ്പോഴാ ഇനി തറ പറ മുതല്‍ പഠിച്ച് ഇവിടെ വന്ന് പറയാന്‍ പോകുന്നത്.എനിക്കെന്താ വട്ടുണ്ടോ..!പിന്നെ എന്തിനാ ബുദ്ധിമുട്ടി ഇവിടെ വരെ വന്നു എന്ന് ചോദിച്ചാല്‍ ചുമ്മാ..ചിലപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചാലോ..!എന്നെനിക്ക് പറയേണ്ടി വരും.

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

കൂട്ടത്തില്‍ ഒരു മുഖത്ത് അപ്പോഴാണ് എന്‍റെ കണ്ണുകളുടക്കിയത്.നുണകുഴിയുള്ള ഒരു സുന്ദരിക്കുട്ടി.എനിക്ക് അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.ഇതിനു വേണ്ടിയാണോ പതിവില്ലാതെ ഞാന്‍ കുളിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു.അടുത്തിരിക്കുന്ന അവളുടെ അമ്മ,കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട,എന്നെ രൂക്ഷമായി നോക്കിയപ്പോഴാണ് ഞാന്‍ എവിടെയാണെന്നും എന്തിനാ വന്നതുമെന്നുള്ള ബോധം വന്നത്.ഞാന്‍ എന്‍റെ രണ്ട് കണ്ണുകളേയും ഉടനടി പിന്‍വലിച്ചു.

ഈ ഇന്‍റര്‍വ്യൂ എങ്ങനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍,ഇവളുടെ കൂടെ രണ്ട് കൊല്ലം എനിക്ക് പഠിക്കാമായിരുന്നു.ഞാന്‍ കുറച്ച് അത്യാഗ്രഹിയായി.ഛെ..ഇവള്‍ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നല്ലപോലെ പഠിച്ചോണ്ട് വന്നേനെ.ഇനിയിപ്പോ എന്നാ ചെയ്യും.ഇന്‍റര്‍വ്യൂ ബോര്‍ഡിന് കോഴ കൊടുത്താലോ..ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു..

വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങിയത്കൊണ്ട് എന്‍റെ ചങ്ങാതി ഒന്നും കഴിച്ചിരുന്നില്ല.എനിക്ക് വിശപ്പിന്‍റെ അസുഖമുള്ളത്കൊണ്ട് അമ്മ രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.പക്ഷെ രാവിലെ സമയമില്ലാത്തതുകൊണ്ട് എട്ട് ഇഡ്ഡലിയും ഒര് ഗ്ലാസ് പാലും ഒര് കുഞ്ഞ് ഏത്തപ്പഴവും ചെറിയൊരു മുട്ടയും മാത്രമേ എനിക്ക് കഴിക്കാന്‍ സാധിച്ചുള്ളൂ.എന്‍റെ ചങ്ങാതിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെ വയറും പറഞ്ഞു അവനും വിശക്കുന്നെന്ന്.എന്‍റെ സ്വന്തം വയറല്ലേ വിഷമിപ്പിക്കാന്‍ പറ്റില്ലല്ലോ.ശരി,അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള്‍ പ്യൂണ്‍ ചേട്ടനെ കീശയിലാക്കാന്‍ എണ്ണീറ്റു.അങ്ങനെ കഷ്ടപ്പെട്ട് പുള്ളിടെ അനുവാദം വാങ്ങി ഞങ്ങളുടെ നാല് കാലുകളും രണ്ട് വയറും കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.

വളരെ വലിയൊരു കാന്‍റിനായിരുന്നു അത്.അത്പോലെ തന്നെ ഒരുപാട് പ്രത്യേകതകളുമുണ്ടായിരുന്നു.വെജിറ്റേറിയനാണ്.ആദ്യം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കണം.നമ്പര്‍ വിളിക്കുമ്പോള്‍ പോയി ഭക്ഷണം വാങ്ങണം.തിന്നു കഴിഞ്ഞ് പാത്രം നമ്മള്‍ തന്നെ കഴുകി വെക്കണം.മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വൃത്തിയുമുള്ള കാന്‍റിന്‍.

ഞങ്ങള്‍ മസാല ദോശയ്ക്ക് പറഞ്ഞു.ടോക്കണ്‍ വാങ്ങി വന്നിരുന്നു.ഞാന്‍ ചുറ്റിനും നോക്കുകയായിരുന്നു.എല്ലാവരും വളരെ ശാന്തരായി ഭക്ഷണം കഴിക്കുന്നു.'ഇങ്ങനെയും ഒര് കോളേജ് കാന്‍റിന്‍'-ഞാന്‍ അത്ഭുതപ്പെട്ടു.

"ട്വന്‍റി ഫോര്‍"

ഞങ്ങളുടെ നമ്പര്‍ വിളിച്ചു.ഞങ്ങള്‍ പോയി മസാല ദോശയും ചായയും എടുത്തുകൊണ്ട് വന്ന് കൃത്യനിര്‍വഹണത്തിലേക്ക് കടന്നു.വളരെ വേഗം തന്നെ ഞങ്ങള്‍ മസാല ദോശയുടെ കഥ കഴിച്ചു.വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ അകത്തു പോയി മാവ് ആട്ടി കൊടുക്കേണ്ടി വരും.ഇനി കൈയില്‍ വീടുവരെ എത്താനുള്ള കാശേ ഉള്ളൂ.

ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗ്ലാസില്‍ കിടക്കുന്ന സ്ട്രോ ശ്രദ്ധയില്‍പ്പെട്ടത്.'ഇതെന്തിനാ അളിയാ'-ഞങ്ങള്‍ പരസ്പരം നോക്കി.ഒടുവില്‍ ഞാന്‍ തന്നെയാണ് ഭാവിയില്‍ നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാവുന്ന ആ കണ്ടെത്തല്‍ നടത്തിയത്.അത് താഴെ പറയും വിധമാണ്.

"അളിയാ,ഇതൊരു റി യൂസബിള്‍ ഗ്ലാസ് ആകുന്നു.നമ്മള്‍ ചുണ്ടില്‍ മുട്ടിച്ച് ചായ കുടിക്കുകയാണെങ്കില്‍ കീടാണുക്കള്‍ അഥവാ ബാക്ടീരിയ ഇതേ ഗ്ലാസ് ഉപയോഗിക്കുന്ന മറ്റുള്ളവരിലേക്ക് പകരാനും ഇടയുണ്ട്.അത്കൊണ്ടാണ് സ്ട്രോ യുസ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്."

അവന്‍ എന്നെ അനുമോദനങ്ങള്‍കൊണ്ട് മൂടി.'നീ വലിയവനാണെടാ'-എന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ സ്ട്രോയിട്ട് ചായ വലിച്ചു കുടിക്കാന്‍ തുടങ്ങി.

പക്ഷെ എന്തോ ഒരു പ്രോബ്ലം.ഞാന്‍ ചങ്ങാതിയെ നോക്കി.

"ടാ,ചായയ്ക്ക് മധുരമുണ്ടോ.?"

"ഇല്ല." -അവനും അതേ പ്രോബ്ലം.ഇതെങ്ങനെ സംഭവിച്ചു.

വിത്ത് ഔട്ട് ചായ തന്ന് പറ്റിച്ച കാന്‍റിന്‍ മൊതലാളിയെ മനസ്സില്‍ പ്രാകികൊണ്ട് ഞങ്ങള്‍ ഇന്‍റര്‍വ്യൂ ഹാളിന് മുന്നിലേക്ക് നടന്നു.

വന്നിരുന്ന് അധികം വൈകാതെ തന്നെ എന്‍റെ നമ്പര്‍ വിളിക്കുകയും പ്രതീക്ഷിച്ചതുപോലെ ഞാന്‍ ഇന്‍റര്‍വ്യു ബോര്‍ഡിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷ റ ഞ്ഞ ക്ക ട്ട ച്ച വരയ്ക്കുകയും ചെയ്തു.എന്‍റെ കൂട്ടുകാരനും ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് സന്തോഷമായത്.ഭാഗ്യം..ഒറ്റപ്പെട്ടില്ലല്ലോ..!ഇനി ഒരിക്കലും നുണകുഴിയുള്ള പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്ത ഹൃദയ വേദനയോടെ ഞാന്‍ ആ വേദിയ്ക്ക് വിട ചൊല്ലി പിരിഞ്ഞു.

* * * * * * * * * * *

ഇന്‍റര്‍വ്യു കഴിഞ്ഞുള്ള ശനിയാഴ്ചത്തെ പ്രമുഖ പത്രങ്ങളിലെ വെണ്ടക്കാ വലുപ്പത്തിലുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു."പൊട്ടന് ലോട്ടറിയടിച്ചു".അതെ മാന്യമഹാജനങ്ങളെ എനിക്ക് അഡ്മിഷന്‍ കിട്ടി.വിശ്വാസം വരുന്നില്ല അല്ലേ.എനിക്കും ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്കണോ തുള്ളണോ ചാടണോ തലകുത്തി നില്‍ക്കണോ എന്ത് ചെയ്യണമെന്ന് അറിയില്ല.നുണകുഴിയുള്ള സുന്ദരിക്കുട്ടിയെ വീണ്ടും കാണാം എന്ന സംഗതി എന്‍റെ സന്തോഷത്തിന് ആക്കം കൂട്ടി.അവള്‍ക്കെന്തായാലും അഡ്മിഷന്‍ കിട്ടികാണും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.കിട്ടികാണില്ലേ..കാണും.!

അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങാന്‍ പോകുന്നു.അവളെ കാണുക,പരിചയപ്പെടുക ഇതൊക്കെയായിരുന്നു എന്‍റെ പ്രധാന അജഡകള്‍.അവള്‍ വരുന്നതും കാത്ത് ഞാന്‍ ക്ലാസ് റൂമിന് മുന്നിലെ വരാന്തയില്‍ അക്ഷമനായി തേരാ പാര നടന്നു.എന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ അവള്‍ വന്നു കയറിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.ഇനിയിപ്പോള്‍ അടുത്ത ഇന്‍റര്‍വെല്ലിന് പരിചയപ്പെടാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.

ഇവിടുത്തെ ആദ്യ ഇന്‍റര്‍വല്‍.അവളും കൂട്ടുകാരികളും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.വെറുതെ ഒരു ഹായ് തട്ടിവിട്ടു.ഇവനാരെടാ-എന്ന മട്ടില്‍ തരുണിമണികളെല്ലാം എന്നെ രൂക്ഷമായി നോക്കി.ഞാന്‍ ആരാ മൊതല്,നുണക്കുഴിയുള്ള പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.

"നല്ല പരിചയം.ഫാത്തിമയിലാണോ പഠിച്ചത്..?"

"അല്ല."അവള്‍ പറഞ്ഞു.

"രാധാകൃഷ്ണന്‍ സാറിന്‍റെ അടുത്ത് മാത്സ് ട്യൂഷന് വന്നിട്ടുണ്ട് അല്ലേ..?"

"ഇല്ലല്ലോ"

"പിന്നെ എങ്ങനെയാ പരിചയം.എവിടെയോ കണ്ടിട്ടുള്ളതുപോലെ -‍ഞാന്‍ അടവുകള്‍ ഓരോന്നായി തൊടുത്തു വിട്ടു."

"കാന്‍റിനില്‍ വെച്ചായിരിക്കും" -അവള്‍ പറഞ്ഞു.

"കാന്‍റീനോ..ഏത് കാന്‍റീന്‍..?" -ഞാ‍ന്‍ സത്യമായും ഒന്ന് ഞെട്ടി.

അവള്‍ അപ്പോള്‍ അടുത്തു നിന്ന കൂട്ടുകാരിയോട് ചോദിച്ചു.

"ടി,നമ്മുടെ കാന്‍റിനില്‍ ചായേടെ കൂടെ എന്തിനാ സ്ട്രോ തരുന്നത്..?"

"അത്,ഗ്ലാസിനടിയിലെ പഞ്ചസാര കലക്കാന്‍" -കൂട്ടുകാരി പറഞ്ഞു.

"അല്ലെടി മണ്ടി..അത് സ്ട്രോയിട്ട് ചായ കുടിക്കാനാ.ചില പഞ്ചാരകുട്ടന്‍മാര്‍ അങ്ങനെയല്ലോ ചായ കുടിക്കണേ..!ഓരോരോ ശീലങ്ങളേ.."

പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ടകൊല ചിരിയായിരുന്നു.കണ്ണിചോരയില്ലാത്ത വര്‍ഗം.

"ഇപ്പോ..എന്നെ മനസ്സിലായോ ചേട്ടാ..?"
അവളുടെ ഒടുക്കത്തെ ചോദ്യം.ദുഷ്ട..പിശാച്..വൃത്തികെട്ടവള്‍..ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാ..

"ഇല്ലാ..എനിക്ക് ആളുമാറിയതാ.."
-ഞാന്‍ തടിതപ്പി.


Post a Comment