Friday, October 15, 2010

മടിയന്‍ ദാസപ്പന്‍ എന്ന അസാധു - തെരഞ്ഞെടുപ്പ് സ്പെഷ്യല്‍

ഞാന്‍ ദാസപ്പന്‍-മടിയന്‍ ദാസപ്പന്‍ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.അത് വെള്ളം ചേര്‍ക്കാത്ത പരമാര്‍ഥമാണ്.ചെറുപ്പം മുതല്‍ക്കേ ‍ഞാനൊരു കുഴിമടിയനായിരുന്നു.മടി പിടിച്ച് എസ്.എസ്.എല്‍.സി വരെ എത്തിയപ്പോള്‍ വയസ്സ് 23.പക്ഷെ മടികാരണം ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കൂടി ഞാന്‍ പോയില്ല.എസ്.എസ്.എല്‍.സി പാസാവാത്ത എത്രയോ പേര്‍ ഉന്നതങ്ങളില്‍ എത്തിയിരിക്കുന്നു.പിന്നല്ലെ ഈ ദാസപ്പന്‍-എന്നതാണ് എന്‍റെ ഫിലോസഫി.പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ രമേശന്‍ മൂപ്പര്(അതായത് എന്‍റെ അച്ഛന്‍)പറയും-

എല്ലുമുറിയെ അധ്വാനിച്ചിട്ടാ അവര്‍ ഉയരത്തിലെത്തിയത്.പക്ഷെ മടിയനായ നീയോ..?

അതിനും ഈ ദാസപ്പന്‍റെ കൈയില്‍ നല്ല ഒന്നാന്തരം മറുപടിയുണ്ട്.

എല്ലാരേം പോലെയാണോ അച്ഛന്‍റെ മോന്‍ ദാസപ്പന്‍.എനിക്ക് എന്‍റേതായ ഒരു വ്യക്തിത്വം ഇല്ലേ..?ഞാന്‍ എന്‍റെ വഴിയെ വലിയവനാകും

ഇങ്ങനെയൊക്കെയാണ് ഞാന്‍.പക്ഷെ എനിക്കും നന്നാകണമെന്നൊക്കെയുണ്ട്.പ്രവര്‍ത്തിയില്‍ കൊണ്ട് വരാനാണ് പാട്.മടി അത് തന്നെ.ഒരിക്കല്‍ ദാസപ്പന്‍ നന്നാകുമെന്ന് എന്‍റെ മനസ്സ് പറയുന്നു..ഇനി ചിലപ്പോ അതൊരു തോന്നലാണോ..?ആ..ആര്‍ക്കറിയാം.


രാവിലെ എണ്ണീക്കാന്‍ തന്നെ മടിയാണ്.ഒര് വിധം എണ്ണീറ്റാല്‍ തന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വരുമ്പോള്‍ ഒര് സമയമാകും.ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നലെ സര്‍ക്കാര് പറയുന്നത്.ഞാന്‍ ഒരു വരി കൂടി ചേര്‍ത്തു.ജലം അമൂല്യമാണ് അത് മലിനമാക്കരുത്.കുളിച്ചില്ലേലും ജീവിക്കാല്ലോ..!

പക്ഷെ ഒന്നുണ്ട്.ഭക്ഷണം.അതിന്‍റെ കാര്യത്തില്‍ ഞാനെന്‍റെ ഫിലോസഫികളെല്ലാം മടക്കി അലമാരയില്‍ വെക്കും.ഭക്ഷണകാര്യത്തില്‍ ഒരു മടിയുമില്ല.മൂന്ന് നേരം സുഭിഷ്ട ഭക്ഷണം..ഏമ്പക്കം..ഉറക്കം..കൂര്‍ക്കംവലി..

അങ്ങനെയിരിക്കെയാണ് ആ ദിവസം സമാഗതമായത്.ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തേ മതിയാകു എന്ന നഗ്നമായ സത്യം ഞാന്‍ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു.പക്ഷെ പത്താം ക്ലാസ് പരീക്ഷയെഴുതാത്തവന് അന്തസ്സുള്ള ജോലി ഏതേലും കിട്ടുമോ.ഇതൊക്കെ ഇപ്പോഴാണോ ദാസപ്പാ ആലോചിക്കുന്നത്-ഞാന്‍ എന്നോട് തന്നെ ചോദിച്ചു.പിന്നെയെന്ത് ചെയ്യും.അങ്ങനെയാണ് പഞ്ചായത്ത് ഇലക്ഷന്‍റെ കാര്യം അറിയിന്നുത്.പഞ്ചായത്ത് മെമ്പറാകുക-കൊള്ളാം.കേട്ടിട്ടുതന്നെ ഒര് സുഖമുള്ള ഏര്‍പ്പാടാണ്.പൊട്ടന് ലോട്ടറി അടിച്ചപ്പോലെ പ്രസിഡന്‍റ് കസേരകൂടി കിട്ടിയാല്‍ കുശാലായി.അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ കേറിയങ്ങ് മത്സരിക്കാന്‍ തീരുമാനിച്ചു.ഒന്നും നടന്നില്ലെങ്കില്‍ സ്വന്തമായി ഒര് പാര്‍ട്ടി തന്നെയങ്ങ് ഉണ്ടാക്കും.അല്ല പിന്നെ.നാട്ടുകാര്‍ക്കിടയില്‍ ജോലിയും കൂലിയുമില്ലാത്ത പയ്യന്‍ എന്ന ഇമേജ് ഉള്ളത്കൊണ്ട് അത് സഹതാപമാക്കി വര്‍ക്ക് ഔട്ട് ചെയ്യിപ്പിച്ചാല്‍ വിജയം സുനിശ്ചിതം.ഞാന്‍ മനക്കോട്ടകള്‍ മേയാന്‍ തുടങ്ങി.

"കരകാണാകടലലമേലേ
മോഹപ്പൂങ്കുരുവി പറന്നേ.."

എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസപ്പാ..അങ്ങനെ എന്‍റെ സമയം തെളിയാന്‍ പോകുകയാണ്.മെമ്പറായി കഴിഞ്ഞാല്‍ പിന്നെ കുശാലാണ്.ആണ്ടിനോ ചങ്കരാന്തിക്കോ പഞ്ചായത്തിലെ വീടുകളിലേക്ക് സന്ദര്‍ശനം.വളിച്ച ചിരി ചിരിക്കണം.കരയണം.കുശലം തിരക്കണം.പിന്നെ എല്ലാ കുണ്ടറ നിവാസികളുടെയും കല്യാണം നടത്തിപ്പുകാരനായി നിന്ന് വയറു നിറയെ ശാപ്പിടണം.

അങ്ങനെ അങ്ങനെ പലതും ആലോചിച്ചുകൊണ്ടാണ് പാര്‍ട്ടി ഓഫീസിന്‍റെ പടി ചവിട്ടിയത്.പതിവിലേറെ തിരക്കായിരുന്നു അപ്പോള്‍ അവിടെ.എന്തായാലും പാര്‍ട്ടി മീറ്റിങൊന്നും ആകാന്‍ വഴിയില്ല.മീറ്റിങ്ങ് വല്ലോം ആയിരുന്നെങ്കില്‍ ഇത്രയുംപേര്‍ കാണില്ലല്ലോ.കസേരകളെല്ലാം ഒഴിഞ്ഞുകിടക്കണ്ടതല്ലെ..ഇത് സംഗതി വേറേ എന്തോ ആണ്.

കൂട്ടത്തില്‍ മുശിഞ്ഞ ജൂബ ധരിച്ച ഊശാം താടിക്കാരനോട് ഞാന്‍ കാര്യം തിരക്കി.അയാള്‍ ആട്ടിന്‍ താടി തടവി നിന്നതല്ലാതെ കമാ എന്നൊരക്ഷരം പറഞ്ഞില്ല.ഇനി പൊട്ടനാണോ..?

എന്തായാലും എല്ലാര്‍ക്കും എന്തോ വിഷമമുണ്ട്.സമരം നടത്താനും കല്ലെറിയാനും പിരിവുനടത്താനും പോകുന്ന ആവേശവും സന്തോഷവുമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല.ഇന്നെന്താ ഇവര്‍ക്ക് ചായേം വടേം കിട്ടില്ലേ..?

കാര്യം അതൊന്നുമല്ല.അതറിഞ്ഞപ്പോള്‍ തമ്പുരനാണേ ഈ ദാസപ്പന്‍റെ ചങ്കും തകര്‍ന്നുപോയി.കാര്യം എന്താണെന്നു വെച്ചാല്‍ ഇവിടെ കൂടിയിരിക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന കിഴങ്ങന്‍മാര്‍ക്കൊന്നും മത്സരിക്കാനൊക്കില്ല.സ്ത്രീ സംവരണമാണു പോലും..എന്താ കഥ..

ഇപ്പോള്‍ ബാക്ക് ഗ്രൗഡില്‍ ചെകുത്താന്‍റെ വയലിന്‍ വായനകേട്ടു തുടങ്ങുന്നു.

ഞാന്‍ റോഡിലേക്കിറങ്ങി നടന്നു.ഇനി എന്തു ചെയ്യും?ഈ ദാസപ്പനെ നന്നാവാനാരേം സമ്മദിക്കൂല്ല അല്ലേ.അങ്ങനെയെങ്കില്‍ അങ്ങനെ.തോല്‍ക്കാന്‍ ദാസപ്പന്‍റെ ജീവിതം ഇനിയും ബാക്കിയാണ് മക്കളെ..

