Tuesday, February 26, 2013

വൃത്തിയാക്കല്‍






















ഴയ
കെമിസ്ട്രി പുസ്തകം,
പേജ് നമ്പര്‍ നൂറ്റിയേഴ്,
ആവര്‍ത്തന പട്ടികയോടൊട്ടി
മരവിച്ചു കിടപ്പുണ്ടായിരുന്നു
അവള്‍ തന്ന പ്രണയലേഖനം.

ചോക്കുപൊടി-
മേത്തു പറ്റിച്ചതെന്തിനാണെന്ന്
ചോദിച്ചിരുന്നതില്‍,
നീല വരയന്‍ ഷര്‍ട്ടെനിക്കിണങ്ങുന്നില്ലെ-
ന്നൊരു പരാതിയുമുണ്ടതില്‍.

കൊഞ്ചലുണ്ടതില്‍ - കവിതയുണ്ടതില്‍
പാതിരാകനവുകണ്ടൊരു പെണ്ണിന്റെ
ഹൃദയമുണ്ടതില്‍.

കണ്‍മഷിയെഴുതിയ
കണ്ണിന്റെ - കുറുമ്പിന്റെ
തിളക്കമുണ്ടോരോ വരിയിലും
അവസാന മഴയും
ഒരുമിച്ചലിയാനാശിച്ച
പ്രണയമുണ്ടോരോ വാക്കിലും

ഇന്ന്
പഴയ സാധനങ്ങളൊക്കെയും കത്തിച്ച്
സ്ഥലമുണ്ടാക്കുകയാണെന്റെ ഭാര്യ
പഴയ കെമിസ്ട്രി പുസ്തകം
കൈയില്‍ പിടിച്ചു ഞാന്‍
തീയില്‍ ചവിട്ടി നിന്നിട്ടും -
കാല്‍ പിന്‍വലിച്ചില്ല.



Saturday, February 2, 2013

റമ്പൂട്ടാന്‍

        നല്ല ഓര്‍മ്മയുണ്ട്.അവള്‍ ആദ്യമായി സമ്മാനിച്ചത് ഒരു സോപ്പായിരുന്നു-കുളിക്കുന്ന സോപ്പ്.സ്‌കൂള് വിട്ടു വരുന്ന വഴി,അവളുടെ വീട്ടിലേക്കുള്ള ആദ്യ തിരുവില്‍,കൂട്ടുകാരികള്‍ കാണാതെ അവളെനിക്കത് തന്നപ്പോള്‍ - ‘എന്റെ പ്രിയപ്പെട്ടവള്‍ എന്നെ പരിഹസിക്കുകയാണോ’-എന്ന് ഞാന്‍ വിചാരിച്ചു.സത്യത്തില്‍ അന്ന് ഞാന്‍ കുളിച്ചിരുന്നില്ല.അന്ന് മാത്രമാണോ -എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞുപോയത് തന്നെ.ഒരെഴുത്തുകാരന്‍,വിപ്ലവകാരി കുളിക്കില്ലെന്നും കുളിച്ചാല്‍ തന്നെ മുടി ചീകില്ലെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ സ്‌കൂളിലെ പ്രധാനിയായ ബുദ്ധിജീവിയായി ഞാന്‍ വിലസി.സുന്ദരിയായ ഇവള്‍ പിന്നെ എങ്ങനെ എന്നെ ഇഷ്ട്ടപ്പെട്ടു - അത് വല്ലാത്തൊരു സമസ്യയാണ് ഇന്നും.

ആ സോപ്പ് എന്നെ വല്ലാതെ അലട്ടി.അവള്‍ക്കത് ഒന്ന് പൊതിഞ്ഞെങ്കിലും തരാമായിരുന്നു.ഇതിപ്പോള്‍ ആരേലും കണ്ടു കാണുമോ.?ശകുന്തളയുടെ തോഴിമാരെപോലെ രണ്ട് അലവലാതി വണ്ടുകള്‍ എപ്പോഴും അവളുടെ കൂടെ തന്നെയുണ്ട്.ആരു കണ്ടില്ലെങ്കിലും അവറ്റകള്‍ കണ്ടിട്ടുണ്ടാകും - ഉറപ്പാണ്.സ്‌കൂളിലെ ബൂദ്ധിജീവി പട്ടം ചുമക്കുന്ന എന്നെ സ്വന്തം കാമുകി തന്നെ സോപ്പ് തന്ന് അപമാനിച്ച കഥ നാളെ സ്‌കൂളില്‍ പടര്‍ന്നാല്‍ - ഓര്‍ക്കാന്‍ കൂടി വയ്യ.പത്ത് ബി-യിലെ ദിനേശന് ഇപ്പോള്‍ കുളി കുറവാണ്.അവനെന്റെ താലം തട്ടിയെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.മനസ്സില്‍ അങ്ങനെ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി.

അടുത്ത ദിവസം.ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ശാരിക ടീച്ചര്‍ വന്നില്ല.അത്‌കൊണ്ട് ക്ലാസില്‍ ആകെ കോലാഹലം തന്നെ.ഞാന്‍ മാത്രം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുറത്ത് പ്രത്യേകിച്ച് എന്തേലും കാണാന്‍ ഉണ്ടായിട്ടല്ല.ബുദ്ധിജീവികള്‍ ‘ആള്‍കൂട്ടത്തില്‍ തനിയെ’ എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണല്ലോ.ആ സമയത്താണ് പുറകിലത്തെ ബെഞ്ചില്‍ നിന്ന് ഒരു കുറിമാനം എന്റെ അടുക്കലേക്ക് വന്നു ചേര്‍ന്നത്.ഞാനത് തുറന്നു വായിച്ചു.

“സോപ്പ് ഇഷ്ടപ്പെട്ടോ..?” –ആ ദുഷ്ടയുടെ സന്ദേശമാണ്.ഞാനത് ചുരുട്ടി താഴത്തേക്കിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരിക്കല്‍ തുടര്‍ന്നു.അല്ല പിന്നെ.എന്നോടാ കളി..ഹും..!

സ്വീകര്‍ത്താവിന്റെ പ്രതികരണം ലഭിക്കാഞ്ഞത് മൂലം അധികം വൈകാതെ തന്നെ അടുത്ത കുറിപ്പെത്തി.ഞാന്‍ താല്‍പര്യമില്ലെങ്കിലും തുറന്ന് വായിച്ചു.

“കഴിഞ്ഞാഴ്ച മൈസൂരിലുള്ള മാമന്‍ വന്നിരുന്നു.അപ്പോള്‍ എനിക്കു കൊണ്ട് തന്ന സോപ്പാണ്.ചന്ദനത്തിന്റെ മണമാണത്രേ.150 രൂപയാണതിന്.അത് നിനക്ക് തരാന്‍ തോന്നി.ഇഷ്ടപ്പെട്ടില്ലേ..?”

അയ്യോ..! ഈ പാവത്തിനെയാണോ ഞാന്‍ കുറച്ച് മുന്‍പ് ദുഷ്ട എന്ന് വിളിച്ചത്.അവള്‍ക്കു കിട്ടിയ ഒരു വലിയ സമ്മാനം എനിക്ക് തരാന്‍ തോന്നി.അല്ലാതെ വേറെയൊന്നും അവള്‍ വിചാരിച്ചിട്ട് കൂടിയുണ്ടാകില്ല.ഛെ..മോശമായി പോയി..വെറുതെ ഞാനോരോന്ന് വിചാരിച്ച് അവളെ തെറ്റിധരിക്കാന്‍ പാടില്ലായിരുന്നു.പരസ്പര വിശ്വാസമാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ ആണിക്കല്ലെന്ന് അന്നെനിക്കും മനസ്സിലായി.

വൈകുന്നേരം അവള്‍ വീട്ടിലേക്ക് പോകുന്നതും നോക്കിനിന്ന്,പെട്ടെന്നു തന്നെ ഞാന്‍ എന്റെ വീട്ടിലേക്കോടി.അന്നേ വരെ അഞ്ച് രൂപകൊടുത്താല്‍ കിട്ടുന്ന ചന്ദ്രികയായിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിലകൂടിയ സോപ്പ്.പാവപ്പെട്ടവന്റെ പിയേഴ്‌സായി ഞാന്‍ ചന്ദ്രികയെ കണ്ടു.പക്ഷെ രമണന്‍ ചന്ദ്രികയെ സ്‌നേഹിച്ചതു പോലെ എനിക്ക് കഴിയാത്തതുകൊണ്ട് കുളി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി എന്നു മാത്രം.എന്നാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു.അവള്‍ തന്ന ചന്ദനസോപ്പ് പെട്ടെന്ന് തീര്‍ക്കാന്‍ പറ്റില്ല.കാരണം അത് അമൂല്യമായ ഒരു പ്രണയോപഹാരമാകുന്നു എന്നത് തന്നെ.അത്‌കൊണ്ട് തന്നെ കുറേ നാള്‍ ഉപയോഗിച്ചേ പറ്റൂ.അല്ലെങ്കില്‍ കാമുകി-കാമുക മാനിഫസ്റ്റോ ലംഘിക്കലാകില്ലേ.പറഞ്ഞു വന്നത്-ആഴ്ചയില്‍ രണ്ട് വെട്ടമുള്ള കുളി ഒന്നിലേക്ക് ചുരുക്കേണ്ടി വരും.സോപ്പ് തീരരുതല്ലോ..!പക്ഷെ ഇന്നത്തെ ദിവസം ഞാന്‍ കുളിക്കാന്‍ തന്നെ തീരുമാനിച്ചാണ് വീട്ടില്‍ വന്നു കയറിയത്.
ഇന്നലെ ഉണ്ടായ ദേഷ്യത്തിന് സോപ്പ് എവിടെയോ വലിച്ചെറിഞ്ഞതാണ്.നൂറ്റമ്പത് രൂപയുടെ സ്വര്‍ണ്ണ കട്ട വീടുമൊത്തം തിരഞ്ഞു.കിട്ടിയില്ല.അത് എവിടെ പോകാനാണ്.കുളിക്കണമെന്ന് ഇതുപോലെ ആഗ്രഹിച്ച ഒരു ദിവസം മുന്‍പ് ഉണ്ടായിട്ടില്ല.അത്യാഗ്രഹം നന്നല്ല -എന്ന് നാലാം ക്ലാസില്‍ ജോസഫ് സാര്‍ പഠിപ്പിച്ചത് ഓര്‍ത്തു.പക്ഷെ സോപ്പ് മാത്രം കിട്ടിയില്ല..!

എന്റെ പ്രാണന്റെ പ്രാണനായ മൈസൂര്‍ ചന്ദന സോപ്പെ നീ എവിടെയാണ്..!

ഇവിടെ കഥയുടെ ആദ്യത്തെ ഫ്‌ളാഷ്ബാക്ക് അവസാനിക്കുന്നു.

വീണ്ടും ഒരു പ്രഭാതം.കഴിഞ്ഞ എട്ടു വര്‍ഷമായി അവളെനിക്ക് പലതരം സമ്മാനങ്ങള്‍ തന്നുകൊണ്ടിരുന്നു.പക്ഷെ ആദ്യത്തെ സമ്മാനം പോലെ എനിക്കേറെ പ്രിയം തോന്നിയത് പോയ വര്‍ഷം തമ്മില്‍ കണ്ടപ്പോള്‍ എനിക്ക് തന്ന ഒരപൂര്‍വ്വ സമ്മാനമായിരുന്നു.ഞങ്ങള്‍ക്കിടയിലെ പ്രണയം പാറപോലെ ഉറയ്ക്കുകയും അത് വീട്ടിലും നാട്ടിലുമൊക്ക അറിഞ്ഞ് ആകെ പുകിലാകുകയും ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു അത്.വിരളമായി മാത്രം,രഹസ്യമായി ഞങ്ങള്‍ കാണാറുണ്ടായിരുന്നു.അങ്ങനെയുള്ള ഒരു കണ്ടുമുട്ടലിലാണ് അവള്‍ എനിക്കത് സമ്മാനിച്ചത്.കുറേ നാളത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അങ്ങനെയൊരു കൃത്യം.
ഞാന്‍ അവള്‍ തന്ന പൊതി തുറന്നു.

“എന്തായിത്..?” - അതിലുള്ളതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.ഞാന്‍ അങ്ങനെയൊരു സാധനം ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.

“റമ്പൂട്ടാന്‍”-അവള്‍ മറുപടി തന്നു.

“ങേ..എന്തൂട്ട്..?” -എനിക്കപ്പോഴും അതെന്താണെന്ന് പിടിക്കിട്ടിയില്ല.പഴയതുപോലെ അവള്‍ വീണ്ടും കളിയാക്കാനുള്ള പുറപ്പാടിലാണോ..

“റമ്പൂട്ടാന്‍.എന്താ കേട്ടിട്ടില്ലേ..?”

“ഇല്ല.റിമ്പോച്ചെ എന്നു കേട്ടിട്ടുണ്ട്.”-എന്റെ നിഷ്‌കളങ്കമായ മറുപടി കേട്ടിട്ടാകണം,അവള്‍ ചിരിച്ചു.

“ഇതൊരു പഴമാണ്.കഴിച്ചു നോക്കിട്ട് പറ എങ്ങനെയുണ്ടെന്ന്.വീട്ടില്‍ ആദ്യമായി പിടിച്ചതാ.മാര്‍ക്കറ്റിലൊക്കെ ഇതിന് നല്ല വിലയാണ്..”

പണക്കാരിയായ കാമുകി പാമരനായ കാമുകന് വീണ്ടും വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നു.അതും ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു പഴവര്‍ഗം -റമ്പൂട്ടാന്‍.മലയാളി പഴമല്ലെന്ന് തോന്നുന്നു.


അവള്‍ പോകാന്‍ തിരക്കു കൂട്ടിയതുകൊണ്ട് റമ്പൂട്ടാന്‍ കഴിച്ചു നോക്കി എങ്ങനെയുണ്ടെന്ന് പറയാന്‍ കഴിഞ്ഞില്ല.ആ കൂടിച്ചേരല്‍ അങ്ങനെ അവസാനിച്ചു.അവള്‍ തന്ന പൊതിയുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങി.ജോലിക്കാര്യവുമായി അത്യാവശ്യം നല്ല തിരക്കിലായതുകൊണ്ട് പൊതി വീട്ടില്‍ വെച്ച് എനിക്ക് പെട്ടന്നിറങ്ങേണ്ടി വന്നു.തിരക്കൊഴിഞ്ഞ് സമാധാനമായി റമ്പൂട്ടാന്‍ ആസ്വദിക്കാം എന്ന് ഞാന്‍ കരുതി.

പക്ഷെ രാത്രി തിരിച്ചെത്തിയപ്പോള്‍ ഫ്‌ളാഷ്ബാക്ക്-വണ്‍ ആവര്‍ത്തിച്ചു.വെച്ച പൊതി കാണാനില്ല.എന്റെ ജീവിതത്തിലെ അമൂല്യമായ സമ്മാനങ്ങള്‍ മോഷ്ടിക്കുന്ന ആരോ ഒരാള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് എനിക്ക് ബോധ്യമായി.പക്ഷെ രഹസ്യമായി ചെറിയൊരു അന്വേഷണം നടത്തിയിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ആ കഥകള്‍ അങ്ങനെ വിചിത്രമായി അവസാനിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നലെ വീട്ടില്‍ വളരെ രസകരമായ ഒരു സംഭവമുണ്ടായി.എനിക്ക് മാത്രം അതത്ര രസിച്ചില്ല എന്ന് മാത്രം.അവളിപ്പോള്‍ ഞങ്ങളുടെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ളവളാണ്.അതായത് ഞങ്ങളുടെ കല്യാണം രജിസ്റ്ററായിട്ടു കുറച്ചു നാളുകളായി എന്ന്.അച്ഛന്‍,അമ്മ,അമ്മൂമ്മ,അനിയന്‍,ഞാന്‍ - എന്നിവര്‍ അടങ്ങുന്ന സദസ്സില്‍ അവളിന്നലെ ഒരു ചോദ്യമുന്നയിച്ചു.അതെനോടായിരുന്നു.

“അന്ന് തന്ന റമ്പൂട്ടാന്‍ അനിയനു കൊടുത്തായിരുന്നോ..?” -
അമ്മ ഇതുകേട്ട് എന്നെയൊന്ന് നോക്കി.

“ഉം..വല്ലാത്ത കയ്പ്പായിരുന്നു അതിന്..” - എന്റെ മറുപടി വന്നു.
എന്നാല്‍ ഞാന്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് തന്നെ - പത്രത്തിന് മുകളില്‍ നിന്നൊരു തല -

“പോടാ..അതിന് മധുരമല്ലാരുന്നോ..?” - അച്ഛനാണ്..!

അമ്മയും അമ്മൂമ്മയും അനിയനും അച്ഛന്റെ മറുപടിയും ചാണകത്തില്‍ ചവിട്ടിയ എന്റെ ഭാവവും കണ്ട് ചിരി തുടങ്ങി.ഈ വീട്ടില്‍ ഇങ്ങനെ ഒരു ചിരി ആദ്യമായിട്ടായിരുന്നു.പക്ഷെ അവള്‍ക്ക് മാത്രം സംഗതി എന്താണെന്ന് പിടിക്കിട്ടിയില്ല.

എനിക്ക് പക്ഷെ എല്ലാം തിരിഞ്ഞു.150 രൂപ വിലമതിക്കുന്ന മൈസൂര്‍ സോപ്പും കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന റമ്പൂട്ടാനും മോഷ്ടിച്ച കള്ളന്റെ തലയാണ് ആ പത്രത്തിന്‍ മുകളില്‍ പൊങ്ങിയത്.കള്ളന്‍ ചാരുകസേരയില്‍ കിടന്ന് ഒന്നു മറിയാത്തവനെ പോലെ -ദുഷ്ടന്‍.

റമ്പൂട്ടാന് മധുരമാണത്രേ..സോപ്പിന് നല്ല മണവും ഉണ്ടായിരുന്നിരിക്കണമല്ലോ അപ്പോള്‍.. !



Monday, March 12, 2012

അബ്ദു

'അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?' -

ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍ ഒരു വാനരപ്പട.കൂട്ടത്തില്‍ മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.


'ഉണ്ടാകുമല്ലോ..എന്താ..?'-


കുഞ്ഞിക്കോയ മുന്നില്‍ നില്ക്കുന്ന അടയ്ക്കാമണികളോട് പറഞ്ഞു.


'എന്താ വേണ്ടതെന്ന് വെച്ചാ പറയിന്‍..'-
അബ്ദുന്റെ ശബ്ദം അണികള്‍ക്കു നേരെ ഉയര്‍ന്നു.


'കല്ലുമുട്ടായി'
'തേന്‍മുട്ടായി'
'ലൗലോലിക്കാ വെള്ളം'
'കടല'
'കപ്പലണ്ടി മുട്ടായി'
'നെല്ലിക്കാ'
'പോപ്പിന്‍സ്'
-വാനരസംഘം കലിപിലാന്നങ്ങു തുടങ്ങി.


'അയ്യോ..കുഞ്ഞിക്കോയക്ക് വയസ്സായി മക്കളെ..ഓരോരുത്തരായി നിര്‍ത്തി നിര്‍ത്തി പറ'


സമാധാനത്തോടെ ലിസ്റ്റിലുള്ള സാധനങ്ങള്‍ കൈപറ്റി അബ്ദു അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി.


'കള്ള നോട്ടൊന്നും അല്ലല്ലോ..അല്ലേ..'-
കുഞ്ഞിക്കോയക്ക് സംശയം മാറിട്ടില്ല.


'വിശ്വാസമില്ലേല്‍ ഇതെല്ലാം തിരിച്ചെടുത്തോ..'-
കൂട്ടത്തിലൊരു വാനരന്‍ പറഞ്ഞു.അപ്പോഴേക്കും മറ്റൊരുത്തന്‍ തേന്‍ മുട്ടായുടെ കവറ് പൊട്ടിച്ച് തീറ്റി തുടങ്ങിയിരുന്നു.


'എല്ലാം കൂടി 120 രൂപാ..ഇതാ ബാക്കി പിടിച്ചോ..'
ബാക്കിയും വാങ്ങി സംഘാംഗങ്ങള്‍ ക്ലാസിലേക്ക് മടങ്ങി.




കപ്പലണ്ടി മുട്ടായിയുടെ പൊതിയുമായി അബ്ദു നേരെ പോയത് ഒന്നാം ക്ലാസിന് മുന്നിലേക്കാണ്.ഊഹം തെറ്റിയില്ല.കീര്‍ത്തന ക്ലാസില്‍ തന്നെയുണ്ടായിരുന്നു.
അബ്ദുനെ കണ്ടതും അവള്‍ വെളിയിലേക്ക് വന്നു.


'ഇന്നാ..'-
അബ്ദു മിട്ടായി പൊതി അവള്‍ക്കു നേരെ നീട്ടി.അതും വാങ്ങി ക്ലാസിന് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.
കീര്‍ത്തന ബെഞ്ചില്‍ വന്നിരുന്ന് കവറ് പൊട്ടിച്ച് മിട്ടായി തിന്നുന്നത് കണ്ടിട്ടേ അബ്ദു അവിടുന്ന് സ്ഥലം വിട്ടോളു.


ഉച്ച കഞ്ഞിക്ക് ബെല്ലടിച്ചപ്പോള്‍ സുമേഷേട്ടന്റെ ചായകടയില്‍ വാനരസംഘം ഹാജര്‍ വെച്ചു.


'എല്ലാവര്‍ക്കും പൊറോട്ടയും ചിക്കനും'-
അബ്ദു നേതാവിന്റെ ശബ്ദം തന്നെ.


പതിവില്ലാത്ത തലകളെ കണ്ട് സുമേഷേട്ടന്‍ ആദ്യം അമ്പരന്നു എങ്കിലും അബ്ദു കൈയിലെ നോട്ടുകള്‍ കാണിച്ചപ്പോള്‍ കൂളായി.
വയറു നിറയെ തട്ടി ഏമ്പക്കോം വിട്ട് പുറത്തിറങ്ങിയപ്പോള്‍ 150 റുപ്പിക പോയി.


സ്‌കൂളിലേക്ക് മടങ്ങിയപ്പോള്‍ മൈതാനത്ത് ഐസ്‌കാരന്‍ ജോസേട്ടന്‍.മുന്തിരി ഐസും പാലൈസും അങ്ങനെ ഒട്ടുമിക്ക ഇനങ്ങളും അവര്‍ പരീക്ഷിച്ചു.അവിടെ നിന്നവര്‍ക്കും വന്നവര്‍ക്കും മഹാമനസ്‌കനായ അബ്ദുന്റെ വക പാലൈസ്.
കീശയില്‍ നൂറു രൂപ വീണല്ലോ.ജോസേട്ടനും ഹാപ്പി.


സ്‌കൂള് വിട്ട് വീട്ടിലേക്ക് വരുന്ന വഴി കൂടെ കൂടിയവര്‍ക്കെല്ലാം മുട്ടായി വിതരണം നടത്തിയതോടെ അബ്ദു മൊതലാളി അബ്ദു പാപ്പരായി.അങ്ങനെ സംഘാംഗങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.തനിച്ചായ നേതാവ് അവസാനത്തെ തേന്‍ മുട്ടായിയും നുണഞ്ഞ് വീട്ടിലേക്ക് നടന്നു.


ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വീട്ടിനകത്തു നിന്ന് ഉമ്മയുടെ 'തൃശ്ശൂര്‍പൂരം ലൈവ്' കേട്ടു തുടങ്ങി.അബ്ദു ഉമ്മ കാണാതെ വീട്ടിനകത്തേക്ക് വലിയാന്‍ തുടങ്ങിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു.


സറണ്ടര്‍.അബ്ദു തലയും താഴ്ത്തി ഉമ്മയുടെ മുന്നില്‍ നിന്നു.


'ഇന്നലെ റസിയ വന്നപ്പോള്‍ നിനക്ക് അഞ്ഞൂറ് രൂപ തന്നാരുന്നോ..?അതെവിടെ..?' -
റസിയ അബ്ദുവിന്റെ ഉമ്മയുടെ നേരെ ഇളയ അനുജത്തിയാണ്.
അബ്ദു ഉമ്മയുടെ ചോദ്യത്തിന് മൂളുക മാത്രം ചെയ്തു.


'അത് എവിടെ എന്നാണ് ചോദിച്ചത്.പൈസാ കിട്ടിയിട്ട് നീ എന്തേ പറയാതിരുന്നത്..?'-


'ചെലവായിപ്പോയി'


'എന്റെ റബ്ബേ..അത്‌കൊണ്ടുപോയി തീര്‍ത്തോ.രാത്രി അരിപ്പൊടി വാങ്ങാന്‍ കാശിന് ഇനി എവിടെ പോകും'


'മോന്‍ മുട്ടായി വാങ്ങി തിന്നോ എന്നും പറഞ്ഞ് കുഞ്ഞുമ്മാ തന്നതാ.ഞാന്‍ മുട്ടായി വാങ്ങിച്ചു.കൂട്ടുകാര്‍ക്കും കൊടുത്തു'-
കലിതുള്ളി ഉമ്മ അകത്തേക്ക് വടിയെടുക്കാന്‍ പോയപ്പോഴേക്കും അബ്ദു ഓടി മതിലിന്റെ മുകളില്‍ കയറിയിരുന്നു.


'താഴെയിറങ്ങെടാ..ഇന്ന് നീ പട്ടിണി കിടക്കത്തതേ ഉള്ളൂ'-
വടിയും ഉമ്മയും ഒരു പോലെ വിറച്ചു.അബ്ദുന് മാത്രം ഒര് കൂസലും ഇല്ല.


'കുഞ്ഞുമ്മാ എന്നെ പറ്റിച്ചു.ആരും കാണാതെ കാശ് തന്നിട്ട് ഇപ്പോ ഉമ്മച്ചിയെ വിളിച്ച് പറഞ്ഞേക്കുന്നു.നാളെ ഞാന്‍ കുഞ്ഞുമ്മയെ കാണണുണ്ട്'


'എന്തിനാ..?'


'ഒര് ആയിരം രൂപാ ചോദിക്കണം'-
മതിലും ചാടി അബ്ദു പുറത്തേക്കോടി.


Sunday, January 22, 2012

വരദ


വരദയെന്നാണ് എന്റെ പേര്‍
പേരിലെ നേരെല്ലാം രാവില്‍ കളഞ്ഞവള്‍
പേരു കേള്‍ക്കുന്ന നേരത്ത് കല്ലെടുക്കുന്നു,ചിലര്‍
തെല്ലിട പിഴയ്ക്കാതെ എന്നെ എറിയുന്നു
'പാപിയാണിവള്‍ സ്ത്രീയെന്ന വാക്കിന്റെ
പുണ്യങ്ങളെല്ലാം തകര്‍ത്തടുക്കുന്നവള്‍
പിഴച്ച പെണ്ണിവള്‍,കാമരസത്തിന്റെ-
ചവറു വീപ്പയില്‍ ഇഴയുന്ന മാംസഭാഗം'

വരദയെന്നാണ് എന്റെ പേര്‍
അമ്പതു കാശിന് മേനി വില്‍ക്കുന്നവള്‍..

ചോണനുറുമ്പുകളോടി തിമിര്‍ക്കുന്ന തറയില്‍,തണുപ്പില്‍
കാമങ്ങളെറിയുന്ന മൃഗപ്പല്ലുകള്‍
മുഖംമൂടിയുരിയുന്ന മാന്യബിംബങ്ങള്‍
താണ്ഡവമാടുന്നു പകലകന്നീടുമ്പോള്‍
റാന്തല്‍ വെളിച്ചത്തില്‍ എന്റെ അസ്ഥികള്‍ മുറുകുമ്പോള്‍
കണ്ണീരുപോലും മുത്തി കുടിച്ചവര്‍
ആരും ചോദിച്ചില്ല എന്റെ കഥ -
തേവിടിശ്ശികിളി,നിനക്കെന്തു

കഥ..?
കഥയില്ലാത്തോളിവള്‍ കദനങ്ങളാല്‍
കാലങ്ങളെല്ലാം കഴിക്കുന്നവള്‍..

വരദയെന്നാണ് എന്റെ പേര്‍
ദുഖപുത്രി,നിശാസഞ്ചാരിണി

പഷ്ണി പെരുമ്പറ കൊട്ടിയകാലത്ത്
മുലത്തന്ന സ്ത്രീയെന്നെ വിറ്റകന്നു
തെരുവിന്റെ മകളിവള്‍,തെരുവായ തെരുവെല്ലാം
അലഞ്ഞും കരഞ്ഞും വളര്‍ന്നു വന്നു
ഏഴാം വയസ്സില്‍ പാഠങ്ങള്‍ ചൊല്ലാതെ
മൂടിയകൈകളില്‍ അലറി തളര്‍ന്നു ഞാന്‍
പകലുകള്‍ വാടി കരഞ്ഞുറങ്ങി -പിന്നെ
ചായങ്ങള്‍ തേച്ച് രാവുണര്‍ത്തി
അവരവിടെ ചൂതുവെച്ചു,കൂട്ടികൊടുത്തു
മുക്കോടി ദൈവങ്ങളേ,നിങ്ങള്‍ കണ്ണടച്ചു
ലഹരിയില്‍ കേളികള്‍ താളം മുറുക്കവെ
ഇരുളിന്റെ കോണില്‍ കണ്ണീരു തേടി ഞാന്‍..
ഓര്‍മകളേതുമില്ലാതെ ഞാന്‍
ഓര്‍ക്കുവാനൊന്നും ഇല്ലിവള്‍ക്ക്..

വരദയെന്നാണ് എന്റെ പേര്‍
ഇരുളില്‍ തളരും അനാഥ ജന്‍മം..

ഇന്നീ ദിവസം വെയിലാറുന്ന നേരത്ത്
അറിയുന്നു ഞാനെന്റെ ഉദരത്തിലൊരു കുഞ്ഞു ശബ്ദം
പാപവിത്തൊന്നു മുളപ്പൊട്ടി ചലിക്കാന്‍ തുടങ്ങുന്നു
കത്തിയമരുന്നു നെഞ്ചിന്‍ തുടിപ്പുകള്‍
നാളെയീ ജീവനും ചന്തയില്‍ വില്‍പ്പന വസ്തുവാകും
മാലിന്യദേഹികള്‍ കെട്ടിപുണര്‍ന്നിടും
എന്റെ പൈതലേ മാപ്പു നീ നല്‍കണം
ലോകത്തെ കാണാതെ നീ പോയിടേണം

വരദയെന്നാണ് എന്റെ പേര്‍
അരോ കൊടുത്തൊരു ഭാരം ചുമക്കുന്നവള്‍..

ഒരുത്തരം തേടി ഞാന്‍ നേരെ നടക്കവെ
ദൂരെ മുഴങ്ങുന്നു ദൂതന്റെ സൈറണ്‍
മരണത്തിനൊച്ചകള്‍ കാതില്‍ പതിക്കുന്നു
പാളത്തിലുരുമിയവനരികത്തടുക്കുന്നു
അപ്പോഴുമായിരം കണ്ണുകള്‍ ചുറ്റിനും
കല്ലെടുക്കുന്നു തുടരെ എറിയുന്നു.
രണ്ട് ജന്‍മങ്ങള്‍ ചിതറി തെറിക്കുമ്പോള്‍
പിന്നെയും പിന്നെയും എറിഞ്ഞു കൊണ്ടേയിരിക്കുന്നു
'പാപിയാണിവള്‍ സ്ത്രീയെന്ന വാക്കിന്റെ
പുണ്യങ്ങളെല്ലാം തകര്‍ത്തടുക്കുന്നവള്‍'

വരദയെന്നായിരുന്നു എന്റെ പേര്‍
പെണ്ണായി പിറന്നതില്‍ ദുഖിച്ചിടുന്നവള്‍ ..
29/03/2009
Revised - 22/01/2012



Friday, November 25, 2011

എവിടുന്നോ വന്നവള്‍ എങ്ങോട്ടോ പോയി..പക്ഷെ..

തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ പറയാന്‍ തുടങ്ങുന്നത് പ്രണയത്തെ കുറിച്ചാണ്.പക്ഷെ ഒര് പെണ്‍ക്കുട്ടിയോട് എനിക്കു തോന്നിയ തീവ്രമായ അനുരാഗത്തെ കുറിച്ചോ,അവള്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ എന്റെ പ്രണയത്തെ പിഴുതെറിഞ്ഞപ്പോള്‍ എന്നില്‍ രൂപമെടുത്ത മനോവിഷമ സാഗരത്തെ കുറിച്ചോ അല്ല.ഇവിടെ എന്റെ പ്രണയപാത്രം ഒര് പൂച്ചക്കുട്ടിയാണ്.'പൂച്ചക്കുഞ്ഞ്' എന്ന് വിളിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.ആ 'കുഞ്ഞ്' വിളിയില്‍ ഒരു ഓമനത്വമുണ്ട്.

കഴിഞ്ഞ ആഴ്ച അടുക്കള വാതില്‍ തുറന്ന് പുറത്തിറങ്ങിയ അമ്മയാണ് ആദ്യമായി അവളെ കാണുന്നത്.(അവള്‍ എന്ന് സംബോധന ചെയ്തിരിക്കുന്നത് പൂച്ചകുഞ്ഞിനെയാണ്).മൂലയില്‍ അടുക്കിവെച്ചിരുന്ന കലങ്ങള്‍ക്ക് അരികിലായി സുന്ദരമായ നിദ്രയിലാരുന്നു അവള്‍.പഞ്ഞിക്കെട്ടു പോലെ തൂവെള്ള നിറം.നീല കണ്ണുകള്‍.അരലിറ്ററിന്റെ സെവന്‍-അപ് കുപ്പിയോളം വലിപ്പം.അതോ,അതിനേക്കാള്‍ ചെറുതാണോ..?എന്തായാലും വലുതല്ല.

'അമ്പടി കേമീ,അരിവെക്കുന്ന കലത്തിനടുത്താണോ ശിങ്കാരിയുടെ കടപ്പ്..പോ അവിടുന്ന്'-അമ്മ ഒരാട്ടങ്ങ് വെച്ചു കൊടുത്തു.

പാവം പൂച്ച.അമ്മയുടെ ശബ്ദം കേട്ട് ആകെ പേടിച്ചുണ്ടാകണം.സുഖനിന്ദ്രയില്‍ നിന്ന് ഞെട്ടിയുണര്‍ന്നവള്‍ കിണറിന്റെ കരയിലേക്ക് അഭയം പ്രാപിച്ചു.അമ്മ കലവുമെടുത്ത് അകത്തേക്കും പോയി.

അടുത്ത ദിവസം അമ്മ കതകും തുറന്ന് പുറത്തിറങ്ങിയപ്പോള്‍ അവള്‍ അവിടെ തന്നയുണ്ട്.പഴയതു പോലെ തന്നെ.സുഖശയനം.ഇത് നല്ല കൂത്ത്.

'എടാ,ഒന്നിങ്ങോട്ട് വന്നേ.ഇതിനെ എങ്ങോട്ടേലും ഓടിച്ചു കളഞ്ഞേ..'
എന്നോടാണ് പറയുന്നത്.ഒര് അടയ്ക്കാമണി പൂച്ചയെ ഓടിക്കാന്‍ എന്നെയെ കിട്ടിയുള്ളൂ ഈ അമ്മയ്ക്ക്.ഞാന്‍ പോയത് തന്നെ.

അതെ.പോയത് തന്നെ.അമ്മയുടെ ഒച്ചയുടെ മൂര്‍ച്ച കൂടിയപ്പോള്‍ പോകേണ്ടി വന്നു.

എന്റെ ചിന്തകളെ ശല്യപ്പെടുത്തിയ ആ പണ്ടാരം പൂച്ചയെ ഞാനൊന്നു നോക്കി.അപ്പോള്‍ ആ ജന്തു എന്നേ നോക്കി ഒരു വൃത്തിക്കെട്ട ശബ്ദമുണ്ടാക്കി.എനിക്ക് അമ്മയോടുള്ള ദേഷ്യം മുഴുവന്‍ ആ പൂച്ചയോടായി.

'നീ എന്നെ സ്വസ്ഥമായി ചിന്തിക്കാന്‍ സമ്മദിക്കൂല്ല അല്ലേ..എന്റെ ചിന്തകളെ ഡിസ്റ്റര്‍ബ് ചെയ്ത നീ എന്റെ പറമ്പില്‍ നില്‍ക്കാന്‍ യോഗ്യയല്ല..കടന്നു പോ അലവലാതി ഇവിടുന്ന്..'
ഞാന്‍ അണ്ടാവു കീറി അലറി.പാവം പൂച്ച.അവള്‍ പേടിച്ച് കരഞ്ഞ് എന്റെ കാലിനടുത്ത് വന്ന് ഒരുമി കടന്നു.

ഞാന്‍ പാവമല്ലേ.ആ തലോടലില്‍ അലിഞ്ഞു പോയി.അതിനേം പൊക്കി,ക്ഷമിക്കണം പൂച്ചക്കുഞ്ഞിനേം എടുത്ത് ഞാന്‍ അടുക്കള വാതിലില്‍ വന്നിരുന്നു.

'ആ..പശ്ട്ടായിട്ടുണ്ട്.നിന്റെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോള്‍ ഇതിനെ പിടിച്ചു തിന്നുമെന്ന് കരുതി.ഇനി അതിനെ ഇണക്കാനൊന്നും നിക്കണ്ട.പിന്നെ ഇവിടുത്തെ അന്തേവാസിയായി കൂടും..നാശം'

'ഇതൊരു പാവം പൂച്ചക്കുഞ്ഞല്ലേ അമ്മേ.ഈ അണ്ഡകടാഹത്തിനുമേല്‍ നമ്മളെപോലെ തന്നെ അവകാശമുള്ള ഒരു സാധു ജീവി.അതിവിടെ കഴിഞ്ഞാല്‍ എന്താ..'

'എങ്കില്‍ മനുഷ്യസ്‌നേഹി നാളെ മുതല്‍ പട്ടിണി കിടന്നോ.നിനക്കുള്ള പാലും മീനും ഇതിനു കൊടുത്തേക്കാം,എന്താ..'

'അതിന്റെ ഒരു പങ്ക് ഞാന്‍ ഇതിന് കൊടുത്തോളാം.'




'എന്റേം..'
എവിടുന്നോ ഒര് മാലാഖയെ പോലെ ചാടിവീണ എന്റെ അനുജത്തി എന്നെ പിന്‍താങ്ങി.

'എങ്കില്‍ രണ്ടാളും കൂടി ഇതിനെ കൊണ്ടുപോയി മെത്തയില്‍ കിടത്തിക്കോ.എന്നിട്ട് ആ കമ്പ്യുട്ടര്‍ കുത്താന്‍ ഇതിനെ കൂടി പഠിപ്പിക്ക്.നാളെ മുതല്‍ നിനക്ക് മുടി കെട്ടി തരാനും..'
അമ്മ കലിതുള്ളി അകത്തേക്ക് കയറി പോയി.

'നമുക്കിതിനൊരു പേരിടണ്ടേ..'
പേരിടാന്‍ എന്റെ അനുജത്തി മിടുക്കിയാണ്.ഈയുള്ളവനു തന്നെ ആയിരം പേരിട്ടിരിക്കുന്ന ചരിത്രമുണ്ടവള്‍ക്ക്.

'കിങ്ങിണി'
അവളുടെ നാവില്‍ നിന്നുടന്‍ വീണു,മഞ്ചാടികുരുപോലത്തെ ഒരു പേര്.

നാട്ടിലുള്ള എല്ലാ പൂച്ചകുഞ്ഞുങ്ങളുടേം സാമാന്യ നാമത്തിലൊന്നായ പേര്.അമ്മു,ചക്കി,മാളു,കുക്കു,പോന്നു,മിന്നു,..(അല്ലാ..ആണ്‍ പൂച്ചകളെ ഒന്നും ആര്‍ക്കും വേണ്ടേ..)അങ്ങനെ നീളുന്നു ആ നിര.

അതില്‍ ഒന്നു തന്നെ അവള്‍ സെലക്ട് ചെയ്തു.ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.കിങ്ങിണി എങ്കില്‍ കിങ്ങിണി.കിങ്ങിണി പൂച്ച..

എവിടുന്നോ വഴി തെറ്റി വന്നതാരിക്കും.അമ്മതൊട്ടിലാണെന്ന് കരുതി ഇതിന്റെ മനസ്സാക്ഷിയില്ലാത്ത അമ്മ പൂച്ച ഉപേക്ഷിച്ചു പോയതാരിക്കുമോ.അതോ വീട്ടില്‍ പിണങ്ങി ഇറങ്ങിപ്പോയതാരിക്കുമോ.നമ്മുടെ ഭാഷയാരുന്നേല്‍ ചോദിച്ചു മനസ്സിലാക്കാരുന്നു.അതിന്റെ 'മ്യാവു'-ല്‍ നിന്ന് എനിക്കൊന്നും പിടിക്കിട്ടണതുമില്ല.എന്തായാലും മിണ്ടാപ്പൂച്ചയല്ലേ..കലത്തിന്റെ അരികില്‍ കൂടിക്കോട്ടെ എന്ന് കരുതി.

ആള് മിടുക്കിയാണ്.രണ്ട് ദിവസംകൊണ്ട് ഇവള്‍ എല്ലാരേം കൈയിലെടുത്തു.കൊല്ലും,വെട്ടും എന്നൊക്കെ പറഞ്ഞ് പാകിസ്ഥാന്‍ കളിച്ചിരുന്ന അമ്മയുടെ പൊന്നാമനയായി അവള്‍.അതായത് എനിക്ക് ദിനവും കിട്ടിക്കൊണ്ടിരുന്ന പാലിന്റേം പഴത്തിന്റേം അളവില്‍ ഗണ്യമായ കുറവുണ്ടാകാന്‍ തുടങ്ങി.

അച്ഛന്‍ ഇന്നലെ അവളുടെ കുറേ ഫോട്ടോസ് എടുത്തു.അപ്പോള്‍ പെണ്ണിന്റെ ഒര് പോസിങ് കാണണമായിരുന്നു.എന്താ ഗമ.അവളെ എടുത്തോണ്ടു നടന്ന് ഫോട്ടോ എടുക്കാന്‍ അനിയത്തിക്കാരുന്നു കൂടുതല്‍ തിടുക്കം.അവര്‍ നല്ല കൂട്ടായി കഴിഞ്ഞിരുന്നു.

അതൊക്കെ കൊണ്ടാരിക്കാം ഇന്ന് എല്ലാര്‍ക്കും ഇത്രയും വിഷമം വന്നത്.രാവിലെ മുതല്‍ കിങ്ങിണിയെ കാണാനില്ല.അച്ഛന്‍ പറമ്പു മുഴുവന്‍ തിരക്കി.ഞാനും നോക്കി.അനിയത്തിക്ക് ഇപ്പോഴുള്ളതിനേക്കാള്‍ അഞ്ച് വയസ്സ് കുറവായിരുന്നെങ്ങില്‍ അവള്‍ കരഞ്ഞ് പനിപിടിച്ച് കിടപ്പാകുമായിരുന്നു.ഇത്രേം വളര്‍ന്നിട്ടും അവള്‍ കരയാതിരിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

എന്നാലും അവള്‍ എവിടെ പോയി..?

'എവിടുന്നോ വന്നതല്ലേ..എങ്ങോട്ടേലും പോകട്ടെ..'-അമ്മ പറഞ്ഞു.

'നാളെയിങ്ങു എത്തുമെന്ന്',അച്ഛന്‍.തിരിച്ചു വന്നാല്‍ നല്ല അടി കൊടുക്കുമെന്നും ഇറക്കിവിടുമെന്നും പറഞ്ഞ് അനിയത്തി വീണ്ടും ചെറിയ കുട്ടിയായി.

എനിക്ക് കുലുക്കമൊന്നും ഉണ്ടായില്ല.
ഞാന്‍ കുറച്ചു മുന്‍പ് കണ്ടതാണല്ലോ,അതിന്റെ രോമവും ശരീരാവശിഷ്ടങ്ങളും പറമ്പിന്റെ മൂലയില്‍ കിടക്കുന്നത്.വീട്ടില്‍ ഇടയ്ക്കിടെ വരാറുള്ള മരപ്പട്ടിയുടെ ഒര് നേരത്തെ ഭക്ഷണമായി അവള്‍ മാറിയെന്ന് ഞാനറിഞ്ഞു.

മനസ്സിലെവിടെയൊ ഒരു വിങ്ങല്‍.ഹൃദയത്തിന്റെ അറകളിലെവിടെയോ അവളോടുണ്ടായിരുന്ന പ്രണയത്തിന്റെ കളങ്കമില്ലാത്ത മറഞ്ഞുപോകാത്ത ഒര് വിങ്ങല്‍ ..


Saturday, November 19, 2011

3G


മൂന്ന് വര്‍ഷം പഠിപ്പിച്ച ടീച്ചറാണ് അടുത്തിരിക്കുന്നത്.12 വര്‍ഷം മുമ്പ് അഞ്ചാം ക്ലാസ് മുതല്‍ എഴാം ക്ലാസ് വരെ.ടീച്ചര്‍ മുന്നിലേക്ക് നടന്നു വന്ന് എന്റെ അടുത്ത കസേരയില്‍ ഇരുന്നപ്പോള്‍ തന്നെ എനിക്ക് ടീച്ചറെ മനസ്സിലായിരുന്നു.പക്ഷെ ടീച്ചറിന്റെ പേരോര്‍ത്തെടുക്കാന്‍ 5 മിനിട്ടെടുത്തു.സുമ ടീച്ചര്‍.കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്.മുടിയൊക്കെ നരവീണ് മധ്യവയസ്‌കയുടെ കുപ്പായമണിഞ്ഞ ടീച്ചര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലാകാനിടയില്ല.ആശുപത്രിയുടെ കാത്തിരിപ്പ് കസേരകള്‍ക്ക് മുന്നില്‍ ചിലച്ചുകൊണ്ടിരുന്ന ടി വിയിലേക്ക് ടീച്ചര്‍ നോക്കിയിരുന്നു.

എന്നെ 3 വര്‍ഷം കൂട്ടാനും കുറക്കാനും പഠിപ്പിച്ച ടീച്ചറാണ്.വെള്ളിയാഴ്ചകളില്‍ മാത്രം വരാറുള്ള സോഷ്യല്‍ പീരിഡില്‍ എന്നെ കൊണ്ട് പാട്ടു പാടിപ്പിച്ച ടീച്ചറാണ്.ഓണ പരീക്ഷക്ക് അഞ്ച് ബി-ല്‍ കണക്കിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയപ്പോള്‍ പേന സമ്മാനമായി നല്‍കിയ ടിച്ചറാണ്.

ആ ടീച്ചറിനെ,ഇപ്പോള്‍ ഞാന്‍ നോക്കിയതേയില്ല.ടീച്ചര്‍ക്ക് ഞാന്‍ മുഖം കൊടുക്കാതെയിരുന്നു,എന്റെ പേരു പറഞ്ഞാല്‍ ടീച്ചര്‍ക്കെന്നെ അറിയുമായിരുന്നെങ്കിലും.'ടീച്ചര്‍ സുഖമാണോ..ഇപ്പോള്‍ എവിടെയാണ്..?'എന്നു ചോദിക്കാന്‍ എന്റെ നാവ് പൊങ്ങിയില്ല.'ഇവിടെ ആശുപത്രിയില്‍..?എന്താ പറ്റിയത്..അസുഖമെന്തേലും..?'എന്നു പോലും ചോദിച്ചില്ല ഞാന്‍.

എനിക്കെന്താണ് പറ്റിയത്..?ഞാന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ..

എന്റെ ടോക്കണ്‍ വിളിച്ചു.ഡോക്ടറെ കണ്ടു.തിരിച്ചിറങ്ങുമ്പോള്‍ ടീച്ചര്‍ എന്നെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ നോക്കി.കാത്തിരിപ്പിന്റെ വിരസതയില്‍ ടീച്ചര്‍ ഉറങ്ങുന്നുണ്ടായിരിക്കും.

ആരെയും നോക്കാതെ,ഒന്നുമറിയാതെ ഞാന്‍ പുറത്തിറങ്ങി.എന്റെ അഴുക്കു പിടിച്ച മനസ്സിനെ പേറി നടക്കുന്ന ശരീരത്തെ ചെരിപ്പില്‍ കയറ്റി നടന്നു തുടങ്ങി.ഈ ചെരിപ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ അഴുക്ക് വ്രണം പിടിച്ച കാലിലൂടെ ഒലിച്ചിറങ്ങി ഭൂമിക്കുമേല്‍ പടര്‍ന്ന് പകരുമായിരുന്നു.ഭൂമിയെ മലീമസമാക്കാതിരിക്കാനാണ് എന്റെ ചെരിപ്പുകള്‍ എന്നെനിക്ക് തോന്നി.

എന്തുകൊണ്ടാണ് ഞാന്‍ ടീച്ചറിനോട് മിണ്ടാതിരുന്നത്.എനിക്കറിയാം ആ ചോദ്യത്തിന്റെ ഉത്തരം.നന്നായി അറിയാം.ആള്‍ക്കാരോടിടപെടാന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ എന്നെ സമ്മതിക്കുന്നില്ല.എന്നെ പിന്‍വലിക്കുന്നത് എന്റെ മാറിയ മനസ്സാണ്.എന്റെ മനസ്സിന്റെ ശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ രോഗങ്ങള്‍ കൂടാരം പണിയും.40 വയസ്സിനു മുകളില്‍ ഞാന്‍ ജീവിച്ചിരിക്കുകയില്ല.ജീവിച്ചിരുന്നാല്‍ തന്നെയും തുടര്‍ന്നുള്ള നാളുകള്‍ മരണത്തിനു വേണ്ടിയുള്ള മരവിച്ച കാത്തിരിപ്പായിരിക്കും.

എവിടെയാണ് എനിക്ക് വഴി തെറ്റിയത്.എന്റെ ലോകം മുറിക്കുള്ളിലെ നാല്് ചുവരുകള്‍ക്കിടയിലേക്ക് ചുരുങ്ങിയപ്പോള്‍-അന്നു മുതല്‍.അന്നു മുതല്‍ എന്നിലെ ഞാന്‍ മരിക്കാന്‍ തുടങ്ങിയിരുന്നു.

അതെ പറഞ്ഞെത്തി നില്‍ക്കുന്നത്് ഇന്റര്‍നെറ്റിനെ കുറിച്ചാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളെ കുറിച്ചാണ്.ഫേസ്ബുക്കിനെ കുറിച്ചാണ്.അതൊക്കെയാണ് ലോകം എന്നു കരുതിയ ഞാന്‍ എന്ന വിഡ്ഢിയെ കുറിച്ചാണ്..

ലഹരിയായിരുന്നു.ഒരിക്കലറിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും അറിയണമെന്ന് തോന്നി പോയ ഭ്രാന്തമായ ലഹരി.അത് നുണഞ്ഞ് നുണഞ്ഞ് ഞാനും മനുഷ്യനല്ലാതായിക്കൊണ്ടിരുന്നു..3rd Generation വിപ്ലവത്തെ പ്രതിനിധീകരിക്കുന്ന ലക്ഷകണക്കിന് ഭ്രാന്തമാരില്‍ ഒരുവനായി ഞാനും..

കിളിമൊഴികള്‍.കൊഞ്ചലുകള്‍.ഒരു വരി മണ്ടന്‍ കവിതയ്ക്ക് കിട്ടുന്ന ലൈക്ക്‌സും കമന്റ്‌സും.കൂട്ടുകാര്‍ 'ഷെയര്‍' ചെയ്യാന്‍ ആരംഭിച്ചതോടെ മൊബൈല്‍ ക്യാമറയില്‍ തുരുതുരാ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അങ്ങനെ..അങ്ങനെ..അങ്ങനെ..സ്വതന്ത്രനായി..എന്റെ മാത്രം ലോകത്തില്‍,ഒരു പട്ടം കണക്കേ ഞാന്‍ അലഞ്ഞു.

വഴിയാത്രകളില്‍,ബസ്സില്‍,ക്ലാസ് റൂമിലെ വിരസതയില്‍ മൊബൈല്‍ ഫോണ്‍ സൈബര്‍ ലോകത്തേക്കുള്ള എന്റെ വഴിവിളക്കായി..





'എന്ത് നേടി'?
നഷ്ടങ്ങളല്ലേ ഉള്ളൂ..

'പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വതയുണ്ടോ നിനക്ക്..?'
'നാലുപേര്‍ കൂടുന്നിടത്തു നിന്ന് നീ എവിടേക്കാണ് ഒളിക്കുന്നത്?'
'എന്താണ് നിനക്കിത്ര ദേഷ്യം?'
'രാത്രിയില്‍ 2 മണി വരെ എന്ത് ചെയ്യുകയാണ് നീ?'
'ഒറ്റയ്ക്ക് പോയി ഗ്യാസ് ബുക്ക് ചെയ്യാന്‍ നിനക്കാകുമോ?'
'നീ റേഷന്‍ കടയില്‍ ക്യൂ നിന്നിട്ടുണ്ടോ?'
'നാളെ നീ എങ്ങനെ ജീവിക്കും?'

എനിക്ക് നേരെയുള്ള ചോദ്യങ്ങള്‍.പഴയ തലമുറയുടെ ഒരായിരം ചോദ്യങ്ങള്‍.ഒന്നിനും ഉത്തരമില്ലാതായിരിക്കുന്നു എനിക്ക്.
ചോദ്യങ്ങള്‍ ആദ്യമൊന്നും കാര്യമാക്കിയില്ല.വിലക്കെടുത്തില്ല.പുച്ഛിച്ചു.നാക്കു പുറത്തേക്കിട്ടിരിക്കുന്ന സ്‌മൈലി,അവനേയും കൂട്ടുപിടിച്ചു.

'ജോലിയൊന്നും വേണ്ടേ?'-ഉത്തരവാദിത്തപെട്ടവരുടെ ചോദ്യം.
ബഗളൂരുവിലോ ചെന്നൈയ്ിലോ ഏതേലുമൊരു ഐടി കമ്പനിയില്‍ കയറി കൂടണം.അങ്ങനെയൊക്കെയാരുന്നു കുറച്ചു നാള്‍ മുമ്പ് വരെ മനസ്സില്‍.അവിടെയും കമ്പ്യൂട്ടറിനെ കൈ വിടാന്‍ തയ്യാറല്ലായിരുന്നു.

'അപ്പോള്‍ നിന്റെ കല്യാണം?'-അമ്മ വകയാണ് ഇത്തരം ചോദ്യങ്ങള്‍ പതിവ്.
കൂടെകിടക്കുന്ന പെണ്ണിന്റെ സുഖത്തേക്കാള്‍ ബെസ്റ്റ് Porn site-ല്‍ തിളച്ചു മറിയുന്ന രതിയുടെ പുതിയ രുചികളല്ലേ-അങ്ങനെയും ചിന്തിച്ചു ഞാന്‍ ഉള്‍പ്പെടുന്ന മൂന്നാം തലമുറ.കല്യാണം വെറും ശരീര കൈമാറലാണെന്നു കരുതുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒാടിമറയുകയുമായിരുന്നു ഞങ്ങള്‍.

ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നു.
എല്ലാം മനസ്സിലാകുന്നു.

കുറച്ചു നാള്‍ എല്ലാത്തിനും നിയന്ത്രണം വെച്ചു.ആ സമയത്ത് കുറേ പുസ്തകള്‍ വായിച്ചു.സഫലമീ യാത്ര,രണ്ടാമൂഴം,മയ്യഴിപുഴയുടെ തീരങ്ങളില്‍ വീണ്ടും വായിച്ചു.മനസ്സില്‍ ഒരു വസന്തകാലം തിരിച്ചു വരുന്നതുപോലെ..
വീട്ടില്‍ സന്തോഷം.ഇതായിരുന്നു നീ..

ഇനി എനിക്ക് ടീച്ചറെ കാണുമ്പോള്‍ ധൈര്യമായി ക്ഷമ ചോദിക്കാം.

 




Friday, May 27, 2011

ശുഭയാത്ര


അന്ന് ഞാന്‍ പാലക്കാട്ടേക്കുള്ള ഒര് യാത്രയിലായിരുന്നു.ആവേശത്തിലായിരുന്നു എന്റെ മനസ്സ്.യുവകേരളം മാസിക നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞാനെഴുതിയ ചെറുകഥയായിരുന്നു.അവാര്‍ഡ് ദാനം പാലക്കാട് ഠൗണ്‍ഹാളില്‍ വെച്ചാണ്.ജീവിതത്തില്‍ ആദ്യമായി എന്റെ രചനയ്ക്ക് കിട്ടുന്ന അംഗീകാരം,അതെനിക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.

കൊല്ലത്തുനിന്ന് ട്രെയിനില്‍ എറണാകുളം എത്തി,ഇപ്പോള്‍ അവിടുന്ന് ബസ്സില്‍ പാലക്കാട്ടേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.പാലക്കാടിന്റെ ഭംഗി എന്നെ വിസ്മയിപ്പിക്കുകയായിരുന്നു.പുഴചാലുകളും പുല്‍ക്കൂട്ടങ്ങളും വഴിയില്‍ കണ്ണിനു വിരുന്നൊരുക്കി നിന്നു.വീശുന്ന കാറ്റില്‍ പോലും ഗ്രാമത്തിന്റെ സൗന്ദര്യം ആവാഹിച്ചിരുന്നു.പാലക്കാടന്‍ ഗ്രാമം സുന്ദരിയായ യുവതിയായി ഞാന്‍ പോകുന്ന വഴിയില്ലെല്ലാം കൂടെ വന്നു.






ഒരു നിമിഷം,ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു.കൊല്ലം,നഗരത്തിന്റെ അഹങ്കാരമാണ് ആ നാടിന്.അധികാരവും ഭരണവും സെക്രട്ടേറിയേറ്റും അടുത്തുകിടപ്പുണ്ടല്ലോ.ക്ഷയിച്ചു നിലം പരിശായ തറവാട്ടിലെ ചോരതുപ്പി ചാകാറായ കാര്‍ന്നോരുടെ തലക്കനം ഞാന്‍ ഉള്‍പ്പെടുന്ന തെക്കന്‍ വര്‍ഗത്തിനുണ്ട്.ചുമ്മാതല്ല ചിലര്‍ പറയുന്നത്,മൂര്‍ഖനേയും തെക്കനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ കൊല്ലുമെന്ന്.തല്ലികൊല്ലേണ്ടുന്ന കൈയിലിരിപ്പു തന്നെയാണ് ചിലപ്പോള് ..ഈ എനിക്കും.

വഴിയില്‍ കണ്ട ഒരു കാഴ്ച മനസ്സിനെ ആകര്‍ഷിച്ചു.പ്രൈവറ്റ് ബസ്സില്‍ കയറാന്‍ സ്‌കുള്‍ കുട്ടികള്‍ അച്ചടക്കത്തോടെ വരിവരിയായി നില്‍ക്കുന്നു.കൊല്ലത്ത് ആകെ ഇങ്ങനെയൊരു വരി കാണാന്‍ പറ്റുന്നത് ബീവറേജസിനു മുന്നില്‍ മാത്രമാണ്.മറ്റൊന്നു കൂടി ശ്രദ്ധിച്ചു.പിന്‍വശത്ത് കൂടി മാത്രമാണ് യാത്രക്കാര്‍ കയറുന്നത്.ബസ്സില്‍ നിന്ന്് ആള്‍ക്കാര്‍ ഇറങ്ങുന്നത് പിന്‍ വശത്തെ ഡോറില്‍ കൂടിയും.ഇവിടെയാണെങ്കില്‍ വിരുതന്‍മാര്‍ പറ്റിയാല്‍ ജനാലവഴിവരെ അകത്തുകയറും.മറ്റു ചിലരാണെങ്കില്‍ മുന്‍ വശത്തെ വാതിലില്‍ കൂടിയെ കയറൂ.സ്ത്രീ തിരക്കുണ്ടെങ്കില്‍ ഓസിന് ഒരു സ്പര്‍ശനവും ആകാമല്ലോ.കിളികളും കണ്ടക്ടര്‍മാരും സ്പര്‍ശനകാര്യത്തില്‍ തീരെ മോശക്കാരല്ല.

ഞാന്‍ ആലോചനകള്‍ക്കു വിലങ്ങിട്ടുകൊണ്ട് എന്റെ ജോലിയിലേക്ക് കടന്നു.എന്തിനും സാക്ഷിയാകാന്‍ മാര്‍ട്ടിന്‍ കൂപ്പര്‍ ഒര് കിന്ത്രാണ്ടം കണ്ടുപിടിച്ചിരുന്നല്ലോ,മൊബൈല്‍ ഫോണ്‍.മൊബൈലില്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങള്‍ 3 ജി സാങ്കേതിക വിദ്യയുടെ മേലാപ്പോടെ സുകെര്‍ബര്‍ഗ് ആവിഷ്‌കരിച്ച സൗഹൃദവലയായ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്യുക എന്ന കലാപരിപാടിയിലേക്ക് ഞാന്‍ കടന്നു. ഇത് ഈ അടുത്ത കാലത്ത് തുടങ്ങിയ ശീലമാണ്,ഫോട്ടോ പകര്‍ത്തലും അപലാഡലും.

ഗ്രാമമായിരിന്നിട്ടും നെറ്റ് പൊളപ്പന്‍ സ്പീഡിലായിരുന്നു.മൊബൈലെടുത്ത് കുത്തികൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന അമ്മാവന്‍ എന്നെ ഒന്നു നോക്കി.'പച്ചപരിഷ്‌കാരി' എന്നമ്മാവന്‍ മനസ്സില്‍ പറഞ്ഞുകാണും എന്ന് ഊഹിച്ചു.ആ..പോട്ടെ..ഫെയ്‌സ്ബുക്ക് തറവാട് തുറന്നപ്പോള്‍ കുറെയണ്ണം ചാടിപ്പിടച്ചെത്തി.ഇവറ്റകള്‍ക്കൊന്നും പല്ലുതേപ്പും കുളീം ഒന്നുമില്ലെ.കാലത്തെ മുതല്‍ ഇതിന്റെ മുന്നിലാണല്ലോ..നോട്ടിഫിക്കേഷന്‍സ് കുറെയുണ്ട്.പതിവില്ലാതെ ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന് കൂട്ടുകാരന്‍ ഒര് ഫോട്ടോ ടാഗ് ചെയ്‌തേക്കുന്നു.അതെന്താ..സംഗതി എന്താണെന്ന് അറിയണമല്ലോ.ഞാന്‍ ഫോട്ടോ ഓപ്പണ്‍ ചെയ്തു.

അതൊരു സ്ത്രീയുടെ ഫോട്ടൊയായിരുന്നു.ഒറ്റനോട്ടത്തില്‍ എനിക്കത് ആരാണെന്ന് മനസ്സിലായില്ല.അവന് ഫോട്ടൊയ്ക്ക് നല്‍കിയ അടിക്കുറിപ്പ് ഞാന്‍ നോക്കി.'ഡിയര്‍ അഞ്ജു മിസ്,വി മിസ് യു'-അത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയിലേക്ക് ആ മുഖത്തിന്റെ ഉടമ കടന്നു വന്നു.അഞ്ജു മിസ്,ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജിലെ ലക്ചററായിരുന്നു.എന്നെ പഠിപ്പിച്ചിട്ടില്ല.പക്ഷെ എനിക്ക് മിസിനെ നന്നായി അറിയാം.അന്നു പഠിച്ച എല്ലാ കൂട്ടുകാരുടെയും ഓര്‍മയില്‍ അഞ്ജുമിസുണ്ടാകും.മറ്റൊന്നുമല്ല.മിസ്സിന്റെ ശരീര പ്രകൃതം.നല്ല കനമാണ്.വലിയ ശരീരം.എന്നും രാവിലെ ഒരു മാരുതിയാലാണ് വരുന്നത്.കാറില്‍ നിന്ന് ഇറങ്ങുന്നതും കോറിഡോറിലുടെ നടന്നുപോകുന്നതും,അതൊക്കെകണ്ട് ദൂരെ നില്‍ക്കുന്ന ഞങ്ങള്‍ ചില്ലറ കമന്റ് ഒക്കെ ഇറക്കിയിരുന്നു.

കോളേജില്‍ സമരം വന്ന ഒരു ദിവസം.എന്തോ പീക്കിരി പ്രശ്‌നമാണ്.ഒര് കാര്യവുമില്ലാത്ത ഒരു സമരം വിളി.കുട്ടിനേതാക്കളെല്ലാം മുന്‍പന്തിയിലുണ്ട്.ക്ലാസ് നടക്കാതിരിക്കാന്‍ പാര്‍ട്ടി ഭേതമില്ലാതെ ഞങ്ങളും കുടി സമരം വിളിക്കാന്‍.ഞങ്ങള്‍ക്കിടയിലേക്ക് മിസ് പെട്ടെന്ന് കടന്നു വന്നു.എന്തായാലും ക്ലാസ് നടക്കുമെന്നും അവശ്യമില്ലാതെ സമരം വിളിക്കേണ്ടുന്ന കാര്യമില്ലെന്നും എല്ലാവരും ക്ലാസില്‍ പോകാനും പറഞ്ഞു.അപ്പോള്‍ തന്നെ മിസ് പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാം ക്ലാസില്‍ കയറി.കോളേജിലെ വേറെ ആരു വന്നു പറഞ്ഞാലും സമരക്കൂട്ടം പിരിഞ്ഞുപോകില്ലായിരുന്നു.ആ നിമിഷം എനിക്ക് മിസിനോട് ബഹുമാനം തോന്നി.അവരെല്ലാം അഞ്ജുമിസിനെ അനുസരിക്കണമെങ്കില്‍ മിസ് അവരെ അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ടായിരിക്കും..

മിസ്സിന് എന്താണ് പറ്റിയത്.ഫോട്ടോയ്ക്ക് കൂട്ടുക്കാരൊക്കെ ഇടുന്ന കമന്റുകള്‍ കണ്ട് എന്തോ പന്തികേട് തോന്നി.മിസിന് ഒന്നും പറ്റിക്കാണരുതെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.ഫെസ്ബുക്കില്‍ പെട്ടെന്നിറങ്ങി.

ഫോണില്‍ കീര്‍ത്തനയുടെ ഒരു മെസേജ് കിടക്കുന്നു.'ടാ നമ്മുടെ അഞ്ജു മിസ് മരിച്ചു'-കേള്‍ക്കാന്‍ ഒരിക്കലും ഇടവരുത്തരുതേ എന്നാഗ്രഹിച്ച വാര്‍ത്ത.ഞാന്‍ പുറത്തേക്ക് നോക്കി.മരങ്ങള്‍ക്കും പുഴയ്ക്കും കാറ്റിനും ചലനമറ്റതായി എനിക്കു തോന്നി.പതുക്കെ പതുക്കെ കാഴ്ച മങ്ങി തുടങ്ങി ..കണ്ണ് നിറയുന്നുണ്ടായിരുന്നു..

ഞാന്‍ കീര്‍ത്തനയെ വിളിച്ചു.അവളെ മിസ് പഠിപ്പിച്ചുട്ടുണ്ട്.വാക്കുകള്‍ കണ്ടെത്തിയാണ് അവളെല്ലാം പറഞ്ഞു നിര്‍ത്തിയത്.എനിക്കറിയാം അവര്‍ക്കെല്ലാം മിസ്,അമ്മയുടെ വലിപ്പമായിരുന്നു.

അഞ്ജുമിസ് കുറേ നാളായി ചെന്നൈയില്‍ ഒരാശുപത്രിയില്‍ ചികിത്സയിലായിരുന്നു.അര്‍ബുദം ഒരറ്റത്തുനിന്ന് കാര്‍ന്ന് തിന്നുമ്പോഴും മിസ് കുട്ടികളെ ചേര്‍ത്തു പിടിച്ചു.അവരോട് വര്‍ത്തമാനം പറഞ്ഞു.വിശേഷങ്ങള്‍ പങ്കുവെച്ചു.ചിരിച്ചു.ഇപ്പോഴും എവിടെയോ അവര്‍ക്കു വേണ്ടി കലഹിച്ചുകൊണ്ടിരിക്കുന്നു..

അവാര്‍ഡിന്റെ ആവേശത്തിലായിരുന്ന മനസ്സ് സങ്കടങ്ങള്‍ നിറഞ്ഞ ഒരു കടലായി എത്ര പെട്ടെന്നാണ് മാറിയത്.എല്ലാ യാത്രകളും അങ്ങനെ തന്നെയല്ലേ.കാറും കോളും നിറഞ്ഞിരിക്കും.അവസാനം ഒരു മഴ വരും.ചിലപ്പോള്‍ ആ മഴ സന്തോഷത്തിന്റെ കൂട്ടുകാരിയായിരിക്കും.മറ്റ് ചിലപ്പോള്‍ അത് കണ്ണുന്നീരിന്റെ സഹയാത്രികനായിരിക്കും ..

ശുഭയാത്ര നേരുന്നു ..

സമര്‍പ്പണം - ഞങ്ങളുടെ മഞ്ജു മിസിന് ..