അപ്പോഴാണ് പെട്ടെന്നൊരു ഐഡിയ മനസ്സില്‍ തെളിഞ്ഞത്.സ്ത്രീസംവരണമാണെങ്കിലും ഇത് വരെയും മത്സരിക്കാന്‍ ആരെയും കിട്ടിയിട്ടില്ലാരുന്നു.എന്‍റെ പദ്ധതി ഇനി പറയും വിധമാണ്.ആദ്യം പഞ്ചായത്തിലെ ഒരു വനിതയെ വശത്താക്കണം.എന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി നിര്‍ത്തി മത്സരിപ്പിക്കണം.ജയിച്ചു കഴിഞ്ഞാല്‍ അങ്ങ് കെട്ടണം.ശിഷ്ടകാലം അവളുടെ ചിലവില്‍ സുഖജീവിതം.ഒരു പണിക്കും പോകണ്ട.എന്നെ അങ്ങ് സമ്മദിക്കണം.എനിക്ക് ദാസപ്പനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.അടങ്ങ് മോനെ അടങ്ങ്..

ഇപ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീതം.
ഞാന്‍ നാളെ മുതല്‍ വനിതാമെമ്പര്‍ ഹണ്ട് തുടങ്ങാന്‍ തീരുമാനിച്ചു.

കാലത്തെ എണ്ണീറ്റ് കുളിച്ച്(ഇവനിന്നു കുളിച്ചോ-എന്ന മട്ടില്‍ അമ്മയൊന്നു നോക്കി)കുറിതൊട്ട് അലക്കിതേച്ച ഉടുപ്പുമിട്ട് പുറത്തേക്കിറങ്ങി.നന്നായി കുളിച്ചിട്ട് മാസങ്ങളായിരുന്നു.നേരെ പോയത് അന്നമ്മയുടെ അടുത്തേക്കായിരുന്നു.അവള്‍ക്ക് പണ്ട് എന്നോടൊരു ലബ് ഉണ്ടാരുന്നു.അത് വേറൊന്നും കൊണ്ടല്ല.ആറാംക്ലാസില്‍ ഞാന്‍ രണ്ടും വെട്ടവും അന്നമ്മ ഒരു വെട്ടവും തോറ്റിരുന്നിട്ടുണ്ട്.അങ്ങനെ തോറ്റവള്‍ക്ക് തന്‍റെ നുകത്തില്‍ കെട്ടാവുന്നവനോട് തോന്നിയ ഇഷ്ടമാണ്.

അന്നമ്മ ഇപ്പോള്‍ ഒരു സോപ്പ് കമ്പനിയില്‍ ജോലിചെയ്യുകയാണ്.ഞാന്‍ അങ്ങോട്ടേക്കാണ് പോയത്.ഭാഗ്യം.അന്നമ്മ അവിടെ തന്നെയുണ്ടായിരുന്നു.അന്നമ്മ എന്നെ കണ്ടതും ചാടി തുള്ളി അടുത്തേക്കു വന്നു.

"അന്നമ്മോ നീ പഴയതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട് കേട്ടോ..എന്താ ഇതിന്‍റെ രഹസ്യം"-
ഞാന്‍ ആദ്യത്തെ നമ്പരിട്ടു.

"ദാസപ്പന്‍ ചേട്ടാ ഇത് ഇവിടെ ആവശ്യത്തിനുണ്ട് കേട്ടോ"-
അന്നമ്മയുടെ മറുപടി.

"എന്ത്..?"

"സോപ്പ്..!"

"പോ..അന്നമ്മേ..അവളുടെ ഒര് തമാശ..ഇപ്പോഴും നീ ആറാംക്ളാസിലെ അന്നക്കുട്ടി തന്നെ..!നിനക്കോര്‍മയിലെ ആ കാലം..?"

"പിന്നെ"

"കണക്കിനു ഒരു മാര്‍ക്ക് കിട്ടിയതിന് നീ കരഞ്ഞപ്പോള്‍ പൂജ്യം വാങ്ങിയ ഞാന്‍ അല്ലേ നിന്നെ സമാധാനിപ്പിച്ചത്.."

അങ്ങനെ ഞാന്‍ ഒന്നിനു പിറകെ ഒന്നായി നമ്പറുകളിറക്കികൊണ്ടിരുന്നു.അവസാനം അന്നമ്മ സമ്മദിച്ചു-മത്സരിക്കാമെന്ന്.അവസാനം കാര്യം നടന്നിട്ട് അവളെ കെട്ടിയില്ലെങ്കില്‍ ദാസപ്പന്‍ ചേട്ടന്‍റെ പേരെഴുതി വെച്ചിട്ട് ആറാംക്ലാസിന്‍റെ വരാന്തയില്‍ നിന്നു താഴേക്ക് എടുത്തു ചാടുമെന്ന് കൂട്ടത്തില്‍ ഒര് ഭീക്ഷണിയും.ഞാന്‍ അത് കാര്യമായിട്ട് എടുത്തില്ല.

എന്തായാലും അടുത്ത ദിവസം മുതല്‍ പ്രചരണം പൊടിപൊടിച്ചു.നമ്മുടെ പഞ്ചായത്തിലെ അന്നമ്മ എന്ന ചുണക്കുട്ടിയെ അറിവിന്‍റെ പ്രതീകമായ സ്ലേറ്റും പെന്‍സിലും അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..അഭ്യര്‍ഥിക്കുന്നു-ഞാനായിരുന്നു അനൗണ്‍സര്‍.തല്‍ക്കാലം മടിയൊക്കെ മാറ്റിവെച്ച് ഞാന്‍ അടിമുടി വോട്ട് പിടുത്തം തുടങ്ങി.കരഞ്ഞും കാലു പിടിച്ചും പരദൂഷണങ്ങളുടെ കെട്ടഴിച്ചും വീമ്പുപറഞ്ഞും നാട്ടുകാരെ ഞാന്‍ പറ്റിക്കാന്‍ തുടങ്ങി.


അങ്ങനെ ഇലക്ഷന്‍ റിസല്‍റ്റ് വന്നു.വമ്പിച്ച ഭൂരിപക്ഷത്തില്‍ അന്നമ്മ ജയിച്ചു.ഞാന്‍ തുള്ളിചാടി.പടക്കം പൊട്ടിച്ചു.
ഒന്നും പറയണ്ട-അവള്‍തന്നെ പഞ്ചായത്ത് പ്രസിഡന്‍റുമായി.വിധിയുടെ വിളയാട്ടം..അല്ലാതെന്താ..!

പക്ഷെ..!

പെണ്ണല്ലേ..കാലുമാറി കളഞ്ഞു.അധികാരവും കസേരയും കിട്ടിയപ്പോള്‍ അന്നമ്മ തനി രാഷ്ട്രീയകാരിയായി.അവള്‍ക്കിപ്പോള്‍ ഈ ദാസപ്പന്‍ ചേട്ടനെ അറിയില്ല പോലും.എന്തായാലും എന്നെ പറഞ്ഞാല്‍ മതിയല്ലോ..കൈകഴുകി വന്നപ്പോള്‍ ചോറില്ല എന്ന് പറഞ്ഞതുപോലെയായി.

എന്ത് ചെയ്യും.തിരിച്ചൊരു പണികൊടുത്താലോ?വേണ്ട..ആണുങ്ങള്‍ അത്ര ചീപ്പല്ല.പക്ഷെ ഒര് കാര്യത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ട്.ആരുമെന്നെ ഇപ്പോള്‍ മടിയന്‍ ദാസപ്പന്‍ എന്ന് വിളിക്കുന്നില്ല..!അങ്ങനെയെങ്കിലും മടി മാറി കിട്ടിയല്ലോ..!

കുറിപ്പ്.
സോപ്പ് കമ്പനിയിലെ തിരക്കിട്ട ജോലിക്കിടയിലാണ് ഞാന്‍ എന്‍റെ ജീവിത കഥ കുറിച്ചത്.അന്നമ്മ പോയ ഒഴിവിന് എനിക്കിവിടെ ജോലി കിട്ടി.

എന്ന്
സ്വന്തം
ദാസപ്പന്‍


Saturday, October 9, 2010

എന്‍റെ പ്രണയകുറിപ്പുകള്‍



















തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു

റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്‍റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്‍ന്നാല്‍ ചോരപൊടിയുന്ന
ഒരു ഹൃദയം

പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..

ചുംബനം
എന്‍റെ ചുണ്ടുകള്‍ നിന്‍റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്‍റെ കണ്ണിന്‍റെ കോണില്‍
എന്‍റെ പ്രണയം കണ്ടു

സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്‍റെ സ്വപ്നങ്ങളില്‍
നീ എന്‍റേതുമാത്രമായിരുന്നു

കവിത
നിന്‍റെ വിരലുകള്‍
എന്‍റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്‍റെ മനസ്സില്‍
കവിത പിറന്നത്

ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്

തിരമാല
‍ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്‍റെ കണ്ണുന്നീര്‍കൊണ്ട്
നിന്‍റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍

മോഹം
എന്‍റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്‍റെ തേന്‍ നുകരണമെന്നല്ല
നിന്‍റെ മാധുര്യമാകണമെന്നാണ്

ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്‍റെ കണ്ണുന്നീര്‍ പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയും
കാണാന്‍ ഞാനും മാത്രം

Sunday, September 19, 2010

ഡിലീറ്റ്-വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍




രണ്ട് മാസം മുമ്പ് ഒര് വെള്ളിയാഴ്ച ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത മനസ്സില്‍ തങ്ങി നിന്നിരുന്നു.അത് ഒരു വൃദ്ധമാതാവിനെ കുറിച്ചായിരുന്നു.എടുത്തു വളര്‍ത്തിയ മകള്‍ വാര്‍ധക്യത്തില്‍ അവരെ ഉപേക്ഷിക്കുന്ന കരളലിയിപ്പുക്കുന്ന സത്യം.ഇത് ചിത്രീകരിക്കണമെന്ന് അന്ന് ആഗ്രഹിച്ചതാണ്.വാര്‍ത്തയിലൂടെ തന്നെ സ്ക്രിപ്റ്റും പൂര്‍ത്തിയാക്കി.കാലം മാറുമ്പോള്‍ ബന്ധങ്ങള്‍ ഇല്ലാതാകുന്നു എന്നതില്‍ നിന്നും ഡിലീറ്റ്(delete) എന്ന പേരാണ് റ്റൈറ്റില്‍ കൊടുത്തത്.വരുന്ന ഒക്ടോബര്‍ ഒന്നിന്(ലോക വൃദ്ധദിനം)എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.അങ്ങനെ സെപ്തംബര്‍ 18,19 തിയതികളിലായി ഷൂട്ടിങ്ങ് നിശ്ചയിച്ചു.

ഡിലീറ്റ് എന്‍റെ നാലാമത്തെ ഹ്രസ്വചിത്രമാണ്.സ്കൂള്‍ബാര്‍,ഫെയ്സ്,മൊമെന്‍റ്സ് എന്നി ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷം ഡിലീറ്റ്.ചിത്രീകരിക്കുക എന്നതിലുപരി ചില സത്യങ്ങള്‍ ലോകത്തിനു മുന്നിലേക്കു വെയ്ക്കുക എന്നായിരുന്നു ആഗ്രഹം.

കൊല്ലം കൊട്ടാരക്കരയില്‍ ഒരു വൃദ്ധസദനമുണ്ട്.കലയപുരം ആശ്രയ കേന്ദ്രം.സിനിമയുടെ ഭൂരിഭാഗവും അവിടെ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്.

സെപ്തംബര്‍ 19 ഞായറാഴ്ച ഉച്ചയോടെ ഞാനും ഷൂട്ടിങ്ങ് സംഘവും(ഞാനും വളരെ ചെറിയൊരു ക്യാമറയും എന്‍റെ 4 സുഹൃത്തുക്കളും) ആശ്രയകേന്ദ്രത്തിലെത്തി.എന്‍റെ മനസ്സില്‍ അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പമല്ലാരുന്നു അവിടം.അത് പുതിയൊരു ലോകമായിരുന്നു.അനാഥര്‍,ഉപേക്ഷിക്കപ്പെട്ടവര്‍,എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവര്‍..ഞാന്‍ അവര്‍ക്കിടയിലേക്കാണ് ക്യാമറയും കൊണ്ട് നടന്നത്..

ആ ഹാളില്‍ കുറഞ്ഞത് ഒര് നൂറ് പേരെങ്കിലും ഉണ്ടാകും.ഞാന്‍ തീര്‍ച്ചയായും ഞെട്ടി.ഇടയ്ക്കെവിടെ നിന്നോ ആരൊക്കെയോ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നു.തലയ്ക്ക് സ്ഥിരതയില്ലാത്തവരാണ്.അവിടെ നിന്ന് നോക്കിയപ്പോള്‍ മുകളിലൊരു മുറിയില്‍ കുറച്ചുപേരെ കമ്പിയഴികള്‍ക്കുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടു.

ക്യാമറ ഓരോ മുഖങ്ങളിലേക്കും പതിച്ചു.സ്ക്രിപ്റ്റില്‍ ഞാന്‍ എഴുതാത്ത  വാക്കുകള്‍..നോട്ടങ്ങള്‍..

ധൈര്യം സംഭരിച്ച് ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു.അപ്പോള്‍ ഒരാള്‍‍ എന്നെ പിടിച്ചു നിര്‍ത്തി.ഞാന്‍ പേടിച്ചു.ക്യാമറയും കൈയിലിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല.കൂടെ വന്നവരെല്ലാം ദൂരെ നില്‍ക്കുകയാണ്.ഞാന്‍ അയാളെ നോക്കി ദയനീയമായി ചിരിച്ചു.തലയ്ക്ക് പ്രശ്നമുള്ള ആളാണ്.ഞാന്‍ ഹലോ എന്ന് പറഞ്ഞു.അപ്പോള്‍ അയാള്‍ കൈയുയര്‍ത്തി.സമാധാനമായി.കൈവിട്ടു.

യഥാര്‍ഥ ‍ജീവിതമാണ് അവിടെ ചിത്രീകരിച്ചത്.ആരും അഭിനയിക്കുകയായിരുന്നില്ല..

ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ വാതിലിനടുത്തിരുന്ന ഒര് വൃദ്ധ ഞങ്ങളോട് ചോദിച്ചു..
"നിങ്ങള്‍ എന്‍റെ മോനെ കണ്ടോ..?"

ഇത് തന്നെയല്ലേ എന്‍റെ മുന്നിലെ ചോദ്യവും..
എഡിറ്റിങ്ങ് പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ഈ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കപ്പെടും

Saturday, August 14, 2010

ഓണവും ഞാനും

മലയാളനാടിന്‍റെ തിരുവോണമേ
നീ മനതാരില്‍ നല്‍കിയ കുളിരോര്‍മകള്‍
ചേതോഹരം നീ വിടരുന്ന നാളുകള്‍
അറിയുന്നു ഞാന്‍ നീയെന്‍ വസന്തഗീതം

ചെറുവാലന്‍ കിളിപാടും വയലേലയില്‍
കതിരാടുമ്പോള്‍ ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്‍ത്തീരത്ത്
വരവേല്‍ക്കുവാന്‍ പൂക്കള്‍ ഒരുങ്ങി നില്‍പൂ..

കനല്‍മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്‍ മനം നിറച്ചു
മാവേലി മന്നന്‍റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള്‍ ഞാനും ഓര്‍മകളും..


ഇതിന്‍റെ ഓഡിയോ ലിങ്ക് ഇവിടെ..കേട്ടുനോക്കു..അതാകട്ടെ ഈ വര്‍ഷത്തെ ഓണസമ്മാനം
http://www.4shared.com/audio/y-tAW_-2/malayala3.html


Sunday, August 8, 2010

ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

പത്രത്തിലെ ചരമകോളം ഒരിക്കല്‍പോലും വായിക്കാത്ത ഞാനാണ്.പിന്നെങ്ങനെ ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു.ഹൃദയം നിശ്ചലമായി വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍.അവിരുടെ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ മനസ്സൊന്നു വിങ്ങി.ആ വിങ്ങലാണല്ലോ കണ്ണുന്നീരായി പ്രതിഫലിച്ചത്.എനിക്ക് ആരുമായിരുന്നില്ല അവര്‍.പക്ഷെ എനിക്കവരെ അറിയാം.ഇന്നലെ ആദ്യമായും അവസാനമായും ‍ഞാനവരെ കണ്ടിരുന്നു.


ഇന്നലെ രണ്ടാം ശനി.വിരസമായ ഒരു ഒഴിവു ദിവസം.വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഒര് കല്യാണത്തിനു പോയിരിക്കുകയായിരുന്നു എല്ലാവരും.ചാനലുകള്‍ മാറ്റിയും തിരിച്ചും ഞാന്‍ ടി.വിക്ക് മുന്നിലിരുന്ന് ബോര്‍ അടിച്ചു.എന്തൊക്കെയോ ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചാണ് അമ്മ പോയത്.ഒന്നും ചെയ്യാന്‍ വയ്യ.കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള പഠനം മേലനങ്ങി പണിയെടുക്കുന്നതില്‍ നിന്നും എന്നെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഫലത്തില്‍ ‍ഞാനൊരു മടിയനായി തീര്‍ന്നു.മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ സുന്ദരമായ ഒരു ഹാര്‍ട്ട് അറ്റാക്ക്.ഡിം..അങ്ങനെയാകും എന്‍റെ മരണം.

അങ്ങനെ പലചിന്തകളില്‍ വ്യാപരിക്കുമ്പോഴാണ് വീട്ടിലെ കോളിങ് ബെല്‍ മുഴങ്ങിയത്.കൂട്ടുകാര്‍ ആരെങ്കിലുമാകുമെന്ന് കരുതിയാണ് കതക് തുറന്നത്.അല്ലാതെ ഈ സമയത്ത് ആര് വരാനാണ്.പക്ഷെ കതകു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് ഒരു സ്ത്രീ രൂപമായിരുന്നു.നല്ല കറുത്തിട്ട്,അധികം പ്രായമില്ലാത്ത സ്ത്രീ.അവര്‍ ഇളം ചുവപ്പ് നിറത്തില്‍ പച്ച ബോര്‍ഡറുള്ള ഒരു സാരിയാണ് ധരിച്ചിരുന്നത്.തലയില്‍ ഒരു കറുത്തതുണിയിട്ടിരുന്നു.പക്ഷെ അവരെ കണ്ടിട്ട് ഒരു മുസ്ലിമാണെന്ന് എനിക്ക് തോന്നിയില്ല.

ആരാ..എന്താ..?-എന്ന ഭാവത്തില്‍ ഞാനവരെ നോക്കി.എന്‍റെ ചോദ്യം വരുന്നതിനു മുന്‍പേ അവര്‍ എന്തോ പറഞ്ഞു.പക്ഷെ ഞാനത് വ്യക്തമായി കേട്ടില്ല.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.

"എന്താ..?"

"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ എന്നോട് ചോദിച്ചു.അവരുടെ ശബ്ദത്തിന് ചെറിയ വിറയലുണ്ടായിരുന്നു.

"എനിക്ക് പേരറിയില്ല"
ഞാന്‍ പറഞ്ഞു.

"അമ്മയിലെ ഇവിടെ..?"
അവര്‍ അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

"ഇല്ല."

"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ അതേ ചോദ്യം എന്നോട് ആവര്‍ത്തിച്ചു.അവരുടെ ശബ്ദം അപ്പോള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.

"എനിക്ക് അയാളുടെ പേരറിയില്ല.പൊക്കം കുറഞ്ഞ ഒരാളാണ്."
വീട്ടില്‍ തേങ്ങയിടാന്‍ വരുന്ന ആളിന്‍റെ പേരെനിക്ക് അറിയില്ലായിരുന്നു.കണ്ടുള്ള പരിചയം മാത്രമെ ഉള്ളൂ.

"രമേശനാ..?"
അവര്‍ ചോദിച്ചു.

"അറിയില്ല."

"ഞാന്‍ രമേശന്‍റെ പെങ്ങളാണ്."
ഞാന്‍ അവരെ നോക്കി.മുന്‍പെങ്ങും ഇവിടെ കണ്ടിട്ടില്ല.എന്താണ് അവര്‍ പറയാന്‍ വരുന്നത്.

"ക്യാന്‍സറാണ്.മരുന്നു വാങ്ങണം."
ആ മറുപടിയില്‍ എന്‍റെ മനസ്സൊന്നു പിടച്ചു.ഇത് സത്യമായിരിക്കുമോ.?എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാന്‍ തോന്നിയില്ല.അമ്മ ഷര്‍ട്ട് വാങ്ങാന്‍ തന്ന 300 രൂപ മേശയില്‍ ഇരിപ്പുണ്ട്.അതില്‍ നിന്ന്..

"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ.പോയിട്ട് അച്ഛനോ അമ്മയോ ഉള്ളപ്പോള്‍ വരൂ."
പക്ഷെ ഇങ്ങനെ പറയാനാണ് എനിക്കപ്പോള്‍ തോന്നിയത്.കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം കനിവുള്ള നന്‍മയുള്ള എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയിരിക്കുന്നു.ഞാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രതിനിധിയായിരിക്കുന്നു.

അവര്‍ മറുത്തൊന്നും പറഞ്ഞില്ല.തിരിച്ചു നടന്നു തുടങ്ങി.മുറ്റത്ത് നിവര്‍ത്തിവെച്ചിരുന്ന അവരുടെ കുട എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലയിലിട്ടിരുന്ന കറുത്തതുണി ചെറുതായൊന്നു നീങ്ങി.അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.അവര്‍ക്ക് മുടിയുണ്ടായിരുന്നില്ല.ഗേറ്റിനരികില്‍ കിടന്നിരുന്ന ചെരുപ്പുമിട്ട് അവര്‍ റോഡിലേക്കിറങ്ങി.

ഒരുനിമിഷം ഞാന്‍ നിശ്ചലമായി.ശരിയാണ്.അവര്‍ പറഞ്ഞതെല്ലാം ശരിയാണ്.ഞാന്‍ അകത്തേക്കോടി.മേശ തുറന്ന് പൈസയുമെടുത്ത് ഗേറ്റിനരികിലേക്ക് ഓടിയെത്തി.പക്ഷെ അപ്പോഴേക്കും അവര്‍ ഏതോ വഴിയിലേക്ക് മറഞ്ഞിരുന്നു.മനസ്സില്‍ വലിയൊരു ഭാരവും പേറിയാണ് ‍ഞാന്‍ വീട്ടിലേക്ക്  കയറിയത്.

പത്രം ഞാന്‍ മടക്കി വെച്ചു.കണ്ണുകള്‍ പിന്നെയും നിറയുകയാണ്.ഇന്നലെ എന്‍റെ മുന്നില്‍ വന്ന സ്ത്രീ മരിച്ചിരിക്കുന്നു.എന്‍റെ മുന്നില്‍ കൈകൂപ്പി നിന്ന ഒരിറ്റ് ദയയ്ക്ക് വേണ്ടി യാചിച്ച അതേ സ്ത്രീ തന്നെയാണ് പത്രത്താളിലിരുന്ന് എന്നെ വേദനിപ്പിക്കുന്നത്.

മരണവീട്ടിലേക്ക് പോകാനിറങ്ങുകയായിരുന്നു അച്ഛന്‍.ഞാനും അച്ഛന്‍റെ കൂടെയിറങ്ങി.ഒരു മരണവീട്ടിലും ഞാന്‍ പോകാറില്ലായിരുന്നു.എനിക്ക് പേടിയാണ്.മരണവീട്ടില്‍ ചെല്ലുമ്പോള്‍ ഉറ്റവരുടെ കരച്ചില്‍,ചന്ദനത്തിരിയുടെ ഗന്ധം..അങ്ങനെ പലതും എന്‍റെ മനസ്സിനെ തളര്‍ത്തികളയുമായിരുന്നു.മരണത്തെ എനിക്ക് ഭയമാണ്.

ഏകദേശം 20 കിലോമീറ്റര്‍ അകലെ ഒര് കോളനിയില്‍ അച്ഛനോടിച്ചിരുന്ന ബൈക്ക് നിന്നു.അവിടെയൊരു ചെറിയ മുറുക്കാന്‍ കടയുണ്ടായിരുന്നു.വഴി ചോദിക്കാനാണ് ബൈക്കവിടെ നിര്‍ത്തിയത്.കടക്കാരന്‍ പറഞ്ഞു തന്ന വഴിയില്‍ ഞങ്ങള്‍ പോയി.ഒരു ചെറിയ കുന്നിന്‍ മുകളിലായിരുന്നു വീട്.അവിടേക്ക് വണ്ടി ചെല്ലില്ല.ബൈക്ക് താഴെ വെച്ചിട്ട് ഞങ്ങള്‍ കുന്നു കയറി വീടിനടുത്തേക്ക് നടന്നു.

മരണത്തിന്‍റെ നിശബ്ദത അവിടെ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു.വീടിനു മുന്നില്‍ വിരലിലെണ്ണാവുന്ന ആള്‍ക്കാരെ ഉള്ളു.ഞാനും അച്ഛനും അകത്തേക്ക് കയറി.അച്ഛനെ കണ്ട് വാതിലിരികില്‍ നിന്ന രമേശന്‍ മൂപ്പര് ചെറുതായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍ ആ സ്ത്രീയെ ഒരു നോക്കേ നോക്കിയോളു.സമനില തെറ്റി ഞാന്‍ കരയുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി.ഇന്നലെ ഞാനവര്‍ക്ക കാശ് കൊടുത്തിരുന്നെങ്കില്‍ അത് അവര്‍ക്ക് ഒരു ദിവസത്തെയെങ്കിലും മരുന്നിനു തികയുമായിരുന്നു.ചിലപ്പോള്‍ മരണം അവരോട് കനിവു കാണിക്കുമായിരുന്നു.ഒര് ദിവസം കൂടിയെ ങ്കിലും ജീവിതം നീട്ടി കിട്ടുമായിരുന്നു..

രമേശന്‍ മുപ്പര് അച്ഛന്‍റെ അരികിലേക്കു വന്ന് സംസാരിച്ചു തുടങ്ങി.

"ക്യാന്‍സറായിരുന്നു.ചികില്‍സിക്കാന്‍ എനിക്കെവിടുന്ന സാറേ കാശ്.എന്നാലും എന്നെകൊണ്ട് ആവുന്നതൊക്കെ ചെയ്തു..എന്നിട്ടും.."
അയാളും കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

"കല്യാണം കഴിഞ്ഞിരുന്നോ..?"
അച്ഛന്‍ ചോദിച്ചു.

"അതല്ലെ സാറേ കഷ്ടം.അളിയന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു.ഇതേ രോഗം തന്നെ.എന്ത് ചെയ്യാനാ സാറേ വിധി അല്ലാതെയെന്താ..ദേ അവളെ കണ്ടില്ലേ.ഞാന്‍ നോക്കണം ഇനി അതിനെ.എങ്ങനെ നോക്കാനാ സാറേ..?"

അപ്പോഴാണ് അയാള്‍ കൈചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ നോക്കിയത്.അവിടെ നാല് വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു.എന്തോ കളിയ്ക്കുകയായിരുന്നു.പാവം അച്ഛനു പിന്നാലെ അമ്മ പോയതൊന്നും അറിയുന്നുണ്ടാകില്ല.ഞാനും അച്ഛനും അവളുടെ അരികിലേക്ക് ചെന്നു.

അവള്‍ തലയുയര്‍ത്തി ഞങ്ങളെ നോക്കി.വീണ്ടും പഴയ ജോലിയില്‍ മുഴുകി.ഞാന്‍ അവളുടെയരികിലിരുന്ന് ഇന്നലെ അവളുടെ അമ്മയ്ക്ക് കൊടുക്കാതെ പോയ പണം അവളുടെ കൈയില്‍ പിടിപ്പിച്ചു.എന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും അങ്ങനെ ചെയ്യാനാണ് തോന്നിയത്.അവള്‍ എന്നെ നോക്കികൊണ്ടേയിരുന്നു..

കുന്നിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ ‍ഞാന്‍ അച്ഛനോട് ചോദിച്ചു
"നമുക്ക് അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു വന്നാല്ലോ..?കഷ്ടമല്ലേ.."



Monday, August 2, 2010

Hence Proved

നൂറ്റിപതിനാറാം മിനുട്ടില്‍ ഇനിയേസ്റ്റ അടിച്ച ഗോളായിരുന്നു മനസ്സു മുഴുവന്‍.വേള്‍ഡ് കപ്പിന്‍റെ തുടക്കം മുതല്‍ ഞാന്‍ അര്‍ജന്‍റിന പക്ഷക്കാരനായിരുന്നെങ്കിലും ടീം തോറ്റ് തുന്നം പാടിയതോടെ കാലുമാറി സ്പെയിനിന്‍റെ കക്ഷിയായി.ഒടുവില്‍ ചുണക്കുട്ടപ്പന്‍ ഇനിയേസ്റ്റയുടെ ഗോളില്‍ കാളകൂറ്റന്‍മാര്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഞാന്‍ ഹടാടെ പുളകിതനായി.അങ്ങനെ Tsamina mina Waka Waka യും പാടി ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി മൂന്ന്.പബ്ലിക്ക് എക്സാമിന്‍റെ തലേന്നുപോലും ഇങ്ങനെ ഉണര്‍ന്നിരുന്നിട്ടില്ല.തമ്പുരാനാണെ സത്യം.പരൂക്ഷയുടെ തലേന്നാണെങ്കില്‍ നേരത്തെ മൂടി പുതച്ച് ഉറങ്ങാറാണ് പതിവ്.അത് പറഞ്ഞപ്പോഴാ..ആഹ്..ഉറക്കം വന്നിട്ട് മേലാ ..!

" രൂപേഷ്,Stand Up "
ആ ഇടിമുഴക്കം കേട്ടാണ് ഞാന്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നത്.എവിടെനിന്നോ സാംബശിവന്‍റെ കഥാപ്രസംഗ ട്രൂപ്പിലെ വിരുതന്‍ സിമ്പലിനിട്ടു താങ്ങിയ ശബ്ദം കേട്ടില്ലേ എന്നു തോന്നി.ശരിയാണ്.പുറകിലത്തെ ബെഞ്ചിലിരിക്കുന്ന മണുക്കൂസന്‍ അത് പോലെ ചിരിക്കുന്നു.

ഇപ്പോള്‍ മനസ്സില്‍ സ്പെയിനുമില്ല.ഇനിയേസ്റ്റയുമില്ല.ഞാന്‍ പതുക്കെ എണ്ണീറ്റു.

തക്കാളി പനി വന്ന മുഖം പിന്നെയും ചുവപ്പിച്ച് പരമബോറാക്കി ലതാ മിസ് ഇതാ മുന്നില്‍ നില്‍ക്കുന്നു.

" താന്‍ എന്താ എക്സാം ഹാളിലിരുന്ന് ഉറങ്ങുകയാണോ..? "

" അല്ല മിസ്.ഞാന്‍ Solution ആലോചിക്കുകയായിരുന്നു കണ്ണടച്ചിരുന്ന്."

എന്നെ കണ്ടാല്‍ ഒരു പാവമാണെന്നു ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുമെങ്കിലും കള്ളത്തരത്തിന് കൈയും കാലും വെച്ച മുതലാണെന്ന് മിസ്സിന് അറിയാം.അവര്‍ കലിതുള്ളി.

" പേപ്പറില്‍ ഒന്നും കണ്ടില്ലെങ്കില്‍ ഞാനുമൊരു Solution പറഞ്ഞു തരുന്നുണ്ട്.വീട്ടിന്നു അച്ഛനും അമ്മയും ഇങ്ങുവരും.അത് വേണ്ടെങ്കില്‍ മര്യാദയ്ക്കിരുന്ന് പരീക്ഷ എഴുതിക്കോണം.കേട്ടല്ലോ.Sit Down "

ഹൊ..വെടിയൊച്ച നിലച്ചു.സമാധാനമായി ഞാന്‍ ഇരുന്നു.ക്ലാസില്‍ എല്ലാവരും എന്നെ ഫയറു ചെയ്യണ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ.അങ്ങനെ സമാധാനിച്ചു ഞാന്‍.പക്ഷെ എന്‍റെ അടുത്തിരിക്കുന്ന ജോസഫ് ചാക്കോ മാത്രം എന്‍റെ തോളത്തു തട്ടി ആശ്വസിപ്പിച്ചു.

" Cool അളിയാ Cool.ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു."

വൃത്തികെട്ടവന്‍.ദരിദ്രവാസി.അവന് കഴിഞ്ഞ സെമസ്റ്ററില്‍ 6 പേപ്പറാ പോയത്.ആകെ 7 പേപ്പറാ.വെച്ച തുണ്ടെല്ലാം തന്നെ Essay ആയി ചോദിച്ചതുകൊണ്ട് ഒരു പേപ്പറിന് കഷ്ടിച്ച് വീണതാ അലവലാതി.ദാ..അവന്‍ പിന്നെയും ഇരുന്നുറങ്ങുന്നു.ഇവനെ കാണാന്‍ ലതാ മിസിന് കണ്ണില്ല.പാവം ഞാനൊന്നു ഉറങ്ങി പോയാലുടന്‍ എന്‍റെ മെക്കിട്ടു കേറിക്കോളും.പാവം ഞാന്‍.അല്ലേലും എല്ലാവര്‍ക്കും വന്ന് "ടില്ലം ടില്ലം" കൊട്ടാവുന്ന ചെണ്ടയാണല്ലോ ഞാന്‍.ഒരു ദിവസം ഞാന്‍ കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാരേം.ഞാന്‍ നായകനാകുന്ന സിനിമ ഒന്നു റിലീസാകട്ടെ.അന്ന് എല്ലാം എന്‍റെ പുറകെ വരും സാര്‍ ഒരു ഓട്ടോഗ്രാഫ് തര്യോ-എന്ന് ചോദിച്ച്.ഹും..!


ഇതു വരെയും ഞാന്‍ ഒന്നു മൈന്‍റ് പോലും ചെയ്യാതിരുന്ന Question Paper അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്.ഒരു കണ്ണി ചോരയില്ലാത്ത സാധനം.ഇവനിങ്ങനെ വന്നു ചുമ്മാ മുന്നിലിരുന്നാല്‍ മതിയല്ലോ.ഇവറ്റകള്‍ ഇനി എന്നാണാവോ സ്വയം Answer കണ്ടു പിടിക്കാന്‍ പ്രായമാകുന്നത്.ഞാന്‍ കഴിഞ്ഞ ജന്‍മത്തില്‍ എന്തു പാപം ചെയ്തിട്ടാ എന്നെയിങ്ങനെ പരീക്ഷിക്കുന്നേ.അന്നേ ഞാന്‍ കരഞ്ഞു പറഞ്ഞതാ എനിക്ക് എന്‍ജിനിയറാകണ്ട എന്ന്.കൂട്ടുകാരന്‍റെ മോന്‍ എന്‍ജിനിയറിങ്ങ് പഠിക്കുന്നു എന്ന് വെച്ച് ഞാനും പഠിക്കണോ.അച്ഛാ,ഇത് കുറേ കടന്നു പോയി.അമ്മേ,ഇത് തുമ്പിയെകൊണ്ട് മലയെടുപ്പിക്കുന്ന ഏര്‍പ്പാടായി പോയി.അനുഭവിക്കട്ടെ.അച്ഛനും അമ്മയും അനുഭവിക്കട്ടെ.ഈ അവലക്ഷണം പിടിച്ച Question Paper കണ്ടപ്പോള്‍ തന്നെ എന്‍റെ തല പെരുത്തു വരുന്നു.ആ ചാള്‍സ് ബാബേജിന് വല്ലോം അറിയണോ.ചുമ്മാതങ്ങ് കണ്ടെത്തിയാല്‍ പോരെ.ബാക്കിയുള്ളവന്‍ അതിന്‍റെ പ്രവര്‍ത്തനവും ഘടനയും ചേനയുമൊക്കെ പഠിച്ച് ചക്രശ്വാസം വലിക്കുകയാ..!

Internal മാര്‍ക്കിനു വേണ്ടി നടത്തുന്ന ക്ലാസ് ടെസ്റ്റാണു പോലും.ക്ലാസില്‍ "കൃത്യമായി" കേറുന്നത്കൊണ്ട് Internal "വേണ്ടുവോളം" ഉണ്ട്.അപ്പോഴാ ഇനി ഇതും കൂടി.


എന്തു ഭംഗിയാണെന്നറിയ്വോ എന്‍റെ Answer Sheet കാണാന്‍.നല്ല തൂവെള്ള നിറം.എത്ര മനോഹരമായി ഞാന്‍ എന്‍റെ പേരെഴുതിയിരിക്കുന്നു.വേറെ ഒന്നും അതില്‍ എഴുതി വൃത്തികേടാക്കാന്‍ എനിക്ക് തോന്നുന്നില്ല.ങേ..വിഷയത്തിന്‍റെ പേരെഴുതിയിട്ടില്ലല്ലോ.അപ്പോള്‍ തന്നെ Question Paper ല്‍ നോക്കി അതും വെണ്ടക്കാ വലുപ്പത്തിലെഴുതി.ഞാന്‍ എഴുതാന്‍ പോകുന്ന കഥയുടെ പേര് "ഓപ്പറേറ്റിങ് സിസ്റ്റം"..!

സത്യം പറയാമല്ലോ.പഠിച്ചിട്ടും പഠിച്ചിട്ടും ഈ പണ്ടാരം തലേല്‍ കയറണില്ല.ഞാന്‍ എന്തു ചെയ്യാനാ.ഇവിടെ Windows വേണ്ട Linux മതി എന്ന് സര്‍ക്കാര്‍ വരെ പറഞ്ഞതാ.പക്ഷെ University കേക്കണ്ടേ.ഇപ്പോഴും പഠിക്കാന്‍ മുതലാളി വര്‍ഗത്തിന്‍റെ  Windows ഉം താങ്ങി പിടിച്ചോണ്ട് വന്നിരിക്കുന്നു.ഞാന്‍ പഠിക്കില്ല.ഞാന്‍  Windows ന് എതിരാ.വിപ്ലവം ജയിക്കട്ടെ.ലാല്‍സലാം..!

ഞാന്‍ ആയുധം വെച്ച് തോറ്റുകൊടുത്തു.വെറുതെ ഞാനായിട്ടെന്തിനാ വേണ്ടാത്ത പൊല്ലാപ്പിനൊക്കെ.തൂവെള്ള നിറത്തിലെ ഉത്തര കടലാസ് എന്നെ നോക്കി ചിരിക്കുന്നു.അതിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍ ഇനിയേസ്റ്റയുടെ ഗോള്‍ തെളിഞ്ഞു വരുന്നതു പോലെ തോന്നി.ട്വന്‍റി ട്വന്‍റിയിലെ ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള ലാലേട്ടന്‍റെ മുണ്ട് മടക്കി കുത്തിയുള്ള വരവും ഗംഗാ ഹോട്ടലിലെ കരിമീന്‍ പൊള്ളിച്ചതും ഫസ്റ്റ് ഇയറിലെ ചുരുളന്‍ മുടിയുള്ള ശരണ്യയും എന്തിന് പ്രീതി മിസ് വരെ അതില്‍ തെളിഞ്ഞു വന്നു..!

ശെടാ..ഇതിനെയാണ് Timing Timing എന്ന് പറയുന്നത്.ദാണ്ടെ നിക്കുന്നു പ്രീതി മിസ് മുന്നില്‍.കോളേജില്‍ മിസിന് ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട്.നമ്മുടെ കാവ്യാമാധവനില്ലേ.അതിനേക്കാള്‍ സുന്ദരിയാണ് മിസ്.ഈയിടയ്ക്കായിരുന്നു കല്യാണം.ഞാനും പോയി ഉണ്ടിരുന്നു.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.കോളേജിലെ പലരും അന്ന് ഉറങ്ങി കാണില്ല.പ്രത്യേകിച്ച് ആ സതീഷ് സാറിന്.പാവം..!

" എന്താ രൂപേഷ് ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്.?"
എന്‍റെ ഓര്‍മകളെയെല്ലാം കീറി മുറിച്ചുകൊണ്ട് പ്രീതി മിസ്സിന്‍റെ ശബ്ദം.ഞാന്‍ പിന്നെയും എണ്ണിറ്റു.

" ഒന്നുമില്ല മിസ്.."ഞാന്‍ ഇന്നസെന്‍റായി.

" എന്താ താന്‍ ഇന്ന് കുളിച്ചില്ലേ ..?"

ഉത്തരമൊന്നും കിട്ടാത്തതുകൊണ്ട് ഞാന്‍ തല മുടിയെല്ലാം പിടിച്ചു വലിച്ച് ഒരുമാതിരി അവലക്ഷണം പിടിച്ച കോലാമായിട്ടിരിക്കുകയായിരുന്നു.കുരുവിക്കൂട് പോലത്തെ മുടിയാ എന്‍റേത്.

" കുളിച്ചു മിസ്.എണ്ണത്തേച്ചില്ല അതാ.."

" ഉം ശരി.ഇരുന്നോ.."

മിസ് എന്നെ നോക്കി ചിരിച്ചു.ഹാ..ആ ചിരിയില്‍ ചന്ദ്രന്‍റെ ചാരുത ഞാന്‍ കണ്ടു.ഞാന്‍ ആ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപോലെ വീണ്ടും ഉത്തരം കിട്ടാതെ അലഞ്ഞു.

പ്രീതി മിസിനെ കണ്ടതു കൊണ്ടാകണം മനസ്സിന് എന്തെന്നില്ലാത്ത ആവേശം.അറിയാത്ത ഉത്തരങ്ങള്‍ എവിടെ നിന്നോ എന്നെ തേടി വരുന്നതു പോലെ.ഞാന്‍ വീണ്ടും ആയുധമെടുത്തു.ഇവനിനി എന്തു കാട്ടാനാ-എന്ന മട്ടില്‍ ആ പേനത്തലപ്പ് എന്നെ നോക്കി.ഇപ്പോ ശരിയാക്കി തരാം..

മരണവേഗത്തില്‍ ഞാന്‍ കൂട്ടലും കിഴിക്കലും നടത്താന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ മടക്കി പോക്കറ്റില്‍ വെച്ചു.Solution കണ്ടുപിടിക്കാന്‍ അതെന്തിനാ.ഉത്തര കടലാസ് ഏത് വിധേനയും നിറയ്ക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം.

" മിസ് ഒരു പേപ്പര്‍ കൂടി "-
ഞാന്‍ ചാടി എണ്ണിറ്റതും പ്രീതി മിസും ക്ലാസും ഞെട്ടിയതും ഒരുമിച്ചായിരുന്നു.

" രൂപേഷ് അഡിഷണല്‍ ഷീറ്റ് വാങ്ങി"-ക്ലാസ് റൂമിന്‍റെ മൂലക്ക് വലയ്ക്കുള്ളില്‍ ഒളിച്ചിരുന്ന എട്ടുകാലി കുട്ടന്‍ വരെ പറഞ്ഞു.സംഗതി നാട്ടിലെങ്ങും പാട്ടായി.

" നീയെന്നെ ചതിച്ചല്ലോടാ പന്നി.എല്ലാക്കാര്യത്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്.."-ജോസഫ് ചാക്കോ എന്നെ രൂക്ഷമായി നോക്കി.



ഞാന്‍ പേപ്പറും വാങ്ങി പിന്നെയും യഞ്ജം ആരംഭിച്ചു.ബെല്ലടിക്കുന്നതു വരെ അത് തുടര്‍ന്നു.പ്രീതി മിസിന്‍റെ കൈയില്‍ അഭിമാനത്തോടെ പേപ്പര്‍ നല്‍കി ഞാന്‍ പുറത്തേക്കിറങ്ങി.പക്ഷെ അതുപോലെ തന്നെ പെട്ടെന്ന് ഞാന്‍ അകത്തേക്കോടി.

" മിസ് ഞാന്‍ ഒരു കാര്യം എഴുതിയില്ല.പ്ലിസ് മിസ് പേപ്പര്‍ ഒന്നു തരുമോ..?"

എന്‍റെ ഭാഗ്യമെന്ന് പറഞ്ഞാല്‍ മതിയല്ലോ.മിസ് പേപ്പര്‍ തന്നു.ഞാന്‍ പേപ്പറിന്‍റെ അവസാന പേജെടുത്ത് കണക്ക് ചെയ്തതിന്‍റെ താഴെ എഴുതി പിടിപ്പിച്ചു." Hence Proved  ".അതിന് താഴെ രണ്ട് ജഗജില്ലന്‍ വരകളും വരച്ച് പേപ്പര്‍ മടക്കി നല്‍കി വീണ്ടും പുറത്തേക്ക്.

എന്നെ കാത്ത് ജോസഫ് ചാക്കോ വരാന്തയില്‍ നില്‍പ്പുണ്ടായിരുന്നു.

" എന്താടാ പന്നി നിനക്കിത്ര എഴുതാന്‍ .?" അവന്‍റെ ചോദ്യം.

" അതായത് അളിയാ.പ്രീതി മിസിനെ കണ്ടപ്പോള്‍ എനിക്ക് മറന്നുപോയ കണക്കെല്ലാം ഓര്‍മ്മ വന്നു.ഒന്നുമില്ലെങ്കിലും അവര്‍ നോക്കണ പേപ്പറല്ലേ.Hence Proved എന്ന് എഴുതണ്ട ആവശ്യമൊന്നുമില്ലാരുന്നു.പിന്നെ ഒരു ഉത്തരമാകുമ്പോള്‍ എല്ലാം വേണമല്ലോ.അതാ ഇപ്പോള്‍ പോയി എഴുതി കൊടുത്തത്.എന്‍റെയൊരു കാര്യം.."

ജോസഫ് ചാക്കോ പിന്നെ ഒന്നും പറഞ്ഞില്ല.കിലോ മീറ്റര്‍ അകലെയുള്ള കാന്‍റിന്‍ വരെ കേള്‍ക്കുന്ന ഉച്ചത്തില്‍ ഒറ്റ ചിരിയായിരുന്നു.ഇത് പോലോരു ചിരി ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല.എനിക്കോന്നും പിടിക്കിട്ടണില്ലല്ലോ.ഇവനെന്താ വട്ടാണോ..!

" അളിയാ നീ സ്നേഹമുള്ളവനാ.വലിയവനാ.എനിക്കറിയാം നീയെന്നെ ഒറ്റപ്പെടുത്തില്ലെന്ന്.നീയാണെടാ യഥാര്‍ഥ സുഹൃത്ത്..ടാ..മണ്ടാ..മരമണ്ടാ..ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പരീക്ഷക്ക് ആരെങ്കിലും കണക്കിന്‍റെ Solution എഴുതിവെക്കുമോ.ഒന്നും പോരാഞ്ഞിട്ട് ഒരു Hence Proved ഉം..അയ്യോ..എനിക്ക് വയ്യായ്യേ.."

അവന്‍ പിന്നെയും ചിരിച്ച് മറിയാന്‍ തുടങ്ങി.

എനിക്ക് പറ്റിയ അമിളി ഇപ്പോഴാണ് മനസ്സിലായത്.ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷ നടത്തികൊണ്ടിരിക്കുന്ന ലതാ മിസ് ഇടയ്ക്ക് വെച്ച് പോയിരുന്നു.പല ചിന്തകളില്‍ വ്യാപരിച്ചിരുന്നതിനാല്‍ ‍ഞാന്‍ അതൊന്നും അറിഞ്ഞില്ല.മിസ് പോയതിന് പകരം വന്നതാണ് പ്രീതി മിസ്.പ്രീതി മിസിനെ കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.മിസ് പഠിപ്പിക്കുന്ന കണക്കിന്‍റെ എക്സാമാണെന്നു ഞാന്‍ കരുതി.

" പ്രീതി മിസേ..നിങ്ങള്‍ എന്നെ ചതിച്ചല്ലോ..കൊതിച്ചിരുന്നു അടിച്ച ഗോള്‍ സെല്‍ഫ് ഗോളായി പോയല്ലോ..! "

എന്തായാലും അന്ന് മുതല്‍ എനിക്ക് കോളേജില്‍ പുതിയ പേരു വീണു "Hence Proved" ..!



Tuesday, July 27, 2010

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

   പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പാണ് കോളേജില്‍ എത്തിപ്പെട്ടത്.(ഒര് പട്ടിക്കാട്ടിലായിരുന്നു കോളേജ്.സമയത്തിന് വണ്ടീം വള്ളവും ഒന്നുമില്ല.നമ്മുടെ കഷ്ടപ്പാട് ഇന്‍റര്‍വ്യൂ ബോര്‍ഡ്കാര്‍ക്ക് അറിയണ്ടല്ലോ..അവര്‍ക്ക് എന്തുമാകാമല്ലോ..)

 വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.ഇന്‍റര്‍വ്യു തുടങ്ങാന്‍ പോകുകയാണ്.കോളേജിലെ കോണ്‍ഫറന്‍സ് ഫാളില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.ഞങ്ങള്‍ ഹാളിന് മുന്നിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.പ്യൂണ്‍ ചേട്ടന്‍ ആദ്യത്തെ 5 പേരെ അകത്തേക്ക് കയറ്റി വിട്ടു.ഞങ്ങളുടെ നമ്പര്‍ എപ്പോവരും എന്ന് ഞങ്ങള്‍ തിരക്കി.പുള്ളിക്കാരന്‍ എന്തോ മലമറിക്കണ കാര്യം ചെയ്യണ പോലെ ഫയലൊക്കെ എടുത്ത് അഞ്ചാറു വെട്ടെ മറിച്ചു നോക്കിയിട്ട് പറഞ്ഞു.

"ആ..ഒരു മണിക്കൂര്‍ കഴിയും."

അപ്പോള്‍ ഇനി ഒരു മണിക്കൂര്‍ ഇവിടെ ചൊറീം കുത്തിയിരിക്കണം.ഇന്‍റര്‍വ്യൂന് വന്നിട്ട് ഒന്നും എടുത്ത് പഠിക്കാതെ വെറുതെ ഇരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള അഹങ്കാരം കൊണ്ടൊന്നുമല്ല.അല്ലെങ്കിലും ഒരു ചക്കയും ചുണ്ണാമ്പും അറിയാത്ത ഞാനെന്തിനാ അഹങ്കരിക്കുന്നത്.

ഇന്‍റര്‍വ്യൂ ഇംഗ്ലീഷിലാണ് എന്നറിഞ്ഞപ്പോഴെ മുട്ടിടിച്ചതാണ്.കഞ്ഞി പള്ളിക്കുടത്തില്‍ പഠിച്ച എനിക്ക് ഒര് ആപ്ലിക്കേഷന്‍ പോലും ഇംഗ്ലിഷില്‍ നേരെ ചൊവ്വെ എഴുതാന്‍ അറിയില്ല എന്നത് നഗ്നമായ സത്യം.അതില്‍ തെല്ലും അഹംഭാവം എനിക്കില്ല.അതുകൊണ്ട് തന്നെ അഡ്മിഷന്‍ കിട്ടില്ല എന്നുറപ്പിച്ച് തന്നെയാണ് ഇന്‍റര്‍വ്യൂന് വന്നത്.എനിക്ക് എന്നെ അറിഞ്ഞൂടെ സുഹൃത്തെ..

ഡിഗ്രിക്ക് പഠിച്ചത് മുഴുവന്‍ ഇന്‍റര്‍വ്യൂന് ചോദിക്കും പോലും.ഫൈനല്‍ ഇയര്‍ വരെ വന്ന് ജയിച്ച പാട് എനിക്ക് മാത്രമെ അറിയൂ.അപ്പോഴാ ഇനി തറ പറ മുതല്‍ പഠിച്ച് ഇവിടെ വന്ന് പറയാന്‍ പോകുന്നത്.എനിക്കെന്താ വട്ടുണ്ടോ..!പിന്നെ എന്തിനാ ബുദ്ധിമുട്ടി ഇവിടെ വരെ വന്നു എന്ന് ചോദിച്ചാല്‍ ചുമ്മാ..ചിലപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചാലോ..!എന്നെനിക്ക് പറയേണ്ടി വരും.

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

കൂട്ടത്തില്‍ ഒരു മുഖത്ത് അപ്പോഴാണ് എന്‍റെ കണ്ണുകളുടക്കിയത്.നുണകുഴിയുള്ള ഒരു സുന്ദരിക്കുട്ടി.എനിക്ക് അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.ഇതിനു വേണ്ടിയാണോ പതിവില്ലാതെ ഞാന്‍ കുളിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു.അടുത്തിരിക്കുന്ന അവളുടെ അമ്മ,കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട,എന്നെ രൂക്ഷമായി നോക്കിയപ്പോഴാണ് ഞാന്‍ എവിടെയാണെന്നും എന്തിനാ വന്നതുമെന്നുള്ള ബോധം വന്നത്.ഞാന്‍ എന്‍റെ രണ്ട് കണ്ണുകളേയും ഉടനടി പിന്‍വലിച്ചു.

ഈ ഇന്‍റര്‍വ്യൂ എങ്ങനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍,ഇവളുടെ കൂടെ രണ്ട് കൊല്ലം എനിക്ക് പഠിക്കാമായിരുന്നു.ഞാന്‍ കുറച്ച് അത്യാഗ്രഹിയായി.ഛെ..ഇവള്‍ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നല്ലപോലെ പഠിച്ചോണ്ട് വന്നേനെ.ഇനിയിപ്പോ എന്നാ ചെയ്യും.ഇന്‍റര്‍വ്യൂ ബോര്‍ഡിന് കോഴ കൊടുത്താലോ..ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു..

വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങിയത്കൊണ്ട് എന്‍റെ ചങ്ങാതി ഒന്നും കഴിച്ചിരുന്നില്ല.എനിക്ക് വിശപ്പിന്‍റെ അസുഖമുള്ളത്കൊണ്ട് അമ്മ രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.പക്ഷെ രാവിലെ സമയമില്ലാത്തതുകൊണ്ട് എട്ട് ഇഡ്ഡലിയും ഒര് ഗ്ലാസ് പാലും ഒര് കുഞ്ഞ് ഏത്തപ്പഴവും ചെറിയൊരു മുട്ടയും മാത്രമേ എനിക്ക് കഴിക്കാന്‍ സാധിച്ചുള്ളൂ.എന്‍റെ ചങ്ങാതിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെ വയറും പറഞ്ഞു അവനും വിശക്കുന്നെന്ന്.എന്‍റെ സ്വന്തം വയറല്ലേ വിഷമിപ്പിക്കാന്‍ പറ്റില്ലല്ലോ.ശരി,അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള്‍ പ്യൂണ്‍ ചേട്ടനെ കീശയിലാക്കാന്‍ എണ്ണീറ്റു.അങ്ങനെ കഷ്ടപ്പെട്ട് പുള്ളിടെ അനുവാദം വാങ്ങി ഞങ്ങളുടെ നാല് കാലുകളും രണ്ട് വയറും കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.

വളരെ വലിയൊരു കാന്‍റിനായിരുന്നു അത്.അത്പോലെ തന്നെ ഒരുപാട് പ്രത്യേകതകളുമുണ്ടായിരുന്നു.വെജിറ്റേറിയനാണ്.ആദ്യം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കണം.നമ്പര്‍ വിളിക്കുമ്പോള്‍ പോയി ഭക്ഷണം വാങ്ങണം.തിന്നു കഴിഞ്ഞ് പാത്രം നമ്മള്‍ തന്നെ കഴുകി വെക്കണം.മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വൃത്തിയുമുള്ള കാന്‍റിന്‍.

ഞങ്ങള്‍ മസാല ദോശയ്ക്ക് പറഞ്ഞു.ടോക്കണ്‍ വാങ്ങി വന്നിരുന്നു.ഞാന്‍ ചുറ്റിനും നോക്കുകയായിരുന്നു.എല്ലാവരും വളരെ ശാന്തരായി ഭക്ഷണം കഴിക്കുന്നു.'ഇങ്ങനെയും ഒര് കോളേജ് കാന്‍റിന്‍'-ഞാന്‍ അത്ഭുതപ്പെട്ടു.

"ട്വന്‍റി ഫോര്‍"

ഞങ്ങളുടെ നമ്പര്‍ വിളിച്ചു.ഞങ്ങള്‍ പോയി മസാല ദോശയും ചായയും എടുത്തുകൊണ്ട് വന്ന് കൃത്യനിര്‍വഹണത്തിലേക്ക് കടന്നു.വളരെ വേഗം തന്നെ ഞങ്ങള്‍ മസാല ദോശയുടെ കഥ കഴിച്ചു.വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ അകത്തു പോയി മാവ് ആട്ടി കൊടുക്കേണ്ടി വരും.ഇനി കൈയില്‍ വീടുവരെ എത്താനുള്ള കാശേ ഉള്ളൂ.

ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗ്ലാസില്‍ കിടക്കുന്ന സ്ട്രോ ശ്രദ്ധയില്‍പ്പെട്ടത്.'ഇതെന്തിനാ അളിയാ'-ഞങ്ങള്‍ പരസ്പരം നോക്കി.ഒടുവില്‍ ഞാന്‍ തന്നെയാണ് ഭാവിയില്‍ നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാവുന്ന ആ കണ്ടെത്തല്‍ നടത്തിയത്.അത് താഴെ പറയും വിധമാണ്.

"അളിയാ,ഇതൊരു റി യൂസബിള്‍ ഗ്ലാസ് ആകുന്നു.നമ്മള്‍ ചുണ്ടില്‍ മുട്ടിച്ച് ചായ കുടിക്കുകയാണെങ്കില്‍ കീടാണുക്കള്‍ അഥവാ ബാക്ടീരിയ ഇതേ ഗ്ലാസ് ഉപയോഗിക്കുന്ന മറ്റുള്ളവരിലേക്ക് പകരാനും ഇടയുണ്ട്.അത്കൊണ്ടാണ് സ്ട്രോ യുസ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്."

അവന്‍ എന്നെ അനുമോദനങ്ങള്‍കൊണ്ട് മൂടി.'നീ വലിയവനാണെടാ'-എന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ സ്ട്രോയിട്ട് ചായ വലിച്ചു കുടിക്കാന്‍ തുടങ്ങി.





പക്ഷെ എന്തോ ഒരു പ്രോബ്ലം.ഞാന്‍ ചങ്ങാതിയെ നോക്കി.

"ടാ,ചായയ്ക്ക് മധുരമുണ്ടോ.?"

"ഇല്ല." -അവനും അതേ പ്രോബ്ലം.ഇതെങ്ങനെ സംഭവിച്ചു.

വിത്ത് ഔട്ട് ചായ തന്ന് പറ്റിച്ച കാന്‍റിന്‍ മൊതലാളിയെ മനസ്സില്‍ പ്രാകികൊണ്ട് ഞങ്ങള്‍ ഇന്‍റര്‍വ്യൂ ഹാളിന് മുന്നിലേക്ക് നടന്നു.

വന്നിരുന്ന് അധികം വൈകാതെ തന്നെ എന്‍റെ നമ്പര്‍ വിളിക്കുകയും പ്രതീക്ഷിച്ചതുപോലെ ഞാന്‍ ഇന്‍റര്‍വ്യു ബോര്‍ഡിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷ റ ഞ്ഞ ക്ക ട്ട ച്ച വരയ്ക്കുകയും ചെയ്തു.എന്‍റെ കൂട്ടുകാരനും ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് സന്തോഷമായത്.ഭാഗ്യം..ഒറ്റപ്പെട്ടില്ലല്ലോ..!ഇനി ഒരിക്കലും നുണകുഴിയുള്ള പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്ത ഹൃദയ വേദനയോടെ ഞാന്‍ ആ വേദിയ്ക്ക് വിട ചൊല്ലി പിരിഞ്ഞു.

* * * * * * * * * * *

ഇന്‍റര്‍വ്യു കഴിഞ്ഞുള്ള ശനിയാഴ്ചത്തെ പ്രമുഖ പത്രങ്ങളിലെ വെണ്ടക്കാ വലുപ്പത്തിലുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു."പൊട്ടന് ലോട്ടറിയടിച്ചു".അതെ മാന്യമഹാജനങ്ങളെ എനിക്ക് അഡ്മിഷന്‍ കിട്ടി.വിശ്വാസം വരുന്നില്ല അല്ലേ.എനിക്കും ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്കണോ തുള്ളണോ ചാടണോ തലകുത്തി നില്‍ക്കണോ എന്ത് ചെയ്യണമെന്ന് അറിയില്ല.നുണകുഴിയുള്ള സുന്ദരിക്കുട്ടിയെ വീണ്ടും കാണാം എന്ന സംഗതി എന്‍റെ സന്തോഷത്തിന് ആക്കം കൂട്ടി.അവള്‍ക്കെന്തായാലും അഡ്മിഷന്‍ കിട്ടികാണും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.കിട്ടികാണില്ലേ..കാണും.!

അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങാന്‍ പോകുന്നു.അവളെ കാണുക,പരിചയപ്പെടുക ഇതൊക്കെയായിരുന്നു എന്‍റെ പ്രധാന അജഡകള്‍.അവള്‍ വരുന്നതും കാത്ത് ഞാന്‍ ക്ലാസ് റൂമിന് മുന്നിലെ വരാന്തയില്‍ അക്ഷമനായി തേരാ പാര നടന്നു.എന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ അവള്‍ വന്നു കയറിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.ഇനിയിപ്പോള്‍ അടുത്ത ഇന്‍റര്‍വെല്ലിന് പരിചയപ്പെടാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.

ഇവിടുത്തെ ആദ്യ ഇന്‍റര്‍വല്‍.അവളും കൂട്ടുകാരികളും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.വെറുതെ ഒരു ഹായ് തട്ടിവിട്ടു.ഇവനാരെടാ-എന്ന മട്ടില്‍ തരുണിമണികളെല്ലാം എന്നെ രൂക്ഷമായി നോക്കി.ഞാന്‍ ആരാ മൊതല്,നുണക്കുഴിയുള്ള പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.

"നല്ല പരിചയം.ഫാത്തിമയിലാണോ പഠിച്ചത്..?"

"അല്ല."അവള്‍ പറഞ്ഞു.

"രാധാകൃഷ്ണന്‍ സാറിന്‍റെ അടുത്ത് മാത്സ് ട്യൂഷന് വന്നിട്ടുണ്ട് അല്ലേ..?"

"ഇല്ലല്ലോ"

"പിന്നെ എങ്ങനെയാ പരിചയം.എവിടെയോ കണ്ടിട്ടുള്ളതുപോലെ -‍ഞാന്‍ അടവുകള്‍ ഓരോന്നായി തൊടുത്തു വിട്ടു."

"കാന്‍റിനില്‍ വെച്ചായിരിക്കും" -അവള്‍ പറഞ്ഞു.

"കാന്‍റീനോ..ഏത് കാന്‍റീന്‍..?" -ഞാ‍ന്‍ സത്യമായും ഒന്ന് ഞെട്ടി.

അവള്‍ അപ്പോള്‍ അടുത്തു നിന്ന കൂട്ടുകാരിയോട് ചോദിച്ചു.

"ടി,നമ്മുടെ കാന്‍റിനില്‍ ചായേടെ കൂടെ എന്തിനാ സ്ട്രോ തരുന്നത്..?"

"അത്,ഗ്ലാസിനടിയിലെ പഞ്ചസാര കലക്കാന്‍" -കൂട്ടുകാരി പറഞ്ഞു.

"അല്ലെടി മണ്ടി..അത് സ്ട്രോയിട്ട് ചായ കുടിക്കാനാ.ചില പഞ്ചാരകുട്ടന്‍മാര്‍ അങ്ങനെയല്ലോ ചായ കുടിക്കണേ..!ഓരോരോ ശീലങ്ങളേ.."

പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ടകൊല ചിരിയായിരുന്നു.കണ്ണിചോരയില്ലാത്ത വര്‍ഗം.

"ഇപ്പോ..എന്നെ മനസ്സിലായോ ചേട്ടാ..?"
അവളുടെ ഒടുക്കത്തെ ചോദ്യം.ദുഷ്ട..പിശാച്..വൃത്തികെട്ടവള്‍..ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാ..

"ഇല്ലാ..എനിക്ക് ആളുമാറിയതാ.."
-ഞാന്‍ തടിതപ്പി